Thursday, September 19, 2024
Homeസ്പെഷ്യൽമലയാളി മനസ്സിന്റെ 'സ്ഥിരം എഴുത്തുകാർ' (14) ' ശ്രീമതി നിർമല അമ്പാട്ട് ' - ✍ അവതരണം:...

മലയാളി മനസ്സിന്റെ ‘സ്ഥിരം എഴുത്തുകാർ’ (14) ‘ ശ്രീമതി നിർമല അമ്പാട്ട് ‘ – ✍ അവതരണം: മേരി ജോസി മലയിൽ

മേരി ജോസി മലയിൽ തിരുവനന്തപുരം

“മലയാളിമനസ്സിൻറെ” സ്ഥിരം എഴുത്തുകാർ എന്ന പക്തിയിലേക്ക് എല്ലാവർക്കും സ്വാഗതം.

    ശ്രീമതി നിർമല അമ്പാട്ട്.

ഇന്ന് ഞാൻ പരിചയപ്പെടുത്തുന്നത് പ്രിയ എഴുത്തുകാരി
നിർമല അമ്പാട്ടിനെയാണ്

തൃശൂർ ജില്ലയിൽ കുന്ദംകുളത്തുകാരിയാണ് നിർമല അമ്പാട്ട്.  പൊറ്റയിൽ ശങ്കരൻ മാഷിൻറെയും കടവല്ലൂർ കൊട്ടിലിങ്ങൽ വളപ്പിൽ (എട്ട് കെട്ട്) സരോജനിയമ്മയുടെയും മകളാണ് ഈ എഴുത്തുകാരി .മലയാള സാഹിത്യത്തിൽ ചെറുപ്പം മുതൽക്കേ അവർ തൻറെ കഴിവുകൾ തെളിയിച്ചിട്ടുണ്ട്

 കുന്ദംകുളം ഹെഡ് പോസ്റ്റ്‌ ഓഫീസിന്റെ കീഴിൽ പ്രവർത്തിക്കുന്ന പോർക്കുളം പോസ്റ്റ്‌ ഓഫീസിൽ  പോസ്റ്റ്‌ മാഷായി രണ്ട് കൊല്ലം ജോലി ചെയ്തതിന് ശേഷം വിവാഹിതയായി പൊന്നാനിയിലേക്ക് താമസം മാറ്റി. ഭർത്താവ് ബാലഗംഗാധരൻ ട്രാൻസ്‌പോർട് ജീവനക്കാരൻ ആയിരുന്നു. രണ്ട് ആൺകുട്ടികളും ഒരു പെൺകുട്ടിയും അടങ്ങുന്നതാണ് കുടുംബം.

 ബാല്യത്തിൽ തന്നെ സ്പോർട്സിലും ഗെയിംസിലും പാട്ടിലും ഡാൻസിലും അഭിനയത്തിലും നിരവധി സമ്മാനങ്ങൾ നേടി ഒന്നാംസ്ഥാനത്തെത്തി. എൺപതുകളിൽ മുഖ്യധാരകളിൽ എഴുതിയ നിർമല അമ്പാട്ട് ഒരു ഇടവേളക്ക്ശേഷം  വീണ്ടും പൂർണ്ണമായും തന്റെ പ്രിയപ്പെട്ട സാഹിത്യലോകത്തിലേക്ക് കടന്നുവന്നു.

 മഹാകവി അക്കിത്തത്തിനെ ആദ്യമായി കാണുന്നത് പൊന്നാനിയിൽ വന്നതിന് ശേഷമാണത്രേ!

അഞ്ചാംക്‌ളാസ്സിൽ  പഠിക്കുമ്പോൾ “ഈ ചേച്ചി നൊണേ പറയൂ” എന്ന നാടകത്തിലഭിനയിച്ചപ്പോൾ അന്ന് ഈ മഹാകവിയുടെ നാടകമാണ് താൻ അഭിനയിക്കുന്നത് എന്നറിയില്ലായിരുന്നു. പിന്നെ വളർന്നപ്പോൾ ഒരുപാട് വേദിയിൽ അദ്ദേഹത്തോടൊപ്പം ഒരു മകളെപ്പോലെ കൈപിടിച്ച് നടക്കാനുള്ള ഭാഗ്യവും ഉണ്ടായി.  മഹാകവിയെ രണ്ടു തവണ വേദിയൊരുക്കി ആദരിക്കുകയും ചെയ്തിട്ടുണ്ട്.  മാസത്തിൽ ഒരിക്കലെങ്കിലും അദ്ദേഹത്തിൻറെ  വീടായ  “ദേവയാനം” ത്തിൽ പോകാറുള്ള കാര്യവും അവർ മലയാളി മനസ്സിനോട് പറഞ്ഞു. ഒരു മീറ്റിങ്ങിന് ക്ഷണിക്കാൻ അദ്ദേഹത്തിന്‍റെ ദേവയാനം എന്ന വീട്ടിൽ ചെന്നപ്പോൾ എഴുത്തുമുറിയിൽ വച്ചെടുത്ത  ഫോട്ടോ മലയാളിമനസ്സുമായി പങ്കുവെച്ചു.

നവകം മാസികയിൽ അസിസ്റ്റൻറ് എഡിറ്ററായി ജോലി ചെയ്യുന്ന കാലത്ത്  നവകത്തിൻറെ പിറന്നാളാഘോഷത്തിൽ  ഉച്ചയൂണിന് ശ്രീ എം. ടി. വാസുദേവൻ നായരെ കൂട്ടിക്കൊണ്ട് പോവുമ്പോൾ, ‘നാലുകെട്ടിനെ’പ്പറ്റി ആയിരുന്നു ചർച്ച.

(നവകം മാസികയുടെ സബ് എഡിറ്റർ ആയിരുന്ന കാലത്ത് ശ്രീ എം. ടി. വാസുദേവൻ നായരോടൊപ്പം.)

 പ്രാദേശിക അവാർഡുകളും സംസ്ഥാനതല അവാർഡുകളും നേടിയ അവർ ‘വലംപിരിശംഖ്’ എന്ന ഒരു കവിതാസമാഹാരവും ഇറക്കിയിട്ടുണ്ട്. ആ കവിതാസമാഹാരത്തിന് മിത്രവേദി അവാർഡ് ലഭിച്ചു.

എം.എൻ കാരശ്ശേരിയിൽ നിന്നാണ് അവാർഡ് ഏറ്റുവാങ്ങിയത്.

 ചെറുകഥക്ക് നന്മയുടെ സ്റ്റേറ്റ് അവാർഡ് തിരുവനന്തപുരത്ത് തിലകൻ മെമ്മോറിയൽ ഹാളിൽ വെച്ച് ഏറ്റുവാങ്ങിയ സന്തോഷവും അവർ പങ്കുവച്ചു.

 നൂറിൽ അധികം കവിതകൾ സോഷ്യൽ മീഡിയയിൽ എഴുതികിടപ്പുണ്ട് .  കൂടാതെ ചെറുകഥകളും, നോവലുകളും, പുസ്തക നിരൂപണവും സിനിമാനിരൂപണവും എഴുതിയിട്ടുണ്ട്.  അവരുടെ പല രചനകളും നമ്മൾ മലയാളി മനസ്സിലൂടെ വായിച്ചിട്ടുള്ളതുമാണല്ലോ?

കോഴിക്കോട് ആകാശവാണിയിൽ ഇടവിട്ട് ലളിതഗാനങ്ങൾ പ്രക്ഷേപണം ചെയ്യാറുണ്ട്.  ഇപ്പോൾ മലയാളിമനസ്സിൽ “ഈ ഗാനം മറക്കുമോ” എന്ന പംക്തി കൈകാര്യം ചെയ്യുന്നു.  തന്റെ ഉയർച്ചയെക്കാൾ മറ്റ് നല്ല പ്രതിഭകളെ വിളിച്ച് ആദരിക്കാൻ സമയം കണ്ടെത്തുന്ന നിർമല അമ്പാട്ട് മികച്ച ഒരു സംഘടക കൂടിയാണ്.

മലയാളി മനസ്സിൻറെ സ്ഥിരം എഴുത്തുകാരെ പരിചയപ്പെടുത്തുക എന്ന    ദൗത്യവുമായി എത്തിയ എനിക്ക് വ്യക്തിപരമായി മാഡത്തിനോട് മറ്റൊരു അടുപ്പം കൂടിയുണ്ട്. അക്ഷര ലോകത്തേക്ക് പിച്ച വച്ചു നടത്തിയ എൻറെ ഗുരുനാഥ കൂടിയാണ് നിർമ്മല അമ്പാട്ട് മാഡം എന്ന് പറയാതെ പോയാൽ അതൊരു ഗുരുനിന്ദ ആകും. അതുപോലെതന്നെ എൻറെ അച്ഛൻ ജോണി തെക്കേത്തല എഴുതിയ സർവീസ് സ്റ്റോറി “ഒരു എൻജിനീയറുടെ സർവിസുൽസവം” മലയാളി മനസ്സിൽ ഖണ്ഡശ്ശ: ആയി പ്രസിദ്ധീകരിക്കാൻ അവസരം ഒത്തു വന്നതും സംസ്കൃതിയിലൂടെ ആയിരുന്നു എന്നതും ഞാൻ ഈ അവസരത്തിൽ അഭിമാനത്തോടെ, നന്ദിയോടെ ഓർക്കുന്നു.

സംസ്കൃതി &ആർഷഭാരതി ഗ്രൂപ്പിലൂടെ തന്നെ മാഡം മലയാളി മനസ്സിനെ തൊട്ടുനിൽക്കുന്നു. പ്രശസ്തരായ മുൻനിര എഴുത്തുകാരോടൊപ്പം തന്നെ അവർ നിരവധി വേദികളിൽ സജീവമാണ്.

ഇനിയും ഒരുപാട് എന്നെ പോലെ സാധാരണക്കാരായ എഴുത്തുകാരെ കൈപിടിച്ചുയുർത്താൻ മാഡത്തിനു സന്മനസ്സ് ഉണ്ടാകട്ടെ എന്ന് ആശംസിച്ചുകൊണ്ട് നന്ദി! നമസ്കാരം!

മേരി ജോസി മലയിൽ തിരുവനന്തപുരം

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments