കോട്ടയ്ക്കൽ.–കോട്ടയ്ക്കൽ സ്മാർട് വില്ലേജ് ഓഫിസ് നിർമാണം ഇഴയുന്നതായി പരാതി. 3 വർഷം മുൻപാണ് പണി തുടങ്ങിയത്. കെട്ടിട നിർമാണം പൂർത്തിയായതല്ലാതെ ഭൗതികസൗകര്യങ്ങൾ ഒരുക്കാൻ സാധിച്ചില്ലെന്നാണു ആക്ഷേപം.
നഗരസഭാ കാര്യാലയത്തോടു ചേർന്ന ഇടുങ്ങിയ കെട്ടിടത്തിലാണ് വില്ലേജ് ഓഫിസ് കാലങ്ങളായി പ്രവർത്തിക്കുന്നത്. വിവിധ ആവശ്യങ്ങൾക്കായി വരുന്നവർക്കു വാഹനങ്ങൾ പാർക്കു ചെയ്യാനോ, വരി നിൽക്കാനോ സാധിക്കുന്നില്ല.
ഓഫിസിന്റെ ദുരവസ്ഥയെക്കുറിച്ച് മനോരമ നൽകിയ വാർത്തയുടെ അടിസ്ഥാനത്തിൽ ഡിവൈഎഫ്ഐ മുനിസിപ്പൽ കമ്മിറ്റി യാണ് സ്വന്തം കെട്ടിടം നിർമിക്കണമെന്നാവശ്യപ്പെട്ടു 4 വർഷം മുൻപ് മുഖ്യമന്ത്രിക്കു നിവേദനം നൽകിയത്. തുടർന്നു ഇതേക്കുറിച്ചു അന്വേഷിക്കാൻ സർക്കാർ കലക്ടർക്കു നിർദേശം നൽകി.
മലപ്പുറം റോഡിൽ സബ് റജിസ്ട്രാർ ഓഫിസ് വളപ്പിൽ ആവശ്യമായ സ്ഥലം റവന്യൂവകുപ്പ് വിട്ടു നൽകിയതോടെയാണ് കെട്ടിടനിർമാണം തുടങ്ങിയത്. തുടക്കത്തിൽ പണി ഊർജിതമായി നടന്നെങ്കിലും പിന്നീട് ഇഴഞ്ഞുനീങ്ങിയെന്നാണു പരാതി. വയറിങ്, പംബ്ലിങ് തുടങ്ങിയ പ്രവൃത്തികൾ നടന്നിട്ടില്ല. ഫർണീച്ചർ സൗകര്യവും ഒരുക്കിയിട്ടില്ല
എന്നാൽ, നിർമാണം പൂർത്തീകരിക്കാനാവശ്യമായ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടു മരാമത്ത് വകുപ്പിനു കത്ത് നൽകിയിട്ടുണ്ടെന്നു വില്ലേജ് അധികൃതർ അറിയിച്ചു.
– – – – –