കോപ്പാ അമേരിക്കയിലെ മൂന്നാം സ്ഥാനക്കാരനായുള്ള പോരാട്ടത്തില്‍ കാനഡയെ തോല്‍പ്പിച്ച് ഉറുഗ്വേ. പെനല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീണ്ട പോരാട്ടത്തിനൊടുവിലാണ് ഉറുഗ്വേയുടെ ജയം.നിശ്ചിത സമയത്ത് ഇരു ടീമും രണ്ട് ഗോള്‍വീതം നേടിയപ്പോള്‍ ഷൂട്ടൗട്ടിലേക്ക് മത്സരമെത്തുകയായിരുന്നു. കാനഡ ഉറുഗ്വേയെ അട്ടിമറിക്കുമെന്ന് കരുതിയ മത്സരത്തില്‍ ലൂയിസ് സുവാരസിന്റെ ഗോളാണ് കരുത്തായത്. ശക്തമായ പോരാട്ടം കാഴ്ചവെച്ചാണ് കാനഡ കീഴടങ്ങിയത്.
4-4-2 ഫോര്‍മേഷനിലിറങ്ങിയ കാനഡയെ 4-3-3 ഫോര്‍മേഷനിലാണ് ഉറുഗ്വേ നേരിട്ടത്. വമ്പന്മാരായ ഉറുഗ്വേക്കെതിരേ തുടക്കം മുതല്‍ മികച്ച പോരാട്ടമാണ് കാനഡ കാഴ്ചവെച്ചത്. എന്നാല്‍ ആദ്യം വലകുലുക്കിയത് കാനഡയാണ്. എട്ടാം മിനുട്ടില്‍ റോഡ്രിഗോ ബെന്റാക്യൂറിന്റെ ഗോളില്‍ ഉറുഗ്വേയാണ് ആദ്യം മുന്നിലെത്തിയത്. റീബൗണ്ട് പന്തില്‍ നിന്നാണ് താരത്തിന്റെ ഗോള്‍. പിന്നിലായതോടെ കാനഡ താരങ്ങള്‍ ഉണര്‍ന്ന് കളിച്ചു. 15ാം മുനുട്ടില്‍ കാനഡയുടെ മാത്തിയു ചൊയിനീറെ ബോക്‌സിലേക്ക് ക്രോസ് നല്‍കിയെങ്കിലും ഉറുഗ്വേയുടെ പ്രതിരോധം ഗോള്‍ശ്രമം തടുത്തു.
18ാം മിനുട്ടില്‍ ഉറുഗ്വേയുടെ മാക്‌സിമില്ലിനായോ അറൗജോക്ക് പെനല്‍റ്റി ഏരിയയിലേക്ക് പാസ് ലഭിച്ചു. എന്നാല്‍ പോസ്റ്റിന്റെ മധ്യഭാഗത്തേക്കുള്ള ഷോട്ട് തടുക്കപ്പെട്ടു. 19ാം മിനുട്ടില്‍ കാനഡയുടെ റിച്ചി ലാറിയ ലോങ് ഷോട്ടിന് ശ്രമിച്ചു. എന്നാല്‍ ലക്ഷ്യബോധമില്ലാതെ ഷോട്ട് കടന്ന് പോയി. ഒടുവില്‍ 22ാം മിനുട്ടില്‍ കാനഡയുടെ മുന്നേറ്റം ലക്ഷ്യത്തിലേക്കെത്തി. ബോക്‌സിനുള്ളിലേക്ക് ലഭിച്ച പന്തിനെ കൃത്യമായി നിയന്ത്രിച്ച് ഇസ്മയില്‍ കോനി തൊടുത്ത ഷോട്ട് ഉറുഗ്വേ ഗോളിയേയും മറികടന്ന് പോസ്റ്റില്‍.
റഫറി വാര്‍ പരിശോധന നടത്തി ഓഫ് സൈഡ് പരിശോധിച്ചെങ്കിലും കാനഡക്ക് അനുകൂലമായി ഗോള്‍ അനുവദിച്ചു. സമനിലയിലേക്കെത്തിയതോടെ മത്സരം ആവേശകരമായി. ആദ്യ പകുതിയില്‍ ലീഡുയര്‍ത്താന്‍ ഇരു ടീമും ശ്രമിച്ചെങ്കിലും 1-1 സമനിലയോടെയാണ് പിരിഞ്ഞത്. രണ്ടാം പകുതിയിലും ആക്രമണ ഫുട്‌ബോളാണ് ഇരു ടീമും കാഴ്ചവെച്ചത്. 61ാം മിനുട്ടില്‍ കാനഡയുടെ മികച്ച മുന്നേറ്റം. ടനിറ്റോലോവ ഒലുവാസി പ്രതിരോധത്തെ വെട്ടിയൊഴിഞ്ഞ് തൊടുത്ത ഷോട്ട് പോസ്റ്റിന്റെ ഇടത് വശത്തേക്ക് പോയെങ്കിലും ഗോളിയെ മറികടക്കാനായില്ല.
69ാം മിനുട്ടില്‍ ഉറുഗ്വേയുടെ ജിയോര്‍ജിന ആരാസ്‌ക്യൂട്ട ഗോളിനായി ശ്രമിച്ചെങ്കിലും കാനഡ പ്രതിരോധം ശ്രമം തടുത്തു. തൊട്ടടുത്ത മിനുട്ടില്‍ ഉറുഗ്വേയുടെ ബ്രിയാന്‍ റോഡ്രിഗസ് ബോക്‌സിലേക്ക് ഓടിക്കയറി ക്രോസ് നല്‍കിയെങ്കിലും കാനഡ പ്രതിരോധം തടുത്തു. 80ാം മിനുട്ടില്‍ ഉറുഗ്വേയെ ഞെട്ടിച്ച് കാനഡ വലകുലുക്കി. ജൊനാഥന്‍ ഡേവിഡാണ് ലക്ഷ്യം കണ്ടത്. ഇതോടെ കാനഡ ജയമുറപ്പിച്ച് മുന്നോട്ട് പോയെങ്കിലും 92ാം മിനുട്ടില്‍ ലൂയിസ് സുവാരസിലൂടെ ഉറുഗ്വേ സമനില പിടിച്ചു.
ഇതോടെ മത്സരം ഷൂട്ടൗട്ടിലേക്ക് നീങ്ങി. കാനഡക്കായി മൂന്നാം കിക്കെടുത്ത ഇസ്മയില്‍ കോനിയും അഞ്ചാം കിക്കെടുത്ത അല്‍ഫോന്‍സോ ഡേവിസും പെനല്‍റ്റി പാഴാക്കിയപ്പോള്‍ ഉറുഗ്വേക്കായി കിക്കെടുത്ത അഞ്ച് പേരും ലക്ഷ്യം കണ്ടു. ഇതോടെ കാനഡയെ പൊരുതി തോല്‍പ്പിച്ച് ഉറുഗ്വേ മൂന്നാം സ്ഥാനം സ്വന്തമാക്കി.