അതിരപ്പിള്ളി: കെഎസ്ആർടിസി ബസ് രാത്രി വനത്തിൽവച്ച് തകരാറിലായി. രാത്രി മുഴുവൻ ഭയന്നുവിറച്ച് യാത്രക്കാർ ബസിൽ കഴിച്ചുകൂട്ടി.കഴിഞ്ഞദിവസം മലക്കപ്പാറയിൽനിന്ന് ചാലക്കുടിയിലേക്കു യാത്രപുറപ്പെട്ട കെഎസ്ആർടിസി ബസിലെ യാത്രക്കാർക്കാണ് ബസിൽ രാത്രി കഴിച്ചുകൂട്ടേണ്ടിവന്നത്.
വൈകീട്ട് 6.10ന് മലക്കപ്പാറയിൽനിന്ന് സ്ത്രീകളടക്കം 35 യാത്രക്കാരുമായി പുറപ്പെട്ട ബസ് പത്തടി കോളനിഭാഗത്ത് എത്തിയപ്പോൾ തകരാറിലായി. ബസിന്റെ സ്റ്റിയറിംഗ് പ്രവർത്തനരഹിതമായതാണ് കാരണം. സ്റ്റിയറിംഗിന്റെ പൊട്ടിയ പൈപ്പ് കെട്ടിവച്ചിരിക്കയായിരുന്നു.
കണ്ടക്ടർ ചാലക്കുടി സ്റ്റേഷനിലേക്കു വിവരം അറിയിച്ചു. പകരം ബസ് അയയ്ക്കാമെന്ന മറുപടിയാണ് ലഭിച്ചത്. ചാലക്കുടിയിൽനിന്ന് ബസ് മലക്കപ്പാറവരെ എത്താൻ മണിക്കൂറുകൾ വേണ്ടിവരും. മലക്കപ്പാറയിൽ സ്റ്റേ ചെയ്യുന്ന ബസുകളിൽ ഒരെണ്ണം വിടാൻ യാത്രക്കാർ ആവശ്യപ്പെട്ടെങ്കിലും ചെവിക്കൊണ്ടില്ല.
വനത്തിൽ കാട്ടുമൃഗങ്ങൾ വിഹരിക്കുന്ന സ്ഥലത്തു കഴിച്ചുകൂട്ടാൻ യാത്രക്കാർ ഭയന്നു. ഫോറസ്റ്റുകാരെ വിവരം അറിയിച്ചു. വളരെ സമയം കഴിഞ്ഞ് ഒരു ഫോറസ്റ്റ് ജീപ്പ് സ്ഥലത്തെത്തി.
ഒടുവിൽ ചാലക്കുടിയിൽനിന്ന് ബസ് എത്തി യാത്രക്കാരെ കയറ്റി ചാലക്കുടിയിൽ എത്തിയതു പുലർച്ചെ രണ്ടുമണിക്കായിരുന്നു. രാത്രി ഒന്‍പതുമണിക്ക് എത്തേണ്ട ബസാണ് പുലർച്ചെ എത്തിയത്. ബസിൽ കുടുങ്ങിയ യാത്രക്കാർ ഭക്ഷണവും വെള്ളവും ലഭിക്കാതെയും വലഞ്ഞു.