Sunday, November 24, 2024
Homeസ്പെഷ്യൽപള്ളിക്കൂടം കഥകൾ: (ഭാഗം - 19) ' ഊര് കാഴ്ചകൾ.' ✍ സജി ടി....

പള്ളിക്കൂടം കഥകൾ: (ഭാഗം – 19) ‘ ഊര് കാഴ്ചകൾ.’ ✍ സജി ടി. പാലക്കാട്

സജി ടി. പാലക്കാട്

ഊര് കാഴ്ചകൾ.

ഊണ് കഴിഞ്ഞ് കോർട്ടേഴ്സിന്റെ വരാന്തയിൽ നിന്നും സദാനന്ദൻ മാഷ് മറ്റത്തേക്ക് ഇറങ്ങി.
സൂര്യൻ നിറം മങ്ങി മേഘങ്ങൾക്കിടയിൽ ഒളിച്ചു, പക്ഷേ ചൂടിന് ഒരു ശമനവുമില്ല.
വരണ്ട കാറ്റ് പൊടി പറത്തി വീശുന്നുണ്ട്.

‘നമുക്ക് ഊര് കാണാൻ പോകണ്ടെ…?’

സോമൻ മാഷ് ചോദിച്ചു.

‘ഇത്ര നേരത്തെ പോകണോ?

‘മാഷേ, ലത താമസിക്കുന്ന ഊരിലേക്കു മാത്രമല്ല നമ്മൾ പോകുന്നത്. രണ്ടുമൂന്ന് ഊരുകൾ നമ്മൾ ഇന്ന് സന്ദർശിക്കും . ഓരോ ഊരിലും കാഴ്ചകൾ വ്യത്യസ്തമാണ്. ലത താമസിക്കുന്ന ഊര് കഴിഞ്ഞ് വീണ്ടും മുകളിലോട്ടു പോകുമ്പോഴാണ് ശരിക്കുള്ള കാഴ്ചകൾ…!

ജോസ് മാഷ് പറഞ്ഞു.

‘ഓ…എങ്കിൽ ഇപ്പോൾത്തന്നെ പോയേക്കാം.., ഞാൻ റെഡി .’

സദാനന്ദൻ മാഷ് അകത്തുകയറി ഒരു തോൾ സഞ്ചിയുമായി വന്നു.

‘തോൾ സഞ്ചിക്ക് നല്ല കനം ഉണ്ടല്ലോ… എന്താണ് ഇതിനുള്ളിൽ..? ‘

സഞ്ചിയിൽ തൊട്ടു നോക്കിക്കൊണ്ട് സോമൻ മാഷ് ചോദിച്ചു.

‘ഒരു കുപ്പി വെള്ളവും പിന്നെ എൻ്റെ ഫേവറേറ്റ് ആയ യാഷിക ക്യാമറയും..’

‘ഓഹോ …ക്യാമറയൊക്കെ കയ്യിലുണ്ടോ ..?

‘അത് എൻ്റെ വീക്ക്നെസ്സ് ആണ് മാഷേ. നല്ല കാഴ്ചകൾ ക്യാമറയിൽ ഒപ്പിയെടുക്കും. ഭാവിയിൽ ഓർമ്മിക്കാൻ ഇതൊക്കെത്തന്നെയല്ലേ ഉള്ളൂ..
ചുമ്മാ ഒരു രസം …! ‘

മൂന്ന് പേരും സ്കൂൾ മുറ്റത്തുകൂടി നടന്ന് മണ്ണ് റോഡിലേക്കിറങ്ങി.
സ്കൂളിൽ നിന്നും ഏതാണ്ട് നൂറ് മീറ്റർ അകലെ വലതുവശത്തായി ഒരു റേഷൻ കട.
അതിനോട് ചേർന്ന് ഓല മേഞ്ഞ ഒരു ചായക്കട. അവിടെയുള്ള ബെഞ്ചിലിരുന്ന് രണ്ട് പേർ ചായ കുടിക്കുന്നുണ്ട്. ചായക്കടയോട് ചേർന്ന് ഒരു ചെറിയ പലചരക്ക് കടയും ഉണ്ട്. പലചരക്ക് കട എന്ന് പറയാൻ പറ്റുമോ എന്നറിയില്ല അരി, പയർ, പരിപ്പ്, മുട്ട, കിഴങ്ങ് പഞ്ചസാര, സോപ്പ് ചായപ്പൊടി തുടങ്ങി കുറച്ച് അവശ്യ സാധനങ്ങൾ മാത്രം ഉള്ള ഒരു കട.

‘ജോസ് മാഷേ, ഇതാരാണ് പുതിയ ഒരാൾ..?

തടിച്ച് ഉയരം കുറഞ്ഞ കുടവയർ ചാടിയ ഒരു മനുഷ്യൻ ചോദിച്ചു .

‘ കൊച്ചേട്ടനെ കണ്ടിട്ട് കുറേ ആയല്ലോ?
ഇവിടെ ഇല്ലായിരുന്നോ? ‘

സോമൻ മാഷ് ചോദിച്ചു.

‘ഞാൻ നാട്ടിൽ വരെ പോയിരുന്നു..
മോളുടെ സ്കൂളിൽ പി .ടി .എ. മീറ്റിംഗ്…..’

‘ഓഹോ…അതു ശരി…ആ പിന്നേ.. ഇതാണ് പുതിയ മാഷ്.

‘സദാനന്ദൻ മാഷേ ഇതാണ് റേഷൻ കട നടത്തുന്ന കൊച്ചേട്ടൻ. കാഞ്ഞിരപ്പുഴയാണ് വീട്. ‘

‘ഓ..ഇപ്പോൾ നിങ്ങൾ എവിടെ പോകുന്നു…?
ചിരിച്ചു കൊണ്ട് കൊച്ചേട്ടൻ ചോദിച്ചു.

‘പുതിയ മാഷിന് ലതയുടെ ഊര് കാണണം. പിന്നെ സ്ഥലങ്ങളൊക്കെക്കെ ഒന്ന് ചുറ്റിക്കറങ്ങി കാണണം…’

‘അട്ടപ്പാടിയിൽ ആദ്യമായിരിക്കും അല്ലേ..?’

കൊച്ചേട്ടൻ ചോദിച്ചു.

‘ഉം….’

‘അപ്പോൾ ശരി, ഞങ്ങൾ നടക്കട്ടെ.’

‘ഓക്കെ, പോയിട്ട് വരൂ….
ങാ…പിന്നേ… ജോസ് മാഷേ, ഒന്ന് നിന്നേ… ഒരു കാര്യം പറയുവാൻ ഉണ്ട്.’

കൊച്ചേട്ടൻ ജോസ് മാഷുടെ അടുത്ത് വന്ന് ചെവിയിൽ എന്തോ മന്ത്രിച്ചു..

‘ഓക്കെ കൊച്ചേട്ടാ , ആ കാര്യം ഞാൻ ഏറ്റു.’

ചിരിച്ചുകൊണ്ട് ജോസ് മാഷ് പറഞ്ഞു.

അവർ കടയുടെ മുന്നിലൂടെ അൽപ ദൂരം നടന്നു.

‘എന്താ ജോസ് മാഷേ, കൊച്ചേട്ടൻ പറഞ്ഞത്..?

സദാനന്ദൻ മാഷിന് ആകാംക്ഷ യായി.

അത് ഒരു സ്വകാര്യം…..’

‘ഓ.. ഞങ്ങൾ അറിയാൻ പാടില്ലാത്ത എന്ത് കാര്യം..?

‘മാഷ് പുതിയ ആളായത് കൊണ്ടാ……
സോമൻ മാഷിന് എല്ലാം അറിയാം.’

‘ഓ ,അപ്പോൾ ഞാൻ ഒറ്റയ്ക്കായി അല്ലേ…?

‘ഏയ്, അങ്ങനെ ഒന്നുമില്ല. അതൊക്കെ വഴിയെ പറയാമെടോ..
അതാ ആ കാണുന്ന ഓടിട്ട കെട്ടിടങ്ങൾ ഇല്ലേ, അതാണ് പുലിയന്നൂര്..’

ജോസ് മാഷ് പറഞ്ഞു.

അപ്പോഴാണ് സദാനന്ദൻ മാഷ് അത് ശ്രദ്ധിച്ചത്. ചെറിയ ചെറിയ ഓടിട്ട വീടുകൾ ഒന്നിനോടൊന്ന് ചേർന്ന് നിൽക്കുന്നു. മുള കൊണ്ടുള്ള ചുമർ കാണാൻ എന്തൊരു ഭംഗി!

അവർ നടന്ന് നടന്ന് ഊരിലെ വീടുകളുടെ മുന്നിൽ എത്തി. വീടുകളോട് ചേർന്ന് ആട്ടിൻകൂടുകൾ ഉണ്ട്. അധ്യാപകരെ കണ്ടതും കുട്ടികൾ ഓടി ഒളിച്ചു. കൂട്ടത്തിൽ ചില സ്ത്രീകളും അകത്തു കയറി.
സ്ത്രീകൾ സാരിയാണ് ഉടുത്തിരുന്നത് പക്ഷേ, കഴുത്തിന് താഴെ ചുറ്റി ഒരു പ്രത്യേക രീതിയിലാണ് അവർ സാരി ഉടുത്തിരുന്നത്. ബ്ളൗസിന്റെ ആവശ്യം ഇല്ല. അതുപോലെയാണ് സാരി വരിഞ്ഞു ഉടുത്തിരിക്കുന്നത്.

സദാനന്ദൻ മാഷ് സഞ്ചിയിൽ നിന്ന് ക്യാമറ എടുത്ത് ആ ഊരിന്റെ ചിത്രം പകർത്തി.

അവിടെ നിന്നും റോഡിലേക്ക് ഇറങ്ങിയപ്പോൾ ആടുകൾ കൂട്ടത്തോടെ വരുന്നു, പിന്നിലായി ഒരു സ്ത്രീയും . അവർ മൂന്നുപേരും റോഡിന് ഓരം ചേർന്ന് ആടുകൾ പോകുന്നതും നോക്കി നിന്നു. ആടുകളുടെ പ്രത്യേക രീതിയിലുള്ള കരച്ചിൽ കേൾക്കാൻ തന്നെ നല്ല രസം. ആടുകൾ മുഴുവൻ പോയിക്കഴിഞ്ഞപ്പോൾ മൂന്നു പേരും മെല്ലെ നടന്നു. കുറച്ചു ദൂരം നടന്നു കഴിഞ്ഞ് ഒരു ഇടവഴി തിരിഞ്ഞു. പിന്നെയും തിരിഞ്ഞു. പിന്നെ ഒരു ചെറിയ ഇറക്കം ഇറങ്ങി. വീണ്ടും കയറ്റം കയറാൻ തുടങ്ങി . ഉരുളൻ കല്ലുകൾ നിറഞ്ഞ ചെമ്മണ്ണ് റോഡ്.
കുറച്ച് കയറ്റം കയറിയപ്പോൾ സദാനന്ദൻ മാഷ് കിതയ്ക്കാൻ തുടങ്ങി. അല്പനേരം അവിടെനിന്നു .

ദൂരെ മലകളുടെ നീലിച്ച നിഴലുകൾ നീണ്ടു കിടക്കുന്നു. മാനത്ത് കടും നീല നിറമുള്ള കുറെ മേഘങ്ങൾ തത്തികളിച്ചു കൊണ്ടേയിരുന്നു.

വിയർപ്പ് കൊണ്ട് കാലിലെ ലൂണാർ ചെരുപ്പ് നനഞ്ഞു. സദാനന്ദൻ മാഷ് തെന്നി വീഴാൻ തുടങ്ങി .

‘ഈ ലൂണാർ ഒന്നും ഇവിടെ പറ്റില്ല മാഷേ ..’

‘ഇതാ ഇതു പോലെയുള്ള ചെരിപ്പാണ് ഇവിടെ പറ്റൂ. ‘

കാലിലെ ബാറ്റ സാൻഡക് ചെരിപ്പ് ചൂണ്ടി ജോസ് മാഷ് പറഞ്ഞു.

‘ദാ ആ കാണുന്നതാണ് ലത താമസിക്കുന്ന ഊര്…’

ദൂരെ കൈ ചൂണ്ടി സോമൻ മാഷ് പറഞ്ഞു ..

സദാനന്ദൻ മാഷ് ആ ഭാഗത്തേക്ക് നോക്കി.
പുല്ലുകൊണ്ട് മേഞ്ഞ കുറെ കുടിലുകൾ അങ്ങ് ദൂരെ മലമുകളിൽ കൂണ് പോലെ ….
ഹായ്..എത്ര മനോഹരമായ കാഴ്ച..!
സദാനന്ദൻ മാഷിന്റെ ക്യാമറയുടെ ഫ്ലാഷകൾ തുരുതുരെ മിന്നി…

അറിയാതെ നടത്തത്തിന് വേഗത കൂടി…
ഊരിനോട് അടുക്കുംതോറും വീടുകൾക്ക് ഭംഗി കൂടിയപോലെ…

‘മാഷേ, അവിടെ നില്ക്കു. ഊരിന്റെ പശ്ചാത്തലത്തിൽ ഒരു ഫോട്ടോ എടുക്കാം……’

സദാനന്ദൻ മാഷ് സോമൻ മാഷിനോട് പറഞ്ഞു .

‘ക്യാമറയിൽ ഫിലിം ഒക്കെ ഉണ്ടല്ലോ അല്ലേ..?

ജോസ് മാഷ് ചിരിച്ചുകൊണ്ട് ചോദിച്ചു.

‘ഉണ്ടല്ലോ..
കൂടാതെ അഡീഷണൽ ഫിലിം സഞ്ചിയിലും ഉണ്ട്….’

ഫോട്ടോ എടുത്തതിനുശേഷം റോഡിൽ നിന്നും ഊരിൻ്റെ മുറ്റത്തേക്ക് കയറിക്കൊണ്ട് സദാനന്ദൻ മാഷ് പറഞ്ഞു.

പുലിയന്നൂരി നേക്കാൾ ഭംഗിയുള്ള വീടുകൾ. ചുമര് മണ്ണ് കൊണ്ട് തേച്ച് കണ്ണാടി പോലെ മിനുസപ്പെടുത്തിയ മനോഹരമായ വീട് ..!
മുറ്റം ചാണകം മെഴുകി വൃത്തിയാക്കിയിരിക്കുന്നു.. വരാന്തയും മണ്ണുകൊണ്ട് തേച്ച് മിനുസപ്പെടുത്തിയിരിക്കുന്നു.
നല്ല തിളക്കം..!.
വീടിന്റെ ജനലുകളും വാതിലുകളും മുള കൊണ്ട് ഉണ്ടാക്കിയതാണ്.

അവിടെയെങ്ങും ആരെയും കാണാത്തത് സദാനന്ദൻ മാഷിനെ അത്ഭുതപ്പെടുത്തി . അപ്പോഴാണ് സ്കൂളിലെ രണ്ടു കുട്ടികൾ കുറച്ചു മാറി കളിക്കുന്നത് കണ്ടത്.

‘എടാ മാരി ..നമ്മ ലത ടീച്ചർ ഏങ്കെ ?

മുറി തമിഴിൽ ജോസ് മാഷ് ചോദിച്ചു .
കുട്ടികൾ ചിരിച്ചുകൊണ്ട് ഒരു വീടിനുള്ളിലേക്ക് ഓടിപ്പോയി. ഉടൻതന്നെ തിരിച്ചും ഇറങ്ങിയോടി.

പെട്ടെന്ന് ഒരു വീട്ടിനുള്ളിൽ നിന്നും ലത ഇറങ്ങിവന്നു.
പാവാടയും ഇറക്കമുള്ള ബ്ലൗസും ആയിരുന്നു വേഷം. കണ്ണെഴുതി പൊട്ട് തൊട്ടിട്ടുണ്ട് . ചുരുണ്ട മുടി രണ്ടായി പിന്നി ഇട്ടിരിക്കുന്നു. തലയിൽ ഒരു റോസാ പൂവും ചൂടിയിട്ടുണ്ട്.

‘സാർ, എന്താ പറയാതെ വന്നത് ? കയറി ഇരിക്കൂ സാർ…’

വെപ്രാളത്തോടെ ലത പറഞ്ഞു.

‘അപ്പോൾ ഇതാണ് ലതയുടെ കൊട്ടാരം അല്ലേ..

സദാനന്ദൻ മാഷ് ചോദിച്ചു.

‘കളിയാക്കല്ലേ സാർ…:

‘ഏയ് കളിയാക്കിയതൊന്നുമല്ല..
തമാശയ്ക്ക് ചോദിച്ചതാണ്…..,’

‘ഞാൻ വിചാരിച്ചു സാർ എന്നെ കളിയാക്കിയതാണെന്ന് …’
ഞാൻ കളിയാക്കുമോ?
ഞാൻ ആരെയും കളിയാക്കില്ല , പ്രത്യേകിച്ച് ലതയെ..’

‘സാറന്മാർ ആദ്യമായിട്ടല്ലേ ഇവിടെ വരുന്നത് ?
നേരത്തെ പറഞ്ഞിരുന്നെങ്കിൽ ഒരു ചാവലിനെ വാങ്ങി കറി വെച്ചേനെ…..

‘ചാവലോ…?
അതെന്താ..?
സദാനന്ദൻ മാഷ് ചോദിച്ചു.’

‘അതോ, പൂവൻകോഴി ‘

ചിരിച്ചുകൊണ്ട് ലത പറഞ്ഞു.

‘അതൊന്നും സാരമില്ല, ഞങ്ങൾ ഊണൊക്കെ കഴിച്ചിട്ടാണ് വന്നത്.. ഇനി നിർബന്ധമാണെങ്കിൽ തിങ്കളാഴ്ച വരുമ്പോൾ ഒരു ചാവലിനെ ഫ്രൈ ആക്കി സ്കൂളിലേക്ക് കൊണ്ടുവരൂ.’

ജോസ് മാഷ് പറഞ്ഞു .

‘സാർ എന്താണ് വരാന്തയിൽ ഇരുന്നത്..?

ഉള്ളിലേക്ക് വരൂ . അകത്തിരിക്കാം..’

‘ആയ്ക്കോട്ടെ….’

മൂന്നുപേരും കൂടി പറഞ്ഞു.

‘വരൂ, സർ ..
വാതിലിന് ഉയരം കുറവാണ് തല മുട്ടല്ലേ സാർ.’

അവർ തലകുനിച്ച് മെല്ലെ അകത്തേക്ക് കയറി..

(തുടരും…..)

✍ സജി ടി. പാലക്കാട്

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments