Thursday, December 26, 2024
Homeകേരളംശബരിമല വാര്‍ത്തകള്‍ /വിശേഷങ്ങള്‍

ശബരിമല വാര്‍ത്തകള്‍ /വിശേഷങ്ങള്‍

ശബരിമല പൂങ്കാവനം പരിശുദ്ധിയോടെ സംരക്ഷിക്കണം-  തന്ത്രി കണ്ഠര് രാജീവര്

ശബരിമല: ശബരിമല തീർഥാടകർക്ക് വ്രതശുദ്ധി പോലെ തന്നെ വൃത്തിയും പ്രധാനമാണെന്ന് തന്ത്രി കണ്ഠര് രാജീവര് പറഞ്ഞു. സന്നിധാനവും പരിസരവും പരിപാവനമായി സൂക്ഷിക്കാൻ ഓരോ ഭക്തനും ശ്രദ്ധിക്കണം. അത് ഭക്തരുടെ കടമയാണ്. 18 മലകളാൽ ചുറ്റപ്പെട്ട പൂങ്കാവനമാണ് ശബരിമല. അവിടെ പ്ലാസ്റ്റിക് മാലിന്യങ്ങൾ പൂർണമായും ഒഴിവാക്കണം. പ്രകൃതിയെയും ജീവജാലങ്ങളെയും അത് ദോഷകരമായി ബാധിക്കും. ഇരുമുടിക്കെട്ടിൽ നിന്ന് പ്ലാസ്റ്റിക് സാധനങ്ങൾ ഒഴിവാക്കണമെന്നും തന്ത്രി നിർദ്ദേശിച്ചു.

നട തുറക്കൽ സമയം കൂട്ടിയത്
ഭക്തർക്ക് സൗകര്യമായി

നടതുറന്നിരിക്കുന്ന സമയം കൂട്ടിയതിനാൽ ഭക്തർക്ക് നല്ല രീതിയിൽ ദർശനം നടത്താൻ സഹായകമായതായി കണ്ഠര് രാജീവര് പറഞ്ഞു. ഭക്തർ സന്തോഷത്തോടെയാണ് ദർശനം നടത്തി മടങ്ങുന്നത്. സർക്കാരിന്റെ ഭാഗത്തു നിന്ന് നല്ല സഹകരണമാണുണ്ടായത്. മന്ത്രി വി.എൻ. വാസവൻ ഒരു ദിവസം സന്നിധാനത്ത് തങ്ങിയാണ് കാര്യങ്ങൾ വിലയിരുത്തി മടങ്ങിയത്. ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്.പ്രശാന്ത് സന്നിധാനത്ത് ദിവസങ്ങളായി തന്നെ തങ്ങി പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുകയാണ്. നിലയ്ക്കലിലെയും പമ്പയിലെയും ജർമ്മൻ പന്തലുകളും കുടിവെള്ള വിതരണവുമെല്ലാം ഭക്തരെ സംബന്ധിച്ച് വലിയ കാര്യങ്ങളാണെന്നും അദ്ദേഹം പറഞ്ഞു.

പവിത്രം ശബരിമല:ദേവസ്വം ബോർഡിന്റ് ശുചീകരണ പദ്ധതിക്ക് തുടക്കം

ശബരിമല: ദേവസ്വം ജീവനക്കാരുടെയും മറ്റ് ജീവനക്കാരുടെയും നേതൃത്വത്തിൽ സന്നിധാനത്ത് നടന്നു വരുന്ന ‘പവിത്രം ശബരിമല’ ശുചീകരണ പദ്ധതിയുടെ ഈ വർഷത്തെ പ്രവർത്തനങ്ങൾക്ക് തുടക്കമായി. വലിയ നടപ്പന്തലിലെ ശുചീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിക്കൊണ്ട് ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ. പി.എസ്. പ്രശാന്ത് പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു. ശബരിമല എക്സിക്യൂട്ടീവ് ഓഫീസർ ബി. മുരാരി ബാബു അധ്യക്ഷത വഹിച്ചു.

നാലു വർഷമായി നടന്നു വരുന്ന പദ്ധതിയിൽ ഡ്യൂട്ടിക്ക് തടസ്സം ഉണ്ടാകാത്ത രീതിയിൽ മുഴുവൻ ജീവനക്കാരും പങ്കെടുക്കും. ദിവസവും രാവിലെ ഒൻപതു മുതൽ ഒരു മണിക്കൂർ നേരമാണ് ശുചീകരണം. ഓരോ ദിവസവും ഓരോ ഭാഗങ്ങളെന്ന രീതിയിൽ സന്നിധാനവും പരിസരവുമാണ് ശുചീകരിക്കുക.

അമിത വിലയീടാക്കൽ,നിയമ ലംഘനം: സംയുക്ത സ്‌ക്വാഡ്
77,000 രൂപ പിഴ ഈടാക്കി

-ഹോട്ടലുകളിൽ ഹെൽത്ത് കാർഡ് നിർബന്ധമാക്കി

ശബരിമല സന്നിധാനത്തും പരിസരത്തുമുള്ള കടകളിൽ പ്രത്യേകമായി രൂപവത്കരിച്ച സംയുക്ത സ്‌ക്വാഡ് പരിശോധന നടത്തി. കഴിഞ്ഞ ദിവസങ്ങളിൽ നടത്തിയ സംയുക്ത പരിശോധനയിൽ വിവിധ നിയമ ലംഘനങ്ങൾക്ക് 77,000 രൂപ പിഴ ഈടാക്കി. ഹോട്ടലുകളിലെ ജീവനക്കാരുടെ ഹെൽത്ത് കാർഡ്, പഴകിയതും കാലാവധി കഴിഞ്ഞതുമായി ഉത്പ്പന്നങ്ങളുടെ വിൽപ്പന എന്നിവയാണ് പരിശോധനയ്ക്ക് വിധേയമാക്കിയത്. സന്നിധാനം ഡ്യൂട്ടി മജിസ്‌ട്രേറ്റ് എസ്.എൽ സജികുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് സംയുക്ത പരിശോധന നടത്തിയത്.ഹോട്ടലുകളിൽ പ്രവർത്തിക്കുന്ന ജീവനക്കാർക്ക്് ഹെൽത്ത് കാർഡ് നിർബന്ധമാണ്. കൂടുതലും ഹോട്ടലുകളിലും ഹെൽത്ത് കാർഡുള്ളവരാണ് പ്രവർത്തിക്കുന്നത്. അല്ലാത്തിടങ്ങളിൽ ഹെൽത്ത് കാർഡ് കാണിക്കുന്നതിന് രണ്ടു ദിവസം അനുവദിച്ചിട്ടുണ്ട്. ഇതിൽ പരാജയപ്പെടുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കും. റവന്യൂ, ലീഗൽ മെട്രോളജി, ആരോഗ്യവകുപ്പ്, ഭക്ഷ്യ വകുപ്പ് എന്നീ വകുപ്പുകളിലെ ഉദ്യോഗസ്ഥരാണ് സംയുക്ത പരിശോധന സംഘത്തിലുള്ളത്.

സത്യനാരായണയ്ക്കും സുന്ദരമൂർത്തിക്കും
സന്നിധാനത്തു വെച്ച് സ്ഥാനക്കയറ്റം

ശബരിമല: ശബരിമലയിൽ സന്നിധാനത്ത് നിന്ന് യൂണിഫോമിൽ ഒരു നക്ഷത്രം കൂടി കൂട്ടിച്ചേർക്കാനായതിൻ്റെ സന്തോഷത്തിലാണ് ദ്രുതകർമ്മ സേനാംഗങ്ങളായ സത്യനാരായണയും എസ്. സുന്ദരമൂർത്തിയും. ശബരിമലയിൽ ഡ്യൂട്ടിക്കെത്തുമ്പോൾ ഇരുവരും എ. എസ്. ഐ. മാരായിരുന്നു. എസ്. ഐ. മാരായി സ്ഥാനക്കയറ്റം കിട്ടിക്കൊണ്ടുള്ള ഉത്തരവ് കഴിഞ്ഞ ദിവസമാണ് വന്നത്. ജനുവരി 19 വരെ ഇരുവർക്കും സന്നിധാനത്ത് ഡ്യൂട്ടി ആയതിനാൽ ഇവിടെ വെച്ചു തന്നെ ‘റാങ്ക് സെറിമണി’ നടത്താൻ ദ്രുതകർമ്മസേനാ അധികൃതർ തീരുമാനിക്കുകയായിരുന്നു.

ചൊവ്വാഴ്ച രാവിലെ സന്നിധാനത്ത് നടന്ന ചടങ്ങിൽ സേനയുടെ ഡെപ്യൂട്ടി കമാൻഡൻ്റ് ജി. വിജയൻ രണ്ട് നക്ഷത്രങ്ങളുള്ള പുതിയ ബാഡ്ജ് ഇവരുടെ തോളിൽ അണിയിച്ചു. അസിസ്റ്റൻ്റ് കമാൻഡൻ്റുമാരായ സതീഷ്, രമേഷ് എന്നിവരും പങ്കെടുത്തു.
സത്യനാരായണ ആന്ധ്രാപ്രദേശ് സ്വദേശിയും എസ്. സുന്ദരമൂർത്തി തമിഴ്നാട് സ്വദേശിയുമാണ്. അയ്യപ്പ സന്നിധിയിൽ വെച്ച് സ്ഥാനക്കയറ്റം നേടാനായത് വലിയ ഭാഗ്യമായി കരുതുന്നുവെന്ന് ഇരുവരും പറഞ്ഞു.

അയ്യപ്പസന്നിധി ‘ക്ലീൻ’;
24 മണിക്കൂറും പ്രവർത്തിച്ച്
ശബരിമല വിശുദ്ധി സേന വാളണ്ടിയർമാർ

ശബരിമല സന്നിധാനത്ത് എത്തുന്ന ഭക്തർക്ക് വൃത്തിയുമായി ബന്ധപ്പെട്ട് പരാതികളില്ല. പത്തനംതിട്ട ജില്ല കളക്ടർ പ്രേം കൃഷ്ണന്റെ നേതൃത്വത്തിൽ നിയമിക്കപ്പെട്ട വിശുദ്ധി സേന വാളണ്ടിയർമാരാണ് 24 മണിക്കൂറും പ്രവർത്തിച്ച് ശബരിമലയും സന്നിധാനവും പരിസരവും വൃത്തിയായി സൂക്ഷിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നത്. ദേവസ്വം ബോർഡുമായി ചേർന്നാണ് സംഘം പ്രവർത്തിക്കുന്നത്. ബോർഡാണ് ഇവർക്കുള്ള പ്രതിഫലത്തുക നൽകുന്നത്.

ജില്ല കളക്ടറുടെ സൂക്ഷ്മ നിരീക്ഷണത്തോടെ സന്നിധാനത്തുള്ള ഡ്യൂട്ടി മജിസ്‌ട്രേറ്റ് എസ്.എൽ. സജികുമാർ ആണ് മണ്ഡലകാലത്തിന്റെ തുടക്കത്തിൽ സന്നിധാനത്ത് വിശുദ്ധി സേനയുടെ ചുമതലയിലുള്ളത്. വൃത്തിരഹിതമായ സ്ഥലങ്ങൾ കണ്ടെത്തി മാലിന്യ രഹിതമാക്കുകയാണ് ശബരിമല വിശുദ്ധി സേനയുടെ പ്രധാന ദൗത്യം. ശേഖരിക്കുന്ന മാലിന്യങ്ങൾ ഇൻസിനറേറ്ററിൽ എത്തിക്കുകയാണ് ചെയ്യുന്നത്.

ആയിരം ജീവനക്കാരെയാണ് വിശുദ്ധി സേനയിലേക്ക് നിയോഗിച്ചിട്ടുള്ളത്. സന്നിധാനത്ത്് മാത്രം 300 വോളണ്ടിയർമാർ പ്രവർത്തിക്കുന്നു.പമ്പയിൽ 210,നിലയ്ക്കൽ ബേസിൽ 450,പന്തളം 30,കുളനട 10 എന്നിങ്ങനെയാണ് ആളെ നിയോഗിച്ചിട്ടുള്ളത്. സന്നിധാനത്തെ 17 സെഗ്മെന്റുകളായി തിരിച്ചാണ് വിശുദ്ധി സേനയുടെ പ്രവർത്തനം. ഓരോ സെഗ്മെന്റുകളിലും സൂപ്പർവൈസർമാരെയും നിയോഗിച്ചിട്ടുണ്ട്. തിരുമുറ്റം, നടപ്പന്തൽ, മാളികപ്പുറം ഭാഗത്ത് 24 മണിക്കൂറും ഇവരുടെ സാന്നിധ്യം കാണാം. നടപ്പന്തലിൽ അയ്യപ്പൻമാർ വിരിവയ്ക്കുകയും മറ്റും ചെയ്യുമ്പോൾ ഉണ്ടാകുന്ന പ്ലാസ്്റ്റിക്കും അല്ലാതുള്ള മാലിന്യവും ഇവർ അപ്പപ്പോൾ തന്നെ നീക്കം ചെയ്യുന്നു. മാലിന്യം നീക്കുന്നതിന് 5 ട്രാക്ടറുകളും ഇവർക്ക് ലഭ്യമാക്കിയിട്ടുണ്ട്. ജില്ല കളക്ടർ ചെയർമാനും അടൂർ ആർ.ഡി.ഓ ബി.രാധാകൃഷ്ണൻ മെമ്പർ സെക്രട്ടറിയുമായ ശബരിമല സാനിട്ടേഷൻ സൊസൈറ്റി ഇതിന്റെ മേൽ നോട്ടത്തിനായി പ്രവർത്തിക്കുന്നു.

തീർഥാടകർക്ക് വൈദ്യസഹായം നൽകി
24 മണിക്കൂറും പ്രവർത്തിക്കുന്ന ആശുപത്രികൾ

ശബരിമല: തീർഥാടകർക്ക് വൈദ്യസഹായം ആവശ്യമായി വന്നാൽ നൽകാൻ വിപുലമായ സൗകര്യങ്ങളൊരുക്കി ആരോഗ്യ വകുപ്പ്. സന്നിധാനം, പമ്പ,നിലയ്ക്കൽ, എരുമേലി തുടങ്ങിയ കേന്ദ്രങ്ങളിലും പത്തനംതിട്ട, കോട്ടയം ജില്ലകളിലെ പ്രധാന ആശുപത്രികളിലെല്ലാം പ്രത്യേക സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്.
പമ്പയിലും സന്നിധാനത്തും പ്രവർത്തിക്കുന്ന ജനറൽ ആശുപത്രികളിൽ വിദഗ്ദ ചികിത്സ അടക്കമുള്ള സൗകര്യമുണ്ട്. നീലിമല, അപ്പാച്ചിമേട് എന്നിവിടങ്ങളിൽ കാർഡിയാക് സെന്ററുകൾ സജ്ജമാക്കിയിട്ടുണ്ട്.
ചരൽമേട്, കരിമല എന്നിവിടങ്ങളിൽ താത്കാലിക ഡിസ്‌പെൻസറികൾ പ്രവർത്തിക്കുന്നു. നിലയ്ക്കലിൽ പ്രവർത്തിക്കുന്ന ആശുപത്രിയിലും കൂടുതൽ സജ്ജീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്.

ഈ കേന്ദ്രങ്ങളിലെല്ലാം 24 മണിക്കൂറും ചികിത്സ ലഭിക്കും. പമ്പ, സന്നിധാനം, നിലയ്ക്കൽ എന്നിവിടങ്ങളിൽ വെന്റിലേറ്റർ സൗകര്യം അടക്കമുള്ള അത്യാഹിത വിഭാഗവും ഉണ്ട്. ലബോറട്ടറി സൗകര്യവും ഇവിടങ്ങളിൽ ഉണ്ട്. പമ്പയിലെയും സന്നിധാനത്തെയും ആശുപത്രികളിൽ മിനി ഓപ്പറേഷൻ തീയ്യറ്ററും എക്‌സ് റേ സൗകര്യവുമുണ്ട്. ആശുപത്രികളിൽ പാമ്പുവിഷബാധയ്ക്ക് നൽകുന്ന ആന്റീവനവും ്‌ലഭ്യമാക്കിയിട്ടുണ്ട്.
എല്ലായിടത്തും സ്‌പെഷ്യലിസ്റ്റ് ഡോക്ടർമാരെയും നിയോഗിച്ചിട്ടുണ്ട്. ആവശ്യത്തിന് മരുന്നുകൾ ശേഖരിച്ചിട്ടുണ്ട്.
ഡിവോട്ടീസ് ഡോക്ടേഴ്‌സ് ഓഫ് അയ്യപ്പ എന്ന പേരിലുള്ള സന്നദ്ധ കൂട്ടായ്മയിലെ 125 ഡോക്ടർമാരും ആരോഗ്യ വകുപ്പുമായി സഹകരിച്ച് പ്രവർത്തിക്കുന്നു.

ഐ.സി.യു. ആംബുലൻസ് അടക്കം 14 ആംബുലൻസുകൾ പമ്പയിലും അഞ്ച് എണ്ണം നിലയ്ക്കലിലും സജ്ജമാക്കിയിട്ടുണ്ട്.
വടശ്ശേരിക്കര, പന്തളം ഇടത്താവളം എന്നിവിടങ്ങളിൽ ഓരോന്നും റാന്നി പെരുന്നാട്ട് രണ്ടും ആംബുലൻസുകൾ തയ്യാറാണ്. ഇതുകൂടാതെ സന്നിധാനത്ത് ദേവസ്വം ബോർഡിന്റെയും ചരൽമേട്ടിൽ വനം വകുപ്പിന്റെയും അപ്പാച്ചിമേട്ടിൽ ആരോഗ്യ വകുപ്പിന്റെയും ഓരോ ടെ റൈൻ ആംബുലൻസുകളും ഏതു സമയവും സേവനത്തിന് സജ്ജമായിട്ടുണ്ട്. പമ്പയിൽ ഒരു ബൈക്ക് ഫീഡർ ആംബുലൻസുമുണ്ട്.

15 ഇ.എം.സികൾ

15 എമർജൻസി മെഡിക്കൽ സെന്ററുകൾ (ഇ.എം.സി.) പമ്പ മുതൽ സന്നിധാനം വരെയുള്ള തീർഥാട പതയിൽ പ്രവർത്തിക്കുന്നു. നാലെണ്ണം കരിമല റൂട്ടിലും ഉണ്ട്.
എല്ലാ ഇ. എം. സി. കളിലും ഹൃദയ പരിചരണത്തിൽ പ്രത്യേക പരിശീലനം നേടിയ ജീവനക്കാരാണുള്ളത്.
നിലയ്ക്കൽ, പമ്പ, സന്നിധാനം എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന പബ്ലിക് ഹെൽത്ത് സെന്ററുകളുടെ നേതൃത്വത്തിൽ ഫോഗിങ് അടക്കമുള്ള കൊതുകു നിവാരണ പ്രവർത്തനങ്ങളും നടന്നു വരുന്നുണ്ട്.
ഹോട്ടലുകളിലെ പരിശോധന അടക്കമുള്ള കാര്യങ്ങളും ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ നടത്തുന്നു.
അടിയന്തിര ഘട്ടങ്ങളിൽ ഇടപെടേണ്ട രീതികൾ സംബന്ധിച്ച് നിരന്തരമായ പരിശീലനവും നടന്നു വരുന്നതായി ആരോഗ്യ വകുപ്പ് നോഡൽ ഓഫീസർ ഡോ. കെ.കെ. ശ്യാംകുമാർ പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments