ഫ്ലോറിഡ; തുടർച്ചയായ നാലാംജയം തേടി ട്വന്റി20 ക്രിക്കറ്റ് ലോകകപ്പിൽ ഇന്ത്യ ഇന്ന് ക്യാനഡയെ നേരിടും. സൂപ്പർ എട്ടിൽ സ്ഥാനമുറപ്പിച്ച രോഹിത് ശർമയും സംഘവും ഗ്രൂപ്പിൽ മുഴുവൻ കളിയും ജയിച്ച് കുതിക്കാമെന്നുള്ള മോഹത്തിലാണ്. ഫ്ലോറിഡയിലെ ലോഡെർഹില്ലിൽ രാത്രി എട്ടിനാണ് മത്സരം. രണ്ട് ദിവസമായി കനത്ത മഴയാണ് ലോഡെർഹില്ലിൽ. മഴ വില്ലനാകുമെന്നാണ് കാലാവസ്ഥാ പ്രവചനം. എ ഗ്രൂപ്പിൽ മൂന്ന് കളിയിൽ ആറ് പോയിന്റുമായി ഒന്നാമതാണ് ഇന്ത്യ.
ന്യൂയോർക്കിലെ വിവാദ സ്‌റ്റേഡിയമായ നസാവു കൗണ്ടിയിലായിരുന്നു ഇന്ത്യയുടെ കഴിഞ്ഞ കളികൾ. ബാറ്റർമാർക്ക് ഒരു ആനുകൂല്യവും ലഭിക്കാത്ത പിച്ചിൽ മറ്റു ടീമുകളെപ്പോലെ ഇന്ത്യയും തളർന്നു. പക്ഷേ, ബൗളർമാരുടെ മിടുക്കിൽ ജയം പിടിച്ചു. സൂപ്പർ എട്ട് മത്സരങ്ങൾക്കുമുമ്പ് പുതിയ പിച്ചിൽ ബാറ്റർമാർക്ക് മികവ് വീണ്ടെടുക്കാനുള്ള അവസരമായാണ് ക്യാനഡയ്‌ക്കെതിരായ കളിയെ ഇന്ത്യ കാണുന്നത്. ടീമിൽ മാറ്റങ്ങളുണ്ടായേക്കില്ല.
ആദ്യ ലോകകപ്പിനിറങ്ങിയ ക്യാനഡയാകട്ടെ അയർലൻഡിനെതിരെ മാത്രമാണ് ജയിച്ചത്. മൂന്ന് കളിയിൽ രണ്ട് പോയിന്റുമായി നാലാംസ്ഥാനത്താണ്.
ഇന്ന് ലോകകപ്പിൽ നാല് മത്സരമാണ്. ദക്ഷിണാഫ്രിക്ക നേപ്പാളിനെ നേരിടും. ന്യൂസിലൻഡും ഉഗാണ്ടയും തമ്മിലാണ് മറ്റൊരു പോരാട്ടം. സൂപ്പർ എട്ട് തേടി നിലവിലെ ചാമ്പ്യൻമാരായ ഇംഗ്ലണ്ട് നമീബിയയുമായി ഏറ്റുമുട്ടും. രാത്രി പത്തരയ്–ക്കാണ് ഈ നിർണായക മത്സരം.