Friday, March 13, 2026
Homeകേരളംസംസ്ഥാനത്തെ റേഷൻ വ്യാപാരികളോട് സർക്കാരിന് അനുഭാവപൂർവമായ നിലപാടാണെന്നും നിലവിൽ പ്രഖ്യാപിച്ചിരിക്കുന്ന പണിമുടക്കിൽനിന്ന് പിന്മാറണമെന്നും : ഭക്ഷ്യ...

സംസ്ഥാനത്തെ റേഷൻ വ്യാപാരികളോട് സർക്കാരിന് അനുഭാവപൂർവമായ നിലപാടാണെന്നും നിലവിൽ പ്രഖ്യാപിച്ചിരിക്കുന്ന പണിമുടക്കിൽനിന്ന് പിന്മാറണമെന്നും : ഭക്ഷ്യ മന്ത്രി ജിആർ അനിൽ

തിരുവനന്തപുരം: സംസ്ഥാനത്തെ റേഷൻ വ്യാപാരികളോട് സർക്കാരിന് അനുഭാവപൂർവമായ നിലപാടാണെന്നും നിലവിൽ പ്രഖ്യാപിച്ചിരിക്കുന്ന പണിമുടക്കിൽനിന്ന് പിന്മാറണമെന്നും ഭക്ഷ്യ മന്ത്രി ജിആർ അനിൽ. റേഷൻ വ്യാപാരികൾ ജനുവരി 27 മുതൽ പണിമുടക്ക് പ്രഖ്യാപിച്ച പശ്ചാത്തലത്തിൽ റേഷൻ വ്യാപാരി സംഘടനാ നേതാക്കളുമായി മന്ത്രി ചർച്ച നടത്തി. വ്യാപാരികളുടെ വിവിധ ആവശ്യങ്ങളിൽ വിശദമായ ചർച്ച നടന്നു.

റേഷൻ കാർഡ് ഉടമകൾക്ക് നേരിട്ട് പണം നൽകുന്ന ഡയറക്ട് ബനിഫിക്ട് ട്രാൻസ്ഫർ (ഡിബിടി) പദ്ധതി കേന്ദ്ര സർക്കാർ നടപ്പിലാക്കുന്നത് രാജ്യത്തെ പൊതുവിതരണ സംവിധാനത്തെ ദുർബലപ്പെടുത്തുമെന്ന് മന്ത്രി പറഞ്ഞു. ഇതിലുള്ള കേരളത്തിന്റെ പ്രതിഷേധം കേന്ദ്രസർക്കാരിനെ അറിയിക്കും.

2021ലെ കെടിപിഡിഎസ് ഉത്തരവ് കലോചിതമായി പരിഷ്കരിക്കണമെന്നത് റേഷൻ വ്യാപാരികളുടെ ഏറെ നാളത്തെ ആവശ്യമായിരുന്നു. റേഷൻ വ്യാപാരി സംഘടനകളുമായി നടത്തിയ ചർച്ചകളുടെ അടിസ്ഥാനത്തിൽ അതിൽ സമഗ്രമായ ഭേദഗതി വരുത്തിയിട്ടുണ്ട്. കേരള റേഷൻ വ്യാപാരി ക്ഷേമനിധി ആക്ടിൽ ആവശ്യമായ ഭേതഗതി വരുത്തി വ്യാപാരികൾക്ക് മെച്ചപ്പെട്ട ആനുകൂല്യം ഉറപ്പുവരുത്തി ക്ഷേമനിധിയെ ശക്തിപ്പെടുത്തുന്ന നടപടി അന്തിമഘട്ടത്തിലാണെന്ന് മന്ത്രി യോഗത്തിൽ അറിയിച്ചു.

റേഷൻ വ്യാപാരികൾക്ക് ആരോഗ്യ ഇൻഷ്വറൻസ് ഏർപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് വിവിധ ഏജൻസികളുമായി ചർച്ച നടത്തിയെങ്കിലും വ്യാപാരികൾക്ക് ഗുണകരമായ രീതിയിലുള്ള പദ്ധതി കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. എന്നാൽ ആകർഷണീയമായ ഒരു വിരമിക്കൽ ആനുകൂല്യ പദ്ധതി ക്ഷേമനിധി കമ്മിറ്റി തയ്യാറാക്കി സർക്കാരിന് നൽകുന്ന പക്ഷം അത് പരിഗണിക്കാമെന്ന് മന്ത്രി അഭിപ്രായപ്പെട്ടു.

ഒരു മാസം റേഷൻ കടകളിലൂടെ വിതരണം ചെയ്യുന്ന ഭക്ഷ്യധാന്യത്തിന്റെ അളവ് ഏകദേശം 11,54,000 ക്വിന്റലാണ്. റേഷൻ വ്യാപാരികൾക്ക് ഒരു മാസം കമ്മീഷൻ നൽകുന്നതിന് 33.5 കോടി രൂപ സർക്കാർ ചെലവാക്കുന്നു. ഒരു ക്വിന്റൽ ഭക്ഷ്യധാന്യ വിതരണത്തിനായി റേഷൻ വ്യാപാരികൾക്ക് നിലവിൽ ലഭിക്കുന്ന ശരാശരി കമ്മീഷൻ 300 രൂപയാണ്. ഇത് രാജ്യത്ത് നിലനിൽക്കുന്ന ഏറ്റവും ഉയർന്ന കമ്മീഷൻ നിരക്കാണ്. വ്യാപാരികൾക്ക് കമ്മീഷൻ നൽകുന്നതിനായി കേന്ദ്ര സർക്കാർ നിശ്ചയിച്ചിട്ടുള്ള തുക ഒരു ക്വിന്റലിന് 107 രൂപ മാത്രമാണ്. അതിന്റെ 50 ശതമാനമായ 53.5 രൂപ മാത്രമാണ് കേന്ദ്രം അനുവദിക്കുന്നത്. ബാക്കി ക്വിന്റലിന് ഏകദേശം 247 രൂപ നൽകുന്നത് സംസ്ഥാന സർക്കാരാണ്. ആകെ തുകയുടെ 20 ശതമാനം മാത്രമാണ് കേന്ദ്രം അനുവദിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.

വേതന പരിഷ്കരണം എന്ന വ്യാപാരികളുടെ ആവശ്യം അനുഭാവപൂർവമാണ് സർക്കാർ പരിഗണിക്കുന്നത്. ഈ മേഖലയെ ശക്തിപ്പെടുത്തി വ്യാപാരികൾക്ക് മെച്ചപ്പെട്ട ആനുകൂല്യം നൽകണമെന്നു തന്നെയാണ് സർക്കാർ നിലപാട്. കൊവിഡ് സമാശ്വാസ കിറ്റ് നൽകിയ വകയിൽ റേഷൻ വ്യാപാരികൾക്ക് സർക്കാർ നൽകാനുള്ള 13.96 കോടി രൂപ സർക്കാർ അനുവദിച്ച് ഉത്തരവായെന്ന് മന്ത്രി നേതാക്കളെ അറിയിച്ചു.

കിറ്റ് നൽകിയ വകയിൽ റേഷൻ വ്യാപാരികൾക്ക് സർക്കാർ 40 കോടിയോളം രൂപ നൽകിയിട്ടുണ്ട്. യോഗത്തിൽ സംഘടനാ നേതാക്കളായി ജി സ്റ്റീഫൻ എംഎൽഎ, ജോണി നെല്ലൂർ, സജിലാൽ, കൃഷ്ണപ്രസാദ്, മുഹമ്മദലി, ശശിധരൻ, കാരേറ്റ് സുരേഷ്, വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com