Thursday, December 26, 2024
Homeസ്പെഷ്യൽഓർമ്മയിലെ മുഖങ്ങൾ: ' ഷെൽവി ' ✍ അവതരണം: അജി സുരേന്ദ്രൻ

ഓർമ്മയിലെ മുഖങ്ങൾ: ‘ ഷെൽവി ‘ ✍ അവതരണം: അജി സുരേന്ദ്രൻ

അജി സുരേന്ദ്രൻ

” ഒരിക്കലും ഞാനുണ്ടായിരുന്നില്ല
മഴ എൻ്റെ പേരെഴുതിയില്ല
മഴ എൻ്റെ പേര് മായ്ച്ചതുമില്ല
എങ്കിലും മഴ പെയ്തു കൊണ്ടേയിരുന്നു” …

അക്ഷരങ്ങള വളരെ മനോഹരമായ് ചേർത്തുവച്ച പ്രീയ കവി ഷെൽവി രാജിൻ്റെ വരികളാണിവ…
അദ്ദേഹത്തിൻ്റെ ഓർമ്മകളിലൂടെ..

പുതിയ പുതിയ ആശയങ്ങളെ വളരെ ലളിതമായ് വായനക്കാരിലെത്തിച്ച കവി. ജീവിതത്തിൻ്റെ നൈമിഷികതയും മരണമെന്ന യാഥാർത്ഥ്യവും പ്രണയരഹിത മായ ജീവിതത്തിൻ്റെ നിരർഥകതയും നമുക്ക് മനസിലാക്കി തരുന്നതാണ് ഷെൽവിയുടെ കവിതകൾ.

മലയാള കവിതയെ അതിൻ്റെ തനിമ ഒട്ടും ചോർന്നു പോകാതെ പുതുവഴിയിലൂടെ നടത്തുകയായിരുന്നു തൻ്റെ കവിതകളിലൂടെ അദ്ദേഹം.ചില കവിതകൾ തീവ്ര പ്രണയത്തിൻ്റെ അഗ്നിയും വിഷാദം നിറഞ്ഞ ആത്മ ഗീതവുമാകുന്നു.

ഗുരുവായൂരിനടുത്തെ ഒരുമനയൂരിൽ ദേവസ്സി -ക്ലാര ദമ്പതികളുടെ മകനായി 1960 ൽ ആയിരുന്നു ജനനം. ഒരുമനയൂർ, പാവറട്ടി, പാലക്കാട് എന്നിവടങ്ങളിലായ് വിദ്യാഭ്യാസം പൂർത്തിയാക്കി.

സാഹിത്യവാസന തീരെ സ്പർശിച്ചിട്ടില്ലാത്ത പുരാതനമായ ഒരു നസ്രാണി കുടുംബമായിരുന്നു അദ്ദേഹത്തിൻ്റേത്. ആരും വഴികാട്ടിയായ് കൂടെയുണ്ടായിരുന്നില്ല. സ്വന്തമായ് തിരഞ്ഞെടുത്ത കവിതകളുടെ വഴിയിലൂടെ ഒറ്റയ്ക്ക് സഞ്ചരിക്കുകയായിരുന്നു.. പക്ഷെ കുട്ടിയായിരിക്കുമ്പോൾ തന്നെ പുസ്തകങ്ങളുടെ മണം ഏറെ ഇഷ്ടപ്പെട്ടിരുന്നു.

അക്ഷരങ്ങളെ. ഇത്രയേറെ സ്നേഹിച്ച കവിതകളും നിറങ്ങളും നിറഞ്ഞ മനസുള്ള ഷെൽവി വളരെ കുറച്ച് മാത്രമേ എഴുതിയിട്ടുള്ളൂ’ ആൾക്കൂട്ടത്തിൽ എപ്പോഴും ഏകാകിയായ് അലഞ്ഞതുകൊണ്ടാവാം എഴുതിയതൊന്നും പ്രസിദ്ധീകരണത്തിന് അയയ്ക്കാനുള്ള ആത്മവിശ്വാസം ഉണ്ടായിരുന്നില്ല അദ്ദേഹത്തിന് .

1985 ൽ കോഴിക്കോട് ആസ്ഥാനമായ് മൾബറി പബ്ലിക്കേഷൻസ് തുടങ്ങി. കേരളത്തിൽ അദ്ദേഹത്തിനെ അറിയപ്പെടാൻ തുടങ്ങിയത് ഈ സ്ഥാപനം മുഖേനയാണ്. ഒട്ടേറെ പുതിയ എഴുത്തുകാരെ പ്രോത്സാഹിപ്പിച്ച മൾബറി പബ്ലിക്കേഷൻസ് ഉന്നത നിലവാരം പുലർത്തുന്ന ധാരാളം മലയാള പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചു. വാൻഗോഗ്, കസൻദ് സക്കീസ്’, എറിക് ഫ്രേം തുടങ്ങിയവരുടെ കൃതികൾ മലയാളത്തിൽ ആദ്യമായ് പ്രസിദ്ധീകരിച്ചത് മൾബറി
ആയിരുന്നു.

മലയാളത്തിന് മറക്കാനാവാത്ത പുസ്തകങ്ങൾ സമ്മാനിച്ച പ്രസാദകരാണ്
മൾബറി ബുക്സ്.18 വർഷക്കാലം നീണ്ടു നിന്ന പ്രസാധക ജീവിതത്തിനിടയിൽ ഓർമ്മയിൽ നിൽക്കുന്ന ‘നിരവധി പുസ്തകങ്ങൾ പ്രസിദ്ധീകരിക്കാൻ മൾബറിക്കു കഴിഞ്ഞു. കവിയും, ചിത്രകാരനുമാകാൻ കൊതിച്ച് പ്രസാധകനായ് തീർന്നു. പുസ്തകങ്ങളെ എന്നും അതിരുവിട്ട് പ്രണയിച്ച ഷെൽവി …

ഇലപൊഴിയും കാലം’ എന്ന കവിതയില്‍
ഒരു വാക്ക് പോലും ഉരിയാടാതെ, മറുപടിയില്ലാതെ,
മൌനത്തിലാണ്ടുപോകുന്ന സ്നേഹ ബന്ധങ്ങളൊക്കെയും കവി ജീവിതത്തില്‍ നേരിടേണ്ടിവരുന്ന അവജ്ഞകളെയും ഒറ്റപ്പെടലുകളെയും സ്നേഹ നിരാശ കളെയും കുറിച്ചാണ് പറയുന്നത്.

മിക്ക കവിതകളിലും കവിയുടെ പ്രണയിനി മരണം തന്നെയല്ലേ എന്ന് സംശയിച്ചു പോകും. വരുമെന്ന് പ്രതീക്ഷിച്ച് കാത്തിരിക്കുന്നത് തൻ്റെ പ്രണയിനിയെയോ, മരണത്തേയോ ആണ്. നൊസ്റ്റാൾജിയ, അലൗകികം എന്നിവ പ്രധാന കൃതികളാണ്.

മൾബറി പബ്ലിക്കേഷൻസ് തുടങ്ങാൻ സഹകരിച്ച ഡെയ്സി എന്ന സുഹൃത്തിനെ വിവാഹം കഴിച്ചു. ഒരു മകളുണ്ട്. ബാധ്യതകൾ ഏറി വന്നപ്പോൾ പിടിച്ചു നിൽക്കാനാവാതെ 2003 ആഗസ്റ്റ് 21 ന് ഷെൽവി ജീവിതത്തിൻ്റെ പടിയിറങ്ങി പോവുകയായിരുന്നു.

”ഓർമ്മയുടെ തെരുവ് ഇപ്പോൾ
വിജനമാണ്….
ഈ തെരുവിലൂടെ നീ കടന്നു പോയത്
അൽപം മുൻപ് ” …….. .!

ഷെൽവിയുടെ അപ്രത്യക്ഷം എന്ന കവിതയുടെ ആദ്യ വരികളാണിവ. അദ്ദേഹം
വായിക്കാൻ പ്രേരിപ്പിച്ചഒരു തലമുറ മുഴുവൻ പറയുന്നത് ഇത് തന്നെയായിരിക്കും .ആ അക്ഷരങ്ങൾ എന്നും ഞങ്ങൾ ഓർമ്മിക്കും.
ആദരവോടെ പ്രണാമം..

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments