സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവൃത്തി ദിനം അഞ്ചാക്കി ചുരുക്കുന്നതില്‍ ഇന്നത്തെ മന്ത്രിസഭായോഗം തീരുമാനമെടുത്തേക്കും. ഇതിനുള്ള ശിപാര്‍ശ പൊതുഭരണ സെക്രട്ടറി ബുധനാഴ്ച ചീഫ്‌സെക്രട്ടറിക്ക് കൈമാറി. പ്രവൃത്തിദിനം അഞ്ചാക്കുന്നത് മന്ത്രിസഭാ യോഗത്തിന്റെ അജന്‍ഡയില്‍ ഉള്‍പ്പെടുത്തി.
നിലവില്‍ രണ്ടാം ശനിയാഴ്ച ഒഴിച്ചുള്ള ശനിയാഴ്ചകള്‍ പ്രവൃത്തി ദിനമാണ്. ശനിയാഴ്ചകള്‍ പൂര്‍ണമായി അവധിയാക്കുന്നതിനു പകരം ഏര്‍പ്പെടുത്തേണ്ട ക്രമീകരണങ്ങളെക്കുറിച്ചുള്ള മൂന്ന് ശിപാര്‍ശകളും മന്ത്രിസഭയുടെ പരിഗണനയിലുണ്ട്. നിത്യേന ഒരു മണിക്കൂര്‍ ജോലിസമയം കൂട്ടുന്നതാണ് അതിലൊന്ന്. നിലവിലെ 20 കാഷ്വല്‍ ലീവുകള്‍ പത്താക്കുക, 33 ആര്‍ജ്ജിത അവധികള്‍ 30ആക്കുക എന്നിവയും പരിഗണനയിലാണ്.
ഏജീസ് ഓഫീസിലേതു പോലെ രാവിലെ 9മുതല്‍ വൈകിട്ട് അഞ്ചര വരെ ജോലിസമയമാക്കുന്നതും പരിഗണനയിലുണ്ട്. നിലവില്‍ നഗരപ്രദേശങ്ങളില്‍ രാവിലെ 10.15മുതല്‍ വൈകിട്ട് 5.15വരെയും മറ്റിടങ്ങളില്‍ രാവിലെ 10മുതല്‍ വൈകിട്ട് 5വരെയുമാണ് ജോലി സമയം. അതേ സമയം അവധികള്‍ വെട്ടിക്കുറയ്ക്കുന്നത് ജീവനക്കാരുടെ പ്രതിപക്ഷ സംഘടനകള്‍ എതിര്‍ക്കുന്നുണ്ട്.നിലവില്‍ 42 മണിക്കൂറാണ് ആഴ്ചയിലെ പ്രവൃത്തി സമയം. ഒരു ദിവസം കുറയ്ക്കുമ്പോള്‍ മാസത്തില്‍ 21 മണിക്കൂറിന്റെയും വര്‍ഷത്തില്‍ 36 ദിവസത്തെയും കുറവുണ്ടാകും.



