Saturday, July 27, 2024
Homeകായികംകേരളം ഇന്ന്‌ ഗോവയോട്‌: മത്സരം രാത്രി 7ന്‌; പരിക്കേറ്റ ബെൽജിൻ കളിക്കില്ല.

കേരളം ഇന്ന്‌ ഗോവയോട്‌: മത്സരം രാത്രി 7ന്‌; പരിക്കേറ്റ ബെൽജിൻ കളിക്കില്ല.

ഇറ്റാനഗർ (അരുണാചൽപ്രദേശ്‌)
ആദ്യകടമ്പ കടന്ന കേരളത്തിനുമുന്നിൽ ഗോവ. സന്തോഷ്‌ ട്രോഫി ഫുട്‌ബോളിലെ രണ്ടാംമത്സരത്തിൽ കേരളം ഇന്ന്‌ വമ്പന്മാരായ ഗോവയെ നേരിടും. യൂപിയയിലെ ഗോൾഡൻ ജൂബിലി ടർഫ്‌ സ്‌റ്റേഡിയത്തിൽ രാത്രി ഏഴിനാണ്‌ കളി. അരുണാചൽപ്രദേശിലെ തണുപ്പും മഴയും നിറഞ്ഞ കാലാവസ്ഥയിൽ രാത്രിമത്സരം ഇരുടീമുകൾക്കും വെല്ലുവിളിയാകും. യോഗ്യതാ റൗണ്ടിൽ ഗോവയോട്‌ ഒരു ഗോളിന്‌ തോറ്റിരുന്നു കേരളം.

അസമിനെതിരായ 3–-1ന്റെ ജയം കേരളത്തിന്റെ ആത്മവിശ്വാസം കൂട്ടിയിട്ടുണ്ട്‌. വടക്കുകിഴക്കൻ കരുത്തിനെ അതിജീവിച്ചായിരുന്നു മുന്നേറ്റം. രണ്ടാംപകുതിയിൽ സമ്മർദത്തിന്‌ അടിപ്പെട്ട്‌ ചിലപ്പോഴൊക്കെ പതറിപ്പോയിരുന്നു. മധ്യനിരയിൽ ഭാവനാസമ്പന്നമായ നീക്കങ്ങളൊന്നുമുണ്ടായില്ല. ഈ പോരായ്‌മ പരിഹരിക്കാനാകും പരിശീലകൻ സതീവൻ ബാലന്റെ ശ്രമം. വിങ്ങിൽ ക്യാപ്‌റ്റൻ നിജോ ഗിൽബർട്ടും അബ്‌ദു റഹിമും ആക്രമണങ്ങൾക്ക്‌ ചുക്കാൻപിടിക്കും. മുന്നേറ്റക്കാരായ ഇ സജീഷിനെയും മുഹമ്മദ്‌ ആഷിഖിനെയും കോർത്തിണക്കാൻ മിടുക്കരാണ്‌ ഈ വിങ്ങർമാർ. അസമിനെതിരെ ആദ്യ രണ്ട്‌ ഗോളും ഈ നാൽവർസംഘത്തിന്റെ പ്രയത്‌നത്തിന്റെ ഫലമായിരുന്നു. കേരളനിരയിൽ ഇന്ന്‌ ഒരു മാറ്റമുണ്ടാകും.

പരിക്കേറ്റ വലതുപ്രതിരോധക്കാരൻ ബെൽജിൻ ബോൾസ്റ്റർ കളിക്കില്ല. അസമിനെതിരെ ഉജ്വലപ്രകടനമായിരുന്നു കെഎസ്‌ഇബിക്കാരൻ നടത്തിയത്‌. എന്നാൽ, കളിയവസാനം കാൽക്കുഴയ്‌ക്ക്‌ പരിക്കേറ്റത്‌ തിരിച്ചടിയായി. മുൻകരുതലിന്റെ ഭാഗമായി ബെൽജിന്‌ വിശ്രമം അനുവദിക്കും. കേരള യുണൈറ്റഡിന്റെ നിതിൻ മധു പകരക്കാരനാകും. അസം ഗോളിയുടെ കൈമുട്ടുകൊണ്ട്‌ മുഖത്ത്‌ പരിക്കേറ്റ ജി ജിതിൻ ആരോഗ്യം വീണ്ടെടുത്തിട്ടുണ്ട്‌. മധ്യനിരയിൽ ജിതിനും വി അർജുനും തുടരും. മുഹമ്മദ്‌ അസ്‌ഹർ ഗോൾവല കാക്കും. അക്‌ബർ സിദ്ദിഖും മുഹമ്മദ്‌ സഫ്‌നീദും പകരക്കാരുടെ ബെഞ്ചിൽത്തന്നെയാകും. ഇടവേളയ്‌ക്കുശേഷം ഇരുവർക്കും അവസരം കിട്ടും. ഗ്രൂപ്പ്‌ ‘എ’യിൽ ഒന്നാമതുള്ള കേരളത്തിന്‌ ജയിച്ചാൽ ക്വാർട്ടറിലേക്കുള്ള മുന്നേറ്റം എളുപ്പമാകും.

അരുണാചലിനോട്‌ ആദ്യകളിയിൽ 3–-3ന്‌ പിരിഞ്ഞ ഞെട്ടലിലാണ്‌ ഗോവ. പരിക്കുസമയത്താണ്‌ കുരുങ്ങിയത്‌. യോഗ്യതാ റൗണ്ടിലുള്ള ടീമിൽനിന്ന്‌ വലിയ മാറ്റങ്ങളുമായാണ്‌ അവർ എത്തിയത്‌. ഡെറിക്‌ പെരേരയ്‌ക്കുപകരം ചാൾസ്‌ ഡയസിനെ പരിശീലകനാക്കി. കളിക്കാരിലും മാറ്റമുണ്ട്‌. മികച്ച ആക്രമണനിരയാണ്‌ കരുത്ത്‌. മുഹമ്മദ്‌ ഫഹീസ്‌, ലക്‌സിമൺ റാവു റാണെ, ഡെൽറ്റൺ കൊളാസോ തുടങ്ങിയവരാണ്‌ പ്രധാന താരങ്ങൾ.

സന്തോഷ്‌ ട്രോഫി ഫിഫ 
പ്ലസിലും
ഇന്ത്യയുടെ ദേശീയ പുരുഷ ഫുട്‌ബോൾ ചാമ്പ്യൻഷിപ്പായ സന്തോഷ്‌ ട്രോഫി ലോകമെമ്പാടും എത്തിച്ച്‌ ഫിഫ. രാജ്യാന്തര ഫുട്‌ബോൾ സംഘടനയുടെ ഔദ്യോഗിക ചാനലിൽ എല്ലാ മത്സരങ്ങളും തത്സമയം കാണാം. ഫിഫ പ്ലസ്‌ ( FIFA+) എന്ന വെബ്‌സൈറ്റിലാണ്‌ കളികൾ. ചരിത്രത്തിലാദ്യമായാണ്‌ ഇന്ത്യയിലെ ഒരു ടൂർണമെന്റ്‌ ഫിഫ തത്സമയം സംപ്രേഷണം ചെയ്യുന്നത്‌. മൊബൈൽ വെബ്, മൊബൈൽ ആപ്, കണക്ട്‌ ചെയ്‌ത ടിവി ആപ്ലിക്കേഷനുകൾ, ഫാസ്റ്റ് ചാനലുകൾ എന്നിവയിലടക്കം ലഭ്യമായ ഫിഫയുടെ വീഡിയോ പ്ലാറ്റ്ഫോമാണ് ഫിഫ പ്ലസ്.
ഇത്തവണത്തെ സന്തോഷ്‌ ട്രോഫി ഫിഫയുമായി സഹകരിച്ചാകുമെന്ന്‌ നേരത്തേ പ്രഖ്യാപിച്ചിരുന്നു. എന്നാൽ, സാങ്കേതിക കാരണങ്ങളാൽ അവസാന നിമിഷം പിന്മാറി.

RELATED ARTICLES

Most Popular

Recent Comments