കൊച്ചി —ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആവേശം പകരാൻ പ്രിയങ്ക ഗാന്ധി ഇന്ന് കേരളത്തിലെത്തും. രാവിലെ 11.30ന് കൊച്ചിയിലലെത്തി. ഒരു മണിയോടെ യുഡിഎഫ് സ്ഥാനാർത്ഥി ബെന്നി ബെഹനാൻ മത്സരിക്കുന്ന ചാലക്കുടി ലോക്സഭാ മണ്ഡലത്തിലെ എരിയാട് പൊതുസമ്മേളനത്തിൽ പ്രിയങ്കാ ഗാന്ധി പങ്കെടുക്കും. ഉച്ചയ്ക്ക് രണ്ടിന് എരിയാട് നിന്ന് ഹെലികോപ്റ്ററിൽ പത്തനംതിട്ടയിലേക്ക് തിരിക്കും.
യുഡിഎഫ് സ്ഥാനാർത്ഥി ആന്റോ ആന്റണിക്ക് വേണ്ടി പത്തനംതിട്ടയിൽ പൊതുസമ്മേളനത്തിൽ പങ്കെടുത്ത ശേഷം വൈകുന്നേരം 3.30 മുതൽ 4.50 വരെ തിരുവനന്തപുരത്ത് ശശി തരൂരിന്റെ പ്രചാരണ പരിപാടിയുടെ ഭാഗമായി റോഡ് ഷോയിലും പൊതുസമ്മേളനത്തിലും പങ്കെടുത്ത ശേഷം രാത്രി എട്ടരയോടെ പ്രത്യേക വിമാനത്തിൽ പ്രിയങ്ക ഗാന്ധി തിരുവനന്തപുരത്ത് നിന്ന് ദില്ലിയിലേക്ക് മടങ്ങും.
തിരഞ്ഞെടുപ്പിന് മറ്റേകാൻ വിവിധ പാർട്ടികളുടെ ദേശീയ നേതാക്കൾ കേരളത്തിൽ വരും ദിവസങ്ങളിലെത്തും. സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ഏപ്രിൽ 21ന് കേരളത്തിൽ സന്ദർശനം നടത്തും. രണ്ട് ദിവസങ്ങളിലായി വിവിധ യോഗങ്ങളിൽ അദ്ദേഹം പങ്കെടുക്കും. സിപിഎമ്മിൻ്റെ മറ്റൊരു ദേശീയ നേതാവ് ബൃന്ദ കാരാട്ടും കേരളത്തിലെത്തും.
കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, തെലങ്കാന മുഖ്യമന്ത്രി എ. രേവന്ത് റെഡ്ഡി, കർണാടക മുഖ്യമന്ത്രി കെ. സിദ്ധരാമയ്യ എന്നിവരും വരും ദിവസങ്ങളിൽ കേരളത്തിലെത്തും. കേന്ദ്രമന്ത്രിമാരായ രാജ്‌നാഥ് സിംഗ്, അമിത് ഷാ, നിതിൻ ഗഡ്കരി തുടങ്ങിയ ബിജെപി നേതാക്കളും എൻഡിഎയുടെ പ്രചാരണത്തിനായി കേരളത്തിലെത്തുമെന്ന് പ്രതീക്ഷിക്കുന്നു. ഇവരുടെ സന്ദർശന തീയതികൾ അന്തിമമായിട്ടില്ല.