Friday, January 10, 2025
Homeസ്പെഷ്യൽ"ശ്രാവണചന്ദ്രിക പൂചൂടിച്ചു ഭൂമികന്യക പുഞ്ചിരിച്ചു" (ഗാനനിരൂപണം) പ്രിയൻ. പോർക്കുളത്ത്.

“ശ്രാവണചന്ദ്രിക പൂചൂടിച്ചു ഭൂമികന്യക പുഞ്ചിരിച്ചു” (ഗാനനിരൂപണം) പ്രിയൻ. പോർക്കുളത്ത്.

മലയാളസിനിമകളിലെ പ്രണയഗാനങ്ങളിൽ ഏറ്റവും മുൻപന്തിയിൽ നിൽക്കുന്നസുന്ദരമായൊരു ഗാനമാണ്, 1971ൽ
“ഒരുപെണ്ണിന്റെ കഥ” എന്ന സിനിമയ്ക്ക് വേണ്ടി വയലാർ രാമവർമ്മ എന്ന അമാനുഷിക കവി ശ്രേഷ്ഠന്റെ കനക തൂലികയിൽപൂത്തു വിടർന്നവരികളെ ദേവരാജൻ മാസ്റ്റർ എന്ന അതുല്യസംഗീതജ്ഞൻ തന്റെ ഹൃദയം തൊട്ടറിഞ്ഞസംഗീതത്തിലൂടെ സർവാലങ്കാരങ്ങളും നൽകിയണിയിച്ചൊരുക്കിയപ്പോൾ.. P. സുശീലാമ്മ എന്ന അനശ്വരഗായിക തന്റെ സ്വരമാധുരിയിലൂടെ ജീവൻ കൊടുത്ത് അനശ്വരമാക്കിയ..
“ശ്രാവണചന്ദ്രിക പൂചൂടിച്ചു ഭൂമികന്യക പുഞ്ചിരിച്ചു” എന്ന് തുടങ്ങുന്ന അതിമനോഹരമായ പ്രണയഗാനം.. ഈ ഗാനത്തിന്റെ ആദ്യ വരികളുടെ തന്നെ അർത്ഥം ചിന്തിക്കുമ്പോൾ ശ്രാവണമാസത്തിലെ ചന്ദ്രൻ തന്റെ പ്രണയിനിയായ ഭൂമികന്യകയെ മാറോടണ ച്ചുകൊണ്ട് അവളുടെയുടലിൽ തന്റെ ഹൃദയമാകുന്ന പൂചൂടിച്ചപ്പോൾ.. ആ ദിവ്യാനുഭൂതിയിൽ കോരിത്തരിച്ചുപോയ ലജ്ജാവതിയായ അവളുടെ ചൊടികളിൽ വിരിഞ്ഞ മാസ്മര പ്രണയഭാവങ്ങളിൽ, നീലാകാശത്ത് നക്ഷത്രങ്ങളാകുന്ന ലിപികളിൽ അവൾ തന്റെ പവിഴക്കൈനഖമുനയാൽ കുറിച്ചുവെച്ച പ്രണയം തുളുമ്പുന്ന വരികളാണ് പ്രകൃതിയിലെ ആദ്യത്തെ അനുരാഗകവിതയായി പിറന്നതെന്ന് പറയഞ്ഞുവെക്കുമ്പോൾ, കവി തന്റെയുള്ളിലെ സർഗ്ഗശക്തി കൊണ്ട് ആടിത്തിമിർക്കുക തന്നെയാണ് ഇവിടെ ചെയ്തിരിക്കുന്നതെന്ന് പറഞ്ഞാലതൊരിക്കലും അധികമാവില്ല..

തുടർന്നുള്ള വരികളായ “സ്വർഗ്ഗാരോഹണ വീഥിക്കരികിൽ സ്വപ്നങ്ങൾക്കിടയിൽ” എന്നു തുടങ്ങുന്ന വരികളെഴുതിയിട്ടും പ്രണയവർണ്ണനകളിൽ മതിവരാത്തൊരാ കവി ശ്രേഷ്ഠൻ അവർ തമ്മിലുള്ള പ്രണയ സമാഗമങ്ങളിൽ സ്വർഗ്ഗലോകങ്ങളിലേക്ക് ഉയർന്നുപോയ അവളുടെ സ്വപ്നങ്ങളിൽ കമനീയാംഗനായ തന്റെ പ്രിയമാനസൻ സമാഗതനായി അവളുടെ മനസ്സിലാ, കവിത പകർത്തി വെച്ചപ്പോൾ അവന്റെ പ്രണയകേളികളിൽ അറിയാതെവിടർന്നുപോയ ഒരു പുഷ്പമായി മാറി അവളവന് കീഴടങ്ങിപ്പോ യി എന്നുകൂടി എഴുതിവെച്ചുകൊണ്ട് താൽക്കാലികമായി വരികളവസാനിപ്പിക്കാൻ നിർബന്ധിതനായപ്പോൾ ദേവരാജൻ മാസ്റ്റർ അതേറ്റെടുത്ത് ഒരു പടികൂടികടന്നുകൊണ്ട് തന്റെ സംഗീത വൈഭവത്താൽ, “വയലാർരാമവർമ്മ” എന്ന യുഗപ്രഭാവന്റെ മനസ്സിൽനിന്നും തൂലികയിലൂടെ പ്രവഹിച്ച അതിശക്തമായൊരാ പ്രണയഗംഗാപ്രവാഹത്തെനിഷ്പ്രയാസം തന്റെ കൈപ്പിടിയിലൊതുക്കി ഒരു കുളിർമഴയായി ആസ്വാദക മനസ്സുകളിലേക്ക് പെയ്തു നിറയ്ക്കുന്ന അതിമനോഹരമായ കാഴ്ചയാണ് പിന്നീട് നമുക്ക് ഈ വരികളിലൂടെ കാണുവാൻ കഴിയുന്നത് എന്നതുതന്നെയാണ് ഈ ഗാനത്തിന്റെ വില മതിക്കാനാവാത്ത മനോഹാരിത എന്നുകൂടി പറഞ്ഞുവെച്ചുകൊണ്ട് എന്റെയീ ചെറിയ ഗാനനിരൂപണം തൽക്കാലം അവസാനിപ്പിക്കട്ടെ..

ഒരു കാലഘട്ടത്തിനെത്തന്നെ സംഗീത സാന്ദ്രമാക്കിയ അനശ്വരപ്രതിഭകളായ വയലാർ രാമവർമ്മ സാറിനും, സംഗീത ലോകത്തെ പകരംവെക്കാനില്ലാത്ത ചക്രവർത്തിയായിരുന്ന ദേവരാജൻമാസ്റ്റർക്കും ആദരാഞ്ജലികൾ അർപ്പിക്കുന്നതോടൊപ്പം.. മലയാള സിനിമാഗാന ലോകത്തെ “പൂങ്കുയിൽ” എന്ന വിശേഷണം എന്തുകൊണ്ടും അനുയോജ്യമായ സുശീലാമ്മയ്ക്ക് ദീർഘായുസ്സും
നേർന്നുകൊണ്ട് നിർത്തട്ടെ..
*****
വെള്ളപ്പളുങ്കുനിറമൊത്ത വിദഗ്ധരൂപീ
കള്ളംകളഞ്ഞു കമലത്തിലെഴുന്ന ശക്തീ..
വെള്ളത്തിലെ തിരകൾ തള്ളിവരുംകണക്കെയെൻ
ഉള്ളത്തിൽവന്നു വിളയാടൂ സരസ്വതീ..🙏

ഭാഷാപരിജ്ഞാനം പരിമിതമായതിനാൽ വാക് ദേവതയായ സരസ്വതീദേവീ എന്റെ നാവിലെപ്പോഴും വിളയാടിക്കളിക്കണേ എന്ന പ്രാർത്ഥനകൂടി ഇവിടെ സമർപ്പിക്കുന്നു..

സ്നേഹപൂർവ്വം,
പ്രിയൻ. പോർക്കുളത്ത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസംസരണീയമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments