Thursday, December 26, 2024
Homeകേരളംനായനാർ സ്‌മൃതികളുമായി മ്യൂസിയം തുറന്നു ; ഇന്ന്‌ മുതൽ സന്ദർശകർക്ക്‌ പ്രവേശനം.

നായനാർ സ്‌മൃതികളുമായി മ്യൂസിയം തുറന്നു ; ഇന്ന്‌ മുതൽ സന്ദർശകർക്ക്‌ പ്രവേശനം.

കണ്ണൂർ; ഇ കെ നായനാരുടെ ദീപ്‌തസ്‌മരണകളുമായി കണ്ണൂർ ബർണശേരി നായനാർ അക്കാദമിയിൽ മ്യൂസിയം തുറന്നു. നായനാരുടെ 20–-ാം ചരമദിനമായ ഞായറാഴ്‌ച സിപിഐ എം നേതാക്കളും നായനാരുടെ കുടുംബാംഗങ്ങളും മ്യൂസിയം സന്ദർശിച്ചു. തിങ്കൾ മുതൽ മ്യൂസിയത്തിൽ സന്ദർശകർക്ക്‌ പ്രവേശനമുണ്ടാകും. മുതിർന്നവർക്ക്‌ 50 രൂപയും കുട്ടികൾക്ക്‌ 25 രൂപയുമാണ്‌ പ്രവേശന ഫീസ്‌.

സഞ്ചാരികൾക്കും ചരിത്രാന്വേഷികൾക്കുമായി ഇ കെ നായനാർ എന്ന  കമ്യൂണിസ്‌റ്റ്‌ നേതാവിന്റെ രാഷ്‌ട്രീയ ജീവിതവും കണ്ണൂരിന്റെ സമരചരിത്രവും മ്യൂസിയത്തിൽ ഒരുക്കിയിട്ടുണ്ട്‌. നായനാരുടെ സാന്നിധ്യം പുനസൃഷ്ടിക്കാൻ  മ്യൂസിയത്തിനുവേണ്ടി പ്രത്യേകം വികസിപ്പിച്ചെടുത്ത നൂതന ഇൻസ്‌റ്റലേഷനാണ്‌ പ്രധാന ആകർഷണം. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്  ഉപയോഗിച്ചുള്ള ഹോളോലെൻസ് പ്രൊജക്‌ഷനിലൂടെ സന്ദർശകരുടെ ചോദ്യങ്ങൾക്ക്‌ നായനാരുടെ ശബ്ദത്തിൽ ഉത്തരം ലഭിക്കും.

നായനാർ ഉപയോഗിച്ച എഴുത്തുമേശ, പെഡസ്റ്റൽ ഫാൻ, റേഡിയോ, ടിവി തുടങ്ങിയവയെല്ലാം അദ്ദേഹത്തിന്റെ മുറിയിലെന്നപോലെ സജ്ജീകരിച്ചിട്ടുണ്ട്. ജനനം മുതൽ അന്ത്യയാത്രവരെയുള്ള ജീവിതം വിശാലമായ ക്യാൻവാസിൽ വരച്ചുകാട്ടുന്ന ‘ഇ കെ നായനാരുടെ ജീവിതവും കാലവും: ചുവർചിത്ര’വുമുണ്ട്‌. അദ്ദേഹം രചിച്ച 71 പുസ്‌തകങ്ങളെക്കുറിച്ചും ലേഖനങ്ങളെക്കുറിച്ചുമുള്ള വിവരങ്ങളടങ്ങിയ ടച്ച്‌ സ്‌ക്രീനും നായനാരുടെ ജീവിതത്തിലെ നിമിഷങ്ങളും അഭിമുഖങ്ങളും  ഉൾപ്പെടുത്തിയ ഡോക്യുമെന്ററിയും ‘മുഖ്യമന്ത്രിയോട് ചോദിക്കാം’ ടിവി പരിപാടിയുടെ ഭാഗങ്ങളും പ്രദർശനത്തിലുണ്ട്‌.

കമ്യൂണിസ്‌റ്റ്‌ പ്രസ്ഥാനത്തിനായി ജീവൻ ത്യജിച്ച രക്തസാക്ഷികളെ ഓർമിപ്പിക്കുന്ന അഗ്നിപ്പറവകളും കർഷകർ, തൊഴിലാളികൾ,
സ്ത്രീകൾ, വിദ്യാർഥികൾ, സാധാരണക്കാർ എന്നിവരുടെ മുഖങ്ങൾ ഉൾക്കൊള്ളുന്ന മുഖത്തളവും കാണാം. ഇ എം എസ്‌, പി കൃഷ്ണപിള്ള,
എൻ സി ശേഖർ, കെ ദാമോദരൻ, എ കെ ജി  തുടങ്ങിയ നേതാക്കളുടെ ജീവിതചിത്രവും കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ചരിത്രം ഉൾക്കൊള്ളുന്ന ‘ചരിത്രം സചിത്രം’
ഹ്രസ്വചലച്ചിത്ര പ്രദർശനവുമുണ്ട്‌.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments