പത്തനംതിട്ട —അച്ചന്‍കോവില്‍ നദിയിലെ കോന്നി ഈട്ടിമൂട്ടില്‍ പടിഞ്ഞാറേ മുറിയില്‍ കടവില്‍ പതിനഞ്ചോളം നീര്‍നായ്ക്കളെ കണ്ടെത്തി . പ്രമാടം പഞ്ചായത്ത് വെട്ടൂര്‍ വാര്‍ഡ് മെമ്പര്‍ ശങ്കര്‍ വെട്ടൂര്‍ കുളിക്കാന്‍ ചെന്നപ്പോള്‍ ആണ് കൂട്ടമായുള്ള നീര്‍നായ്ക്കളെ കണ്ടത് . ചെറുതും വലുതുമായ നീര്‍നായ്ക്കള്‍ സമീപത്തെ പൊന്തക്കാട്ടില്‍ നിന്നും ആണ് അച്ചന്‍കോവില്‍ നദിയില്‍ ഇറങ്ങി ഇരപിടിക്കുന്നത് കണ്ടത് .
കുളിയ്ക്കാന്‍ ഇറങ്ങുന്ന ആളുകളുടെ കാലില്‍ കടിക്കാന്‍ ഉള്ള സാധ്യത ഉണ്ട് . മുന്‍പ് ഇരുവഴിഞ്ഞിപ്പുഴയിലെ വെസ്റ്റ് കൊടിയത്തൂരില്‍ പുഴയില്‍ കുളിക്കാനിറങ്ങിയ നിരവധി ആളുകളെ നീര്‍ നായ കടിച്ചിരുന്നു . നദിയിലെ ‘കടുവ’യായി കണക്കാക്കുന്ന ജീവിയാണിത്.
ചാലിയാർ, ഭാരതപ്പുഴ, മീനച്ചിൽ ഉൾപ്പെടെയുള്ള നദീതീരങ്ങളിൽ മനുഷ്യനും നീർനായ്ക്കളും തമ്മിലുള്ള സംഘർഷങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്ന് വനഗവേഷണകേന്ദ്രം മുന്‍പ് പഠനത്തിന്‍റെ ഭാഗമായി അറിയിപ്പ് നല്‍കിയിരുന്നു .
അച്ചന്‍കോവില്‍ നദിയിലെ കോന്നി ഈട്ടിമൂട്ടില്‍ പടിഞ്ഞാറേ മുറിയില്‍ കടവില്‍ കണ്ടെത്തിയ നീര്‍ നായ്ക്കളെ കൂട് വെച്ചു പിടികൂടാന്‍ വനം വകുപ്പ് നടപടി സ്വീകരിക്കണം എന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു . ആക്രമണ കാരികളായ നീര്‍ നായ്ക്കള്‍ നദിയിലെ മത്സ്യത്തെ ആണ് വേട്ടയാടുന്നത് എങ്കിലും കുളിക്കാന്‍ ഇറങ്ങുന്നവരുടെ കാലില്‍ കടിക്കാന്‍ സാധ്യത ഉള്ളതിനാല്‍ വനം വകുപ്പ് ഉടന്‍ നടപടി സ്വീകരിക്കണം എന്നാണ് ആവശ്യം .