Thursday, November 14, 2024
Homeകേരളംപുതുലോകം പണിയാനുള്ള വിപ്ലവത്വരയാണ് വായനയുടെ അടിസ്ഥാനം :-വായനാദിന സന്ദേശത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ

പുതുലോകം പണിയാനുള്ള വിപ്ലവത്വരയാണ് വായനയുടെ അടിസ്ഥാനം :-വായനാദിന സന്ദേശത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ

വായനയെന്ന പ്രക്രിയ മനുഷ്യന്റെ അറിയാനും അറിവുകൾ രേഖപ്പെടുത്താനും പകർന്നു കൊടുക്കാനുമുള്ള അടിസ്ഥാന ചോദനയുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വായനാദിന സന്ദേശത്തിലാണ് അദ്ദേഹം വായനയുടെ പ്രാധാന്യത്തെക്കുറിച്ച് പറഞ്ഞത്. പുതുലോകം പണിയാനുള്ള വിപ്ലവത്വരയാണ് വായനയുടെ അടിസ്ഥാനം. ലോകത്തെയും വൈവിധ്യമാർന്ന മനുഷ്യ സംസ്കാരങ്ങളെയും അടുത്തറിയാൻ വായന നമ്മെ പ്രചോദിപ്പിക്കുന്നു. ഏതിടത്തുമുള്ള ചൂഷണങ്ങളെയും അടിച്ചമർത്തലുകളെയും എതിർക്കാനും മനുഷ്യരുടെ ദുരിതങ്ങളിൽ പങ്കുചേരാനും വായന നമ്മെ പ്രേരിപ്പിക്കുന്നു.

കേരളം കൈവരിച്ച സാമൂഹിക മുന്നേറ്റത്തിന്റെ മുഖമുദ്രയായ ഗ്രന്ഥശാലാ പ്രസ്ഥാനത്തിന്റെ സ്ഥാപകനായ പിഎൻ പണിക്കരുടെ ഓർമദിനമാണിത്. കേരളത്തിന്റെ അഭൂതപൂർവമായ വളർച്ചയിൽ ഗ്രന്ഥശാലാ പ്രസ്ഥാനവും സാക്ഷരതാ യജ്ഞവും വഹിച്ച പങ്ക് അടയാളപ്പെടുത്തിക്കൊണ്ടാണ് ഈ വായനാദിനം കടന്നുപോകുന്നത്. ഈ പുരോഗതിയെ ഊർജസ്വലമായി മുന്നോട്ടുകൊണ്ടുപോകാൻ കൂടുതൽ ആഴത്തിൽ വേരോടിയ ഒരു വായനാസംസ്കാരം വളർത്തിയെടുക്കാനാകണം.

വിവരസാങ്കേതിക വിദ്യയുടെ ഈ വിപ്ലവ കാലത്ത് വായനയുടെ രീതിയും സങ്കേതങ്ങളും ഒരുപാട് മാറിയിരിക്കുന്നു. സ്മാർട്ട്ഫോണുകൾ, കമ്പ്യൂട്ടർ, ഇ-ബുക്ക്, എഐ തുടങ്ങി ഈ രംഗത്തുണ്ടായ അഭൂതപൂർവമായ മാറ്റങ്ങൾ വായനയെ പുതിയ മാനങ്ങളിലേക്ക് ഉയർത്തിയിരിക്കുന്നു. പുതിയ കാലത്തെ വായനാരീതികളും പ്രോത്സാഹിപ്പിക്കപ്പെടേണ്ടതുണ്ട്. അറിവിനെ മാറ്റത്തിന്റെ ആയുധമാക്കാൻ ഇനിയും നമുക്ക് സാധിക്കട്ടെ. അതിന് ഈ വായനാദിനം ഊർജമാകുംമെന്നും അദ്ദേഹം സന്ദേശത്തിൽ പറയുന്നു.

 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments