Thursday, November 14, 2024
Homeസ്പെഷ്യൽമതിലുകൾക്കപ്പുറം ✍സിയ പുത്തേത്ത്

മതിലുകൾക്കപ്പുറം ✍സിയ പുത്തേത്ത്

സിയ പുത്തേത്ത്

നീലാകാശത്തിന്റെ അനന്തതയിലേക്ക് കണ്ണും നട്ട് നാരായണി ഉമ്മറക്കോലായിലെ തൂണിൽ ചാരി ഇരിക്കുകയാണ്.

കടുത്ത നീലനിറമുള്ള ആകാശത്തിൽ ഒരു നക്ഷത്രം അവളെ തറപ്പിച്ചു നോക്കുന്നു.

അതെ,
അത് തന്റെ ബഷീർ ഇക്കയാണ്.
നാരായണി കൈകൾ മുഖത്തോട് ചേർത്ത് വച്ച് നീലാകാശത്ത് നോക്കി നീട്ടി വിളിച്ചു –

ബഷീറിക്കാ —–

ഒറ്റ നക്ഷത്രം വല്ലാതെ തെളിഞ്ഞു.
അതിൽ ബഷീറിന്റെ മുഖം വ്യക്തമായി നാരായണി കണ്ടു
ബഷീർ വിളികേട്ടു.

ബഷീർ :- ” നാരായണി —
എന്റെ പ്രിയപ്പെട്ടവളെ,

നീ എവിടെയാണ് പെണ്ണേ? ”

നാരായണി :- ബഷീറിക്ക ഞാനീഭൂമി ലോകത്തുണ്ട് . വീടെന്ന ജയിലറയിൽ.

നിങ്ങൾഎവിടെയാണ്?”
നിങ്ങൾക്കവിടെ സുഖമാണോ?.

ബഷീര്‍ : “പ്രിയപ്പെട്ട നാരായണീ,
മരണത്തെ പറ്റി ഒന്നും പറയുക സാധ്യമല്ല,
ആരെപ്പോള്‍ എങ്ങനെ മരിക്കുമെന്ന് ഈശ്വരനു മാത്രമേ അറിയൂ…”
എന്ന് ഞാൻ ഒരിക്കൽ പറഞ്ഞത് നിനക്ക് ഓർമ്മയില്ലെ? ”
ഞാൻ മരണപ്പെട്ടു കഴിഞ്ഞതല്ലെ?
ഞാനിപ്പോൾ സുബ്ബർക്കത്തിലാണ് പെണ്ണേ.

ഇവിടെ എത്ര ശാന്ത സുന്ദരമായ ജീവിതമാണെന്ന്
നിനക്കറിയോ?

ഞാനിപ്പോൾ യുവ കോമളനായ ഒരു പുരുഷനാണ്.

എന്റെ തല നിറയെ മുടിയുണ്ട്,

കഷണ്ടിയുടെ വേരോട്ടമില്ലാത്ത കറുത്ത മുടി തോളൊപ്പം വളർന്നു കിടക്കുന്നു.

വെളുത്ത എന്റെ ദേഹം ചന്ദന കളർ ആയിരിക്കുന്നു.

ഇവിടെ പറഞ്ഞറിയിക്കാൻ പറ്റാത്ത സുഗന്ധമുള്ള പൂവുകൾ വിരിഞ്ഞു നിൽക്കുന്നു.

പട്ടു മെത്തയും,
കൊതിപ്പിക്കുന്ന രുചിയേറുന്ന ഭോജനവും,

എന്റെ കൂട്ടിനായ് ഹൂറികളും,

വസന്തം യാത്ര പറയാത്ത ഉദ്യാനങ്ങളും,

പലവർണ്ണ കിളികളും,

ചേലൊത്ത അരുവികളും,

ഹാ എത്ര സുന്ദരം!!

എന്റെ സ്വർഗ്ഗം.

ഞാനിവിടെ സുഖലോലുപനായി കഴിയുന്നു.
എത്രയോ നേരെത്തെ ഇവിടെ എത്തേണ്ടതായിരുന്നു എന്ന് ഞാൻ ഓർത്തു പോകുന്നു.”.
ബഷീർ പറഞ്ഞു നിർത്തി.

നാരായണി : ദൈവമേ,!!

എന്നെയും അവിടെ എത്തിക്കണേ!!
.
ഞാൻ മരിച്ചാൽ ഇക്കയെ കാണുവാൻ പറ്റുമോ?
നിങ്ങളുടെ സ്വർഗ്ഗത്തിൽ എന്നെ കയറ്റുമോ?
എനിക്ക് കരച്ചിൽ വരുന്നു.

ബഷീര്‍ : “ആഹ്ഹഹ്ഹ
മണ്ടീ,
, നീ ഇപ്പോഴും മണ്ടത്തരം തന്നെയാണ് പറയുന്നത്,
നിനക്ക് എന്റെ സ്വർഗ്ഗത്തിൽ കയറുവാൻ എങ്ങനെ സാധിക്കുക

ഞാൻ ഒരു മുസ്ലിമല്ലേ?.
നീയൊരു ഹിന്ദുവും “.

നമുക്കിടയിൽ മതിൽ ഉള്ളത് നീ മറന്നു പോയോ?

പർവ്വതം പോലെ ആകാശം മുട്ടി നിൽക്കുന്ന മതിൽ നീ കാണുന്നില്ലേ?

നിനക്ക് എന്റെ സ്വർഗ്ഗത്തിൽ വരുവാൻ എങ്ങനെയാവുക?

ഇനി അടുത്തെങ്ങാനും നിങ്ങളുടെ വേറെ സ്വർഗ്ഗമുണ്ടോ എന്ന് ഞാൻ ഒന്ന് അന്വേഷിച്ചു നോക്കട്ടെ
നീ സമാധാനപ്പെടൂ പെണ്ണേ.”.

നാരായണി : “എങ്ങനെയെങ്കിലും നിങ്ങളെ ഒന്ന് കാണാനെങ്കിലും എനിക്ക് സാധിക്കുമോ?

അത് മാത്രമാണ് ഇപ്പോൾ എന്റെ ആഗ്രഹം.
ദൈവമേ, സാധിച്ചാൽ മതിയായിരു ന്നു
” പിന്നെ,
ഇക്കാ നിങ്ങൾ എന്നെ ഓർക്കാറുണ്ടോ?
എങ്ങനെ ഓര്‍ക്കും..?
അങ്ങെന്നെ കണ്ടിട്ടില്ല..
തൊട്ടിട്ടില്ല..പിന്നെ എങ്ങനെ ഓര്‍ക്കാനാവുല്ലെ?

ബഷീര്‍ : “നാരായണി ഒരിക്കൽ നാരായണിയുടെ അടയാളം
ഈ ഭൂഗോളത്തിലെങ്ങുമുണ്ട്…”എന്ന് ഞാൻ പറഞ്ഞത് ഓർമ്മയില്ലെ?

ഞാൻ മരണപെട്ടപ്പോൾ എന്റെയൊപ്പം ആ ഭൂഗോളം കൂട്ട് വന്നിരിന്നു നിന്റെ ഓർമ്മകളുമായി..

” പെണ്ണേ പ്രണയത്തിന്
മരണമില്ല,
ജാതിയില്ല
കണ്ണില്ല
കടപ്പയില്ല.”
എന്തിനു ഒരു വകതിരിവുമില്ല
ബഷീർ പൊട്ടിച്ചിരിച്ചു..

നാരായണി : – ” നിങ്ങൾ എന്നെ കളിയാക്കുകയാണോ?” “ഭൂഗോളമെങ്ങെനെ നിങ്ങളൊപ്പം വരും.
അങ്ങ് മുഖസ്തുതി പറയുന്നതെന്തിന്.?”

ബഷീര്‍ : “നാരായണീ, മുഖസ്തുതിയല്ല,
പരമസത്യം..
മതിലുകള്‍!!!
മതിലുകള്‍!!!
നോക്കൂ….ഈ മതിലുകള്‍ ലോകം മുഴുവനും
ചുറ്റി പോകുന്നു..!!! “നിയെന്നെ ഭൂഗോളം എന്റെ ഒപ്പം
ദാ ഈ സ്വർഗ്ഗത്തിൽ എന്റെ ഓർമ്മകളിൽ ജീവിക്കുന്നു.

നാരായണി : – ” ഇക്കാ ഞാനൊന്നു പൊട്ടിക്കരയട്ടെ..?”

ബഷീര്‍ : “ഇപ്പോള്‍ വേണ്ട..
എല്ലാം ഓര്‍ത്ത്
രാത്രി കരഞ്ഞോളൂ..!!!”

മരണത്തിന്റെ ജയിലറയിൽ നമുക്ക് വീണ്ടും ഒരുമിക്കാം.
ബഷീർ പറഞ്ഞു നിർത്തി.

നാരായണി സാരിത്തലപ്പു കൊണ്ട് കണ്ണുകൾ തുടച്ചു.
പിന്നെയവൾ നോക്കുമ്പോൾ ആ ഒറ്റ നക്ഷത്രം അവിടെ ഉണ്ടായിരുന്നില്ല.

ബഷീറിക്കാ —–
എട്ടു ദിക്കിൽ മുഴങ്ങുമാറ് അവൾ ഉറക്കെ കരഞ്ഞു.

തന്റെ പ്രിയപ്പെട്ടവൻ, നീലാകാശത്ത് എവിടെയോ മറഞ്ഞു കഴിഞ്ഞു.
തേങ്ങലോടെ അവൾ തളർന്നിരുന്നു.

പ്രണയ യാത്രയിൽ പിരിയേണ്ടി വരിക
കാണാതെ പ്രണയിച്ച രണ്ടു പേർ ഒരിക്കലും ഒരുമിക്കാതെ മരണപ്പെടുക
ഹാ പ്രണയമേ!!
എന്ത്‌ വിധിയാണ്!!

എനിക്ക് പ്രണയ ലോകം
സമ്മാനിച്ച
എന്റെ പ്രിയപ്പെട്ട ബഷീറിക്ക,

മഹാ പ്രഭോ,

അങ്ങയെ സ്മരിച്ചു കൊണ്ട് ഞാൻ എന്റെ തൂലിക തുമ്പിനാൽ കുറിക്കുന്ന വാക്കുകളിൽ,
ചിലപ്പോഴൊക്കെ അറിയാതെ നിങ്ങൾ സഞ്ചരിച്ച. വഴി ഞാൻ നടന്നു പോകുവാൻ കൊതിക്കാറുണ്ട്.

എന്നെയും കൊണ്ട് പോകുമോ ?

ആ മാങ്ങോസ്റ്റിൻ മരച്ചുവട്ടിലേക്ക് “.

അങ്ങയുടെ സ്മരണകളിൽ
ഞാൻ അർപ്പിക്കുന്നു സ്നേഹത്തിന്റെ ഒരായിരം പൂക്കൾ

സിയ പുത്തേത്ത്

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments