മലയാളി മനസ്സിന്റെ പ്രിയപ്പെട്ടവരെ വീണ്ടും വരുന്ന യേശുക്രിസ്തുവിന്റെ നാമത്തിലെല്ലാവർക്കും സ്നേഹവന്ദനം.
പ്രിയരേ ദൈവത്തിന്റെ തെരഞ്ഞെടുപ്പും വിളിയും മനുഷ്യ ചിന്തകൾക്കതീതമാണ്.
ദൈവീകപ്രവർത്തികളിലെപ്പോഴും ദൈവം തന്റെ മഹത്വമാർക്കും വിട്ടുകൊടുക്കില്ല. എത്രത്തോളം ദൈവ സന്നിധിയിൽ തന്നെത്താൻ താഴ്ത്തിയേൽപ്പിക്കുമോ അത്രത്തോളം ദൈവം ഈ ലോകത്തിൽ ഉന്നത നിലവാരത്തിലെത്തിച്ചിരിക്കും. നമ്മളെ നയിക്കുന്ന ഈ സത്യവെളിച്ചമെന്ന സുവിശേഷം അന്ധകാരത്തിലും, രോഗത്തിലും, ഭാരത്തിലും കഴിയുന്ന ജനങ്ങളെ വിശ്വാസത്തിലേയ്ക്ക് നയിക്കുന്നവരാകണം.
യോഹന്നാൻ 8-12
“ഞാൻ ലോകത്തിന്റെ വെളിച്ചം ആകുന്നു. എന്നെ അനുഗമിക്കുന്നവൻ ഇരുളിൽ നടക്കാതെ ജീവന്റെ വെളിച്ചമുള്ളവരാകും”
തെയോഫിലോസെന്ന ഒരാളെ വിശ്വാസത്തിലുറപ്പിക്കുവാൻ വേണ്ടിയാണ് അപ്പോസ്തോലനായ ലൂക്കോസ് സുവിശേഷം എഴുതിയത്. അന്നത്തെ ദൈവദാസന്മാർ ഒരു ആത്മാക്കളെ നേടാൻ കൊടുത്ത മൂല്യം അത്രത്തോളമാണ്. ഒരു ആത്മാവിനു വേണ്ടി ക്ഷമയോടെ ദൈവമുമ്പാകെ മുട്ടുകുത്തുന്നവനെ ദൈവം മാനിക്കും. ദൈവഹിതം പൗലോസിനെ ജാതികളുടെയിടയിലും, കേഫാവിനെ യഹൂദന്മാർക്കിടയിലും സുവിശേഷം പറയാൻ വിളിക്കപ്പെട്ടത്.
റോമർ 1-14
“യവന്മാർക്കും ബർബരന്മാർക്കും ജ്ഞാനികൾക്കും ബുദ്ധിഹീനർക്കും ഞാൻ കടക്കാരനാകുന്നു ”
അപ്പോസ്തോലനായ പൗലോസ് റോമാ സഭയിലെ ദൈവമക്കളോട് പറയുകയാണ് എനിക്ക് ലഭിച്ച യേശുക്രിസ്തുവെന്ന സത്യ വെളിച്ചം ലോകത്തിന് മുന്നിൽ ഘോഷിക്കുവാൻ എന്നെയാക്കി വെച്ചിരിക്കുകയാണ്. നിങ്ങളുടെ വിശ്വാസം സർവലോകത്തിലും പ്രസിദ്ധമാക്കുവാൻ കൂടിയാണ് തെരെഞ്ഞെടുത്തിരിക്കുന്നത്.
എബ്രായർ 3-12
“സഹോദരന്മാരെ ജീവനുള്ള ദൈവത്തെ ത്യജിച്ചു കളയാതിരിക്കേണ്ടതിനു അവിശ്വാസമുള്ള ദുഷ്ടഹൃദയം നിങ്ങളിൽ ആർക്കും ഉണ്ടാകാതിരിക്കാൻ നോക്കുവിൻ ”
രക്ഷിക്കപ്പെട്ടവർ കൃപയാലുള്ള രക്ഷ തിരിച്ചറിയണമെന്നായിരുന്നു വിശുദ്ധ പൗലോസിന്റെ വാജ്ഞ. ബൈബിളിലുടനീളം വായിച്ചാൽ മനസ്സിലാകും അപ്പോസ്തോലന്മാർക്ക് പ്രതികൂലങ്ങൾ നേരിട്ടപ്പോഴും ഒരിക്കലും അവർ സാഹചര്യത്തെ നോക്കിയില്ല, അവരുടെ ഏതൊരു പ്രതികൂലവസ്ഥയിലും ഇറങ്ങി വന്നു പ്രവർത്തിക്കാൻ വലിയവനായ ഒരു ദൈവം അവർക്കുണ്ടെന്നുള്ള വിശ്വാസമായിരുന്നു അവരുടെ ബലം.
അപ്പോസ്തോളന്മാരായ പൗലോസും ഈശാനമൂലനെന്ന കൊടുങ്കാറ്റു അടിച്ചപ്പോളും, അണലി കടിച്ചപ്പോളും, ദാവീദിനെ സിംഹ കൂട്ടിലിട്ടപ്പോളും, മല്ലനായ ഗോലിയാത്തു മുന്നിൽ വന്നപ്പോളും പ്രാത്ഥിച്ചത് ദൈവഹിതം നടക്കട്ടെയെന്ന് മാത്രമാണ്. അത്രയും അടിയുറച്ച വിശ്വാസമായിരുന്നു അടിസ്ഥാനം. ഒരു നാളും കൈവിടാതെ ആണിപ്പാടുള്ള കരങ്ങളിൽ പൊതിഞ്ഞു സൂക്ഷിക്കുന്ന ദൈവ സ്നേഹം.
ഏലിയാവിന്റെ കാക്കയുടെ വരവിന്നും നിലച്ചിട്ടില്ല. ദൈവ മഹത്വമിപ്പോളും വിശ്വസിക്കുന്നവർക്ക് വേണ്ടി വ്യാപാരിക്കുന്നു. ഈ വചനങ്ങളാൽ ദൈവമെല്ലാവരെയും അനുഗ്രഹിക്കട്ടെ. പിതാവായ ദൈവത്തിന്റെ സ്നേഹവും, പുത്രനായ യേശുക്രിസ്തുവിന്റെ കാവലും, പരിശുദ്ധാത്മാവിന്റെ സാന്നിധ്യവും കൂടെയുണ്ടായിരിക്കട്ടെ, ആമേൻ