കോട്ടയ്ക്കൽ.–ഉപതിരഞ്ഞെടുപ്പ് നടന്ന നഗരസഭയിലെ 2 വാർഡുകളും
യുഡിഎഫ് (മുസ് ലിം ലീഗ്) നിലനിർത്തി.
ഈസ്റ്റ് വില്ലൂർ വാർഡിൽ അടാട്ടിൽ ഷഹാന ഷഹീറും (ഭൂരിപക്ഷം 191), യുഡിഎഫ്,
എൽഡിഎഫ്, എസ്ഡിപിഐ സ്ഥാനാർഥികൾ തമ്മിൽ ശക്തമായ ത്രികോണ മത്സരം നടന്ന ചുണ്ട വാർഡിൽ വി.പി. നഷ് വ ഷാഹിദു മാണ് (ഭൂരിപക്ഷം 176) വിജയിച്ചത്. ഈസ്റ്റ് വില്ലൂർ വാർഡിൽ ഷഹാനയ്ക്കു 623 വോട്ടും എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർഥി ചെരട റഹീമ ഷെറിന് 432 വോട്ടും ലഭിച്ചു. ചുണ്ട വാർഡിൽ
നഷ്വയ്ക്കു 407 വോട്ടും എൽഡിഎഫ് സ്വതന്ത്ര റുഖിയ റഹീമിന് 231 വോട്ടും കിട്ടിയപ്പോൾ എസ്ഡിപിഐ സ്ഥാനാർഥി ഷാഹിദ മാടക്കൻ 222 വോട്ടുനേടി.
ബിജെപി ഇരു വാർഡുകളിലും മത്സരിച്ചിരുന്നില്ല. ലീഗ് സ്ഥാനാർഥികളുടെ ഭൂരിപക്ഷം കഴിഞ്ഞതവണത്തേക്കാൾ വർധിച്ചു. ചുണ്ട വാർഡിൽ നേരത്തേ നടന്ന തിരഞ്ഞെടുപ്പുകളിലെല്ലാം രണ്ടാം സ്ഥാനത്തായിരുന്ന എസ്ഡിപിഐ ഇക്കുറി മൂന്നാം സ്ഥാനത്തായി. മുനിസിപ്പൽ ലീഗ് കമ്മിറ്റിയിലെ രൂക്ഷമായ വിഭാഗീയതയെത്തുടർന്ന് സംസ്ഥാന നേതൃത്വം ആവശ്യപ്പെട്ടതു പ്രകാരം നഗരസഭാധ്യക്ഷ സ്ഥാനം രാജിവച്ച ബുഷ്റ ഷബീർ കൗൺസിലർ സ്ഥാനവും ഒഴിഞ്ഞതോടെയാണ് ഈസ്റ്റ് വില്ലൂർ വാർഡിൽ തിരഞ്ഞെടുപ്പ് വേണ്ടിവന്നത്. കൗൺസിൽ യോഗങ്ങളിൽ തുടർച്ചയായി പങ്കെടുക്കാഞ്ഞതിനാൽ ഷാഹില സജാസ് അയോഗ്യത നേരിട്ടതോടെ ചൂണ്ട വാർഡിലും തിരഞ്ഞെടുപ്പ് ആവശ്യമായി.
കക്ഷിനില:
ആകെ സീറ്റ് 32
ലീഗ് – 21
സിപിഎം – 9
ബിജെപി – 2
– – – – – – – –
കോട്ടയ്ക്കലിൽ ലീഗ് നേതൃത്വത്തിന് ഇനി തലയുയർത്തിപ്പിടിക്കാം. തുടർച്ചയായി ഉണ്ടായ അപ്രതീക്ഷിത സംഭവ വികാസങ്ങളുടെ പേരിൽ 3 മാസത്തോളമായി നിരാശയിലും അസംതൃപ്തിയിലുമായിരുന്നു നേതാക്കളും പ്രവർത്തകരും.
ഉപതിരഞ്ഞെടുപ്പിലെ മികച്ച വിജയം നേതൃത്വത്തിനു നൽകുന്ന ആത്മവിശ്വാസം ചെറുതൊന്നുമല്ല. ഇരുവാർഡുകളിലും ലീഗ് സ്ഥാനാർഥികളുടെ ഭൂരിപക്ഷം കഴിഞ്ഞ തവണത്തേക്കാൾ വർധിച്ചിട്ടുണ്ട്. ചുണ്ട വാർഡിൽ വലിയ വെല്ലുവിളി ഉയർത്തിയ എസ്ഡിപിഐ സ്ഥാനാർഥി മൂന്നാം സ്ഥാനത്തേക്കു പോയി. എസ്ഡിപിഐ അട്ടിമറി വിജയം നേടുമെന്ന പ്രചാരണം തിരഞ്ഞെടുപ്പിനോട് അടുത്തദിവസങ്ങളിൽ സജീവമായിരുന്നു. മുൻ തിരഞ്ഞെടുപ്പുകളിലെല്ലാം അവരാണ് രണ്ടാം സ്ഥാനത്തുണ്ടായിരുന്നത്.
മുനിസിപ്പൽ ലീഗ് കമ്മിറ്റിയിലെയും നഗരസഭാ ഭരണസമിതിയിലെയും വിഭാഗീയത അതിരുകടന്നതോടെ, സംസ്ഥാന നേതൃത്വം ആവശ്യപ്പെട്ടതു പ്രകാരം, നഗരസഭാധ്യക്ഷ
സ്ഥാനം ബുഷ്റ ഷബീറും ഉപാധ്യക്ഷ സ്ഥാനം പി.പി.ഉമ്മറും കഴിഞ്ഞ നവംബറിൽ രാജിവച്ചിരുന്നു. തുടർന്നു ഡിസംബറിൽ നടന്ന തിരഞ്ഞെടുപ്പിൽ ഔദ്യോഗിക സ്ഥാനാർഥികളെ തോൽപിച്ച് സിപിഎം സഹായത്തോടെ ലീഗ് വിമതരായ മുഹ്സിന പൂവൻമഠത്തിലും പി.പി.ഉമ്മറും അധ്യക്ഷയും ഉപാധ്യക്ഷനുമായി. സംസ്ഥാന നേതൃത്വവുമായി നടത്തിയ ചർച്ചയ്ക്കൊടുവിൽ ഇരുപക്ഷവും ഒന്നിക്കുകയും വിമതർ രാജിവയ്ക്കുകയും ചെയ്തു. പിന്നീട്, നടന്ന തിരഞ്ഞെടുപ്പിൽ ഡോ.കെ.ഹനീഷ, ചെരട മുഹമ്മദലി എന്നിവർ അധ്യക്ഷയും ഉപാധ്യക്ഷനുമായി. ഇടതുപിന്തുണയോടെ വിമതപക്ഷം ഭരണം പിടിച്ചതിന്റെ ക്ഷീണം മാറുംമുൻപ് മറ്റൊരു തിരിച്ചടിയും ലീഗിന് നേരിടേണ്ടിവന്നു.
കഴിഞ്ഞമാസം നടന്ന സ്ഥിരസമിതി തിരഞ്ഞെടുപ്പിൽ, വനിതാസംവരണമായ വികസന സ്ഥിരസമിതി അധ്യക്ഷ സ്ഥാനം സിപിഎമ്മിനാണ് ലഭിച്ചത്. സ്ഥിരസമിതിയിൽ ലീഗിന് വനിതാപ്രാതിനിധ്യം ഇല്ലാഞ്ഞതാണ് പ്രശ്നമായത്.അച്ചടക്ക നടപടികളുടെ ഭാഗമായി സംസ്ഥാന നേതൃത്വം ലീഗ് മുനിസിപ്പൽ കമ്മിറ്റി പിരിച്ചുവിട്ടിരുന്നു. അബ്ദുറഹിമാൻ രണ്ടത്താണിയുടെ നേതൃത്വത്തിലുള്ള അഡ്ഹോക് കമ്മിറ്റിക്കാണ് പകരം ചുമതല.
– – – – – – – –