Saturday, September 7, 2024
Homeസ്പെഷ്യൽപള്ളിക്കൂടം കഥകൾ (ഭാഗം.14) ' ഇരുട്ട് ' ✍സജി ടി. പാലക്കാട്

പള്ളിക്കൂടം കഥകൾ (ഭാഗം.14) ‘ ഇരുട്ട് ‘ ✍സജി ടി. പാലക്കാട്

സജി ടി. പാലക്കാട്

അത്താഴം കഴിഞ്ഞതും മൂന്നുപേരും തറയിൽ പുൽപ്പായ വിരിച്ച് കിടന്നു.
മുകളിലെ മേൽക്കൂരയുടെ കോൺക്രീറ്റ് ചില ഭാഗങ്ങളിൽ അടർന്ന് പോയി കമ്പികൾ തെളിഞ്ഞു കാണാം. മെഴുകുതിരിയുടെ മഞ്ഞ വെളിച്ചം പെയിൻറ് അടിക്കാത്ത ചുമരുകളിൽ പതിഞ്ഞപ്പോൾ അവിടമാകെ മൂടൽമഞ്ഞ് നിറഞ്ഞ പ്രദേശം പോലെയായി തോന്നി.

‘മാഷിന്റെ വീട്ടിൽ ആരെല്ലാമുണ്ട്?

‘സോമൻ മാഷ് ചോദിച്ചു.

‘അച്ഛൻ , അച്ഛമ്മ, അനുജൻ, പിന്നെ നാല് പെങ്ങന്മാരും .’

‘ഓ…വലിയ കുടുംബം ആണല്ലേ? പെങ്ങന്മാരുടെ കല്യാണമൊക്കെ കഴിഞ്ഞോ? ‘
‘ഇല്ല….’

‘അപ്പോൾ മാഷിന്റെ തലയിൽ നല്ല ബാധ്യത ഉണ്ടല്ലോ? ‘
‘ഉം…’

‘ജോസ് മാഷ് നേരത്തെ ഉറങ്ങിയല്ലേ? ‘

സദാനന്ദൻ മാഷ് ചിരിച്ചുകൊണ്ട് ചോദിച്ചു .

‘പുള്ളി പായ കണ്ടാൽ മതി അപ്പോൾത്തന്നെ ഉറങ്ങും.’

‘മാഷിന്റെ ടി.ടി.സി പഠനം എവിടെയായിരുന്നു ?

‘പത്തനംതിട്ട..’

‘ഞാൻ ശബരിമല പോയപ്പോൾ അതുവഴി പോയിട്ടുണ്ട്.
ടി .ടി .സി ജീവിതം ഓർക്കുമ്പോൾ മനസ്സിന് എന്ത് സന്തോഷമാണ് !എന്ത് രസമായിരുന്നു അക്കാലം അല്ലേ?

‘എന്റെ ടി.ടി.സി പഠനകാലം അത്ര രസകരമൊന്നും ആയിരുന്നില്ല മാഷേ….. ‘
സദാനന്ദൻ മാഷ് പറഞ്ഞു.

‘അതെന്താണ്? സാമ്പത്തിക പ്രയാസം? ‘

‘അതെ ….’

‘അതെല്ലാവർക്കും ഉണ്ടല്ലോ ?

‘പക്ഷേ, എന്റെ കാര്യത്തിൽ വ്യത്യാസം ഉണ്ട് മാഷേ….. ‘

‘കൂട്ടുകാരുടെ
സഹായം ഇല്ലായിരുന്നെങ്കിൽ ഞാൻ ഇപ്പോൾ നിങ്ങളോടൊപ്പം ഇങ്ങനെ ഉണ്ടാവുമായിരുന്നില്ല . ഏതെങ്കിലും കടയിലെ കണക്കെഴുത്തുകാരനോ മറ്റോ ആയി ജീവിതം തള്ളി നീക്കിയേനെ ..
എൻ്റെ വീട്ടിൽ നിന്നും അയച്ചു തന്നിരുന്നത് തുച്ഛമായ തുക ആയിരുന്നു. അതുകൊണ്ടൊന്നും പഠനം പൂർത്തിയാക്കാൻ ആവില്ല എന്ന് മാഷിനും അറിയാമല്ലോ..’

‘ഉം…’

‘കൂട്ടുകാരുടെ വീട്ടിൽ നിന്നും മണിയോഡർ വരുമ്പോൾ അതിൽ നിന്നും ഒരു വിഹിതം എനിക്കും അവർ നീക്കിവെച്ചിരുന്നു.
ആഹാരത്തിന്റെ ചെലവിന്റെ ഷെയർ പോലും വഹിക്കാൻ തയ്യാറായവരാണ് എൻ്റെ കൂട്ടുകാർ. എന്തിനേറെ പറയുന്നു ഇടാൻ ഷർട്ട് പോലും തന്ന് എന്നെ സഹായിച്ചിട്ടുണ്ട്, അവർ..

‘അതെല്ലാം പോട്ടെ നമുക്ക് ഉറങ്ങിയാലോ?’

‘മാഷിന് നല്ല യാത്ര ക്ഷീണം ഉണ്ടാകുമല്ലോ?
കിടക്കാം…. ബാക്കി വിശേഷങ്ങൾ നാളെയാവട്ടെ. സമയം പത്തര കഴിഞ്ഞു.’
‘ഉം….’

സോമൻ മാഷ് മെഴുകുതിരി കെടുത്തി. കുറ്റാക്കൂരിരുട്ട്. സദാനന്ദൻ മാഷ് കണ്ണടച്ച് കിടന്നു. മനസ്സിലൂടെ പകൽ കാഴ്ചകൾ അഭ്രപാളികളിൽ എന്നപോലെ തെളിഞ്ഞു വന്നു . ബസ് യാത്ര,
കലങ്ങി മറിഞ്ഞൊഴുകുന്ന ഭവാനിപ്പുഴ, മുരുകന്റെ ഒപ്പമുള്ള യാത്ര, കാട്ടുപന്നികളുടെ ഓട്ടം …..
എല്ലാം മനസ്സിൽ മിന്നി മറഞ്ഞു കൊണ്ടേയിരുന്നു…
ക്ലാസിലെ കുട്ടികളുടെ മുഖം ഒരു തേങ്ങലായി മനസ്സിൽ തളം കെട്ടി നിന്നു ..
പുറത്തുവിശുന്ന ശക്തിയായ കാറ്റിന്റെ ശബ്ദം മുറിക്കുള്ളിലേക്ക് വെന്റിലേറ്റർ വഴി അരിച്ചിറങ്ങി..
ഏതോ പക്ഷിയുടെ പേടിപ്പെടുത്തുന്ന കരച്ചിൽ!
താൻ ഇതുവരെ കേൾക്കാത്ത ശബ്ദം..!

ജനലിന്റെ ഭാഗത്തുനിന്നും ഒരു കരകര ശബ്ദം …
മാഷിന്റെ കണ്ണുകൾ ജനാലയുടെ അരികിലേക്ക് തെന്നിമാറി . ഏതോ ഒരു കറുത്ത രൂപം അടുക്കള ഭാഗത്തുള്ള ജനലിന്റെ ഓരം ചേർന്ന് നിൽക്കുന്നു.…. !
ഒരു കറുത്ത നിഴൽ….. !
തന്റെ ഹൃദയമിടിപ്പ് വർദ്ധിച്ചു വരുന്ന ല്ലോ..
ഇതൊരു സ്വപ്നമാണോ?
അതോ തോന്നലോ?
കണ്ണുകൾ നിശ്ചലവസ്ഥയിൽ ആയപോലെ… എഴുന്നേൽക്കാൻ ശ്രമിച്ചിട്ടും എഴുന്നേൽക്കാൻ പറ്റുന്നില്ലല്ലോ..
ജനലിന്റെ ഓരത്തു നിന്നും വ്യക്തമായ പദ ചലനങ്ങൾ കേൾക്കുന്നുണ്ട് .
ശബ്ദം അടുത്തടുത്ത് വരുന്ന പോലെ!.
അ…..ആ..രാ….?.

രാത്രിയുടെ നിശബ്ദതയിൽ തൊണ്ടയിൽ നിന്നും ശബ്ദം പുറത്തുവന്നോ?

പെട്ടെന്ന് നിഴൽ അകന്നു പോകുന്ന പോലെ …

മാഷേ …..മാഷേ….
സോ…സോമൻ മാഷെ ….
ജോസ് മാഷേ..

ശബ്ദം പുറത്തുവന്നോ , എന്നറിയില്ല .
തലയണയുടെ അടിയിൽ തപ്പിയപ്പോൾ ഒരു തീപ്പെട്ടി കിട്ടി. എഴുന്നേറ്റിരുന്ന് തീപ്പെട്ടി ഉരച്ചു .
മൂന്നാമത്തെ ഉരക്കലിന് തീപ്പെട്ടി കത്തി. ഭാഗ്യം,! പകുതി കത്തി തീർന്ന മെഴുകുതിരി അവിടെ ഇരിപ്പുണ്ട്… ഒരുതരത്തിൽ മെഴുകുതിരി കത്തിച്ചു. മഞ്ഞ വെളിച്ചം മുറിയിൽ പരന്നു.

‘ഉം..എന്താ മാഷേ ?’

സോമൻ മാഷ് എഴുന്നേറ്റു.

‘മാഷ് വല്ലാതെ വിയർക്കുന്നുണ്ടല്ലോ ..
എന്തുപറ്റി?’

‘ഏയ്….’

‘വല്ല ദു:സ്വപ്നവും കണ്ട് പേടിച്ചോ?..’

‘ഉം..’
സോമൻ മാഷ് അടുക്കളയിൽ പോയി ഒരു ഗ്ലാസ് വെള്ളം എടുത്തു കൊണ്ടുവന്നു.

‘ഇതു കുടിക്കൂ… ട്ടോ..
മെഴുകുതിരി കെടുത്തണ്ട..
മാഷ് ഉറങ്ങിക്കോളൂ.’

എപ്പോഴാണ് ഉറങ്ങിയത് എന്നറിയില്ല. എത്രനേരം ഉറങ്ങി യെന്നും അറിയില്ല . കണ്ണ് തുറന്നപ്പോൾ വെയിൽ വ്യാപിച്ചിരുന്നു.

( തുടരും…)

✍ സജി ടി. പാലക്കാട്

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments