മൂവാറ്റുപുഴ (എറണാകുളം): മൂവാറ്റുപുഴ – പിറവം റോഡിൽ ബൈക്കുകൾ കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം.
എറണാകുളത്ത് കൺസ്ട്രക്ഷൻ കമ്പനിയിൽ സൂപ്പർവൈസർ തൊടുപുഴ വഴിത്തല വാളാംതടത്തിൽ പ്രജീഷ് മോഹനനാണ് (38) മരിച്ചത്.
അപകടത്തിൽപ്പെട്ട രണ്ടാമത്തെ ബൈക്കിൽ സഞ്ചരിച്ചിരുന്ന ബി.ബി.എ വിദ്യാർത്ഥി എറണാകുളം വടുതല കടുവാക്കുഴിയിൽ ഡിയോൺ മോൻ ബോബനാണ് (21) പരിക്കേറ്റത്.
മാറാടി മണ്ണത്തൂർ കവലയിൽ വ്യാഴാഴ്ച രാത്രി 9 മണിയോടെയായിരുന്നു അപകടം.
എറണാകുളത്തുനിന്ന് ജോലികഴിഞ്ഞ് വീട്ടിലേക്ക് പോവുകയായിരുന്ന പ്രജീഷ് മണ്ണത്തൂർ കവലയിൽനിന്ന് വലത്തേക്ക് തിരിയാൻ ശ്രമിക്കുന്നതിനിടെ മൂവാറ്റുപുഴ ഭാഗത്തുനിന്ന് വന്ന ഡിയോണിന്റെ ബൈക്കുമായി ഇടിക്കുകയായിരുന്നു.
മൂന്നാർ വട്ടവടയിൽ സുഹൃത്തുക്കൾക്കൊപ്പം വിനോദയാത്ര കഴിഞ്ഞ് പൂത്തോട്ടയിലേക്ക് പോവുകയായിരുന്നു ഡിയോണും സംഘവും. റോഡിലേക്ക് തെറിച്ചുവീണ ഇരുവരേയും നാട്ടുകാരും സുഹൃത്തുക്കളും ചേർന്ന് മൂവാറ്റുപുഴ ജനറൽ ആശുപത്രിയിലും തുടർന്ന് കോലഞ്ചേരി മെഡിക്കൽ കോളേജിലും എത്തിച്ചെങ്കിലും പ്രജീഷിനെ രക്ഷിക്കാനായില്ല.
തലയ്ക്ക് പരിക്കേറ്റ ഡിയോൺ കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.
അശ്വതിയാണ് പ്രജീഷിന്റെ ഭാര്യ.
മക്കൾ:
ആദികേശ്, ആദിശങ്കർ.
സംസ്‌കാരം ഇന്ന് (14-03-2026-ശനി) ഉച്ചയ്ക്ക് രണ്ടിന് മാറിക അമ്പാട്ടുകവലയിലെ വീട്ടുവളപ്പിൽ.



