തിരുവനന്തപുരം: മേയറുമായി തർക്കമുണ്ടായ വിഷയത്തിൽ ഡ്രൈവർ യദുവിന്റെ ഡ്രൈവിങ്ങിൽ തെറ്റില്ലെന്ന് കെ.എസ്.ആർ.ടി.സി. വിജിലൻസ് വിഭാഗം കണ്ടെത്തി. മേയറാണെന്ന് അറിഞ്ഞശേഷവും പ്രോട്ടക്കോൾ പാലിക്കാതെ മേയറോടു തർക്കിച്ചത് ശരിയല്ലെന്നാണ് ഡ്രൈവർക്കെതിരേയുള്ള കുറ്റം. എന്നാൽ സംഭവം നടന്ന് തൊട്ടടുത്ത ദിവസം ഹാജരാക്കിയ റിപ്പോർട്ടിൽ ക്യാമറാ ദൃശ്യങ്ങളെക്കുറിച്ച് പരാമർശമില്ലായിരുന്നു.
ഇതോടെ കെ.എസ്.ആർ.ടി.സി. വിജിലൻസ് സമർപ്പിച്ച പ്രാഥമിക റിപ്പോർട്ട് രണ്ടാംദിവസംതന്നെ മന്ത്രി മടക്കിയിരുന്നു. ക്യാമറാ ദൃശ്യങ്ങളടക്കം പരിശോധിക്കാത്തതിൽ അതൃപ്തി പ്രകടിപ്പിച്ച മന്ത്രി വിശദമായ റിപ്പോർട്ടാണ് ആവശ്യപ്പെട്ടിട്ടുള്ളത്. സി.സി.ടി.വി. ദൃശ്യങ്ങളടങ്ങിയ മെമ്മറി കാർഡും മന്ത്രി ആവശ്യപ്പെട്ടിരുന്നു. ഇതിനു പിന്നാലെ ബസിലെ സി.സി.ടി.വി. ദൃശ്യങ്ങളടങ്ങിയ മെമ്മറി കാർഡ് നഷ്ടമായി. ഇതോടെ വിജിലൻസ് അന്വേഷണവും വഴിമുട്ടിയ രീതിയിലാണ്.
ബസിലെ കണ്ടക്ടറും മറ്റു യാത്രക്കാരും ബസ് അതിവേഗത്തിലായിരുന്നുവെന്ന് മൊഴി നൽകിയിട്ടില്ല. കാർ കുറുകേയിട്ട് ഇറങ്ങിയവരാണ് തർക്കത്തിനു തുടക്കമിട്ടതെന്നാണ് യാത്രക്കാരുടെ മൊഴി.
മേയർ കെ.എസ്.ആർ.ടി.സി. ബസ് തടഞ്ഞ സംഭവത്തിൽ നിർണായക തെളിവായ നിരീക്ഷണ ക്യാമറാ ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡ് നഷ്ടമായതിൽ തമ്പാനൂർ ഡിപ്പോ മേധാവി ബഷീറിനും എൻജിനിയർ ശ്യാം കൃഷ്ണനും വീഴ്ച സംഭവിച്ചെന്ന് വിജിലൻസ് റിപ്പോർട്ട്.
മന്ത്രി ഗണേഷ് കുമാറിന്റെ നിർദേശപ്രകാരം നടത്തിയ അന്വേഷണത്തിലാണ് ഉദ്യോഗസ്ഥവീഴ്ച വെളിപ്പെട്ടത്.
ട്രിപ്പ് കഴിഞ്ഞെത്തുന്ന ബസിന്റെ മേൽനോട്ടം ഡിപ്പോ എൻജിനിയർക്കാണ്. ഡിപ്പോ മേധാവിക്കും ഉത്തരവാദിത്വമുണ്ട്.
കെ.എസ്.ആർ.ടി.സി. ഡ്രൈവറും മേയറുമായുള്ള തർക്കത്തിൽ പരാതിയിൽ പറയുന്ന കാര്യങ്ങളൊന്നും താൻ കണ്ടിട്ടില്ലെന്ന് കണ്ടക്ടർ സുബിൻ. ഡ്രൈവർ യദുവിനെതിരായ കേസിലാണ് കണ്ടക്ടറുടെ മൊഴി കന്റോൺമെന്റ് പോലീസ് രേഖപ്പെടുത്തിയത്.
യദു ലൈംഗികച്ചുവയുള്ള ആംഗ്യം കാണിച്ചോയെന്ന് തനിക്കറിയില്ല. ബസ് കാറിനെ ഓവർടേക്ക് ചെയ്യുന്നതും കണ്ടിട്ടില്ല. പിൻസീറ്റിലാണ് താൻ ഇരുന്നതെന്നും അതിനാൽ പരാതിയിൽ പറയുന്ന കാര്യങ്ങളൊന്നും ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നുമാണ് സുബിന്റെ മൊഴി. വാഹനം നിർത്തി തർക്കവും ബഹളവുമുണ്ടായപ്പോൾ മാത്രമാണ് അറിഞ്ഞതെന്നുമാണ് പോലീസിനോടു പറഞ്ഞിട്ടുള്ളത്.
അതേസമയം, ഉന്നത പോലീസ് ഉദ്യോഗസ്ഥർക്കു പരാതി നൽകിയിട്ടും ഡ്രൈവർ യദുവിന്റെ പരാതിയിൽ കേസെടുത്തിട്ടില്ല.
സിറ്റി പോലീസ് കമ്മിഷണർക്കു നൽകിയ പരാതിയും പരിശോധിക്കാനാണ് കന്റോൺമെന്റ് പോലീസിനു കൈമാറിയിട്ടുള്ളത്. സമാന പരാതി കന്റോൺമെന്റ് പോലീസിന് സംഭവദിവസം യദു നൽകിയെങ്കിലും കേസെടുത്തിരുന്നില്ല.
സിറ്റി പോലീസ് കമ്മിഷണർക്കു നൽകിയ പരാതിയിലും കേസ് രജിസ്റ്റർ ചെയ്യാൻ നിർദേശിച്ചിട്ടില്ല. ഡ്യൂട്ടി തടസ്സപ്പെടുത്തിയതടക്കമുള്ള കുറ്റങ്ങളാണ് മേയർ ആര്യാ രാജേന്ദ്രനും സച്ചിൻദേവ് എം.എൽ.എ.യ്ക്കുമെതിരേ യദു ആരോപിച്ചിട്ടുള്ളത്.
ബസിലെ സി.സി.ടി.വി. ദൃശ്യങ്ങളടങ്ങിയ മെമ്മറി കാർഡ് കണ്ടെത്താൻ തമ്പാനൂർ കെ.എസ്.ആർ.ടി.സി. സ്റ്റാൻഡിലെ സി.സി.ടി.വി. ദൃശ്യങ്ങൾ പോലീസ് പരിശോധിച്ചെങ്കിലും വ്യക്തമല്ലായിരുന്നു. ബസ് പാർക്കുചെയ്തിരുന്ന സ്ഥലത്തിനടുത്ത് ക്യാമറകൾ ഉണ്ടായിരുന്നില്ല. മെമ്മറി കാർഡുകൾ എപ്പോഴാണ് നഷ്ടമായതെന്ന് അറിയില്ലെന്നാണ് കെ.എസ്.ആർ.ടി.സി. ഉദ്യോഗസ്ഥരുടെ മൊഴി. ആർക്കുവേണമെങ്കിലും ഊരിമാറ്റാവുന്ന നിലയിലായിരുന്നു ക്യാമറകളിലെ കാർഡുകളെന്നും പോലീസ് പറയുന്നു.
മേയറും ഡ്രൈവറും തർക്കമുണ്ടായ സംഭവത്തിലെ ദൃശ്യങ്ങളടങ്ങിയ മെമ്മറികാർഡ് കാണാതായത് കെ.എസ്.ആർ.ടി.സി.യിൽനിന്നുതന്നെയെന്ന് സൂചന. കെ.എസ്.ആർ.ടി.സി.യുടെ ഉടമസ്ഥതയിലുള്ള കാർഡ് കാണാതായിട്ടും ഇത് സംബന്ധിച്ച് അന്വേഷണം നടത്താനോ കുറ്റക്കാരെ കണ്ടെത്തി നടപടിയെടുക്കാനോ അധികൃതർ തയ്യാറായിട്ടില്ല.
സംഭവദിവസം പുലർച്ചെ മൂന്നിനാണ് ബസ് തമ്പാനൂർ സ്റ്റാൻഡിലേക്ക് മാറ്റിയത്. അതുവരെ കണ്ടക്ടർ ബസിലുണ്ടായിരുന്നു. തുടർന്ന് സ്റ്റാൻഡിലെ ഉദ്യോഗസ്ഥർക്കായിരുന്നു ചുമതല.
തൊട്ടടുത്ത ദിവസം കെ.എസ്.ആർ.ടി.സി. വിജിലൻസ് പരിശോധന നടത്തിയെങ്കിലും സി.സി.ടി.വി. ക്യാമറകളുടെ കാര്യം മറച്ചുവെച്ചു. തുടക്കംമുതൽ കെ.എസ്.ആർ.ടി.സി. അധികൃതർ ബസിൽ ക്യാമറയുണ്ടെന്ന കാര്യം ഒളിപ്പിക്കാനാണ് ശ്രമിച്ചത്. പോലീസിനെയും ഇക്കാര്യം അറിയിച്ചില്ല.
രണ്ടുദിവസത്തിനുശേഷം മാധ്യമവാർത്തകളിലൂടെയാണ് പോലീസ് ക്യാമറകളുടെ കാര്യം അറിയുന്നത്. പോലീസ് ദൃശ്യങ്ങൾ ആവശ്യപ്പെട്ടപ്പോഴേക്കും മെമ്മറികാർഡുകൾ മാറ്റിയിരുന്നു.
സംഭവദിവസത്തെ സി.സി.ടി.വി. ദൃശ്യങ്ങളിൽ മേയർ ആര്യാ രാജേന്ദ്രനും സഹോദരനും തർക്കങ്ങൾ മൊബൈലിൽ പകർത്തിയവരോട് അത് ഡിലീറ്റ് ചെയ്യാൻ ആവശ്യപ്പെടുന്നുണ്ട്.
മേയറുടെ ഭർത്താവ് സച്ചിൻദേവ് എം.എൽ.എ.യും യാത്രക്കാരുടെ മൊബൈലിൽനിന്ന് ദൃശ്യങ്ങൾ ഡിലീറ്റ് ചെയ്യിച്ചതായും ആരോപണമുണ്ട്. ഇതിന്റെ തുടർച്ചയായാണ് ബസിലെ സി.സി.ടി.വി. ദൃശ്യങ്ങളും മാറ്റിയതെന്നാണ് സൂചന.
സംഭവത്തിനുശേഷം സ്റ്റാൻഡിലെത്തിയ ബസിന് സമീപം ചില യൂണിയൻ നേതാക്കളുടെ സാന്നിധ്യവും സംശയാസ്പദമാണെന്നും ജീവനക്കാർ പറയുന്നു.