പാചകവാതകത്തിന്റെ ദൗർലഭ്യം നിലനിൽക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ സ്‌കൂളുകളിൽ ഉച്ചഭക്ഷണ പാചകത്തിന് വിറക് അടുപ്പുകൾ ഉപയോഗിക്കാൻ അനുമതി നൽകി. ഉച്ചഭക്ഷണ വിതരണം തടസ്സപ്പെടാതിരിക്കാൻ ബദൽ സംവിധാനമായി ഈ തീരുമാനം എടുത്തതാണ്.
പാചകത്തിന് വിറക് അടുപ്പുകൾ ഉപയോഗിക്കാനുള്ള അനുമതി പൊതുവിദ്യാഭ്യാസ അഡീഷണൽ ഡയറക്ടർ നൽകി. മുൻപ് സ്‌കൂളുകളിൽ വിറക് അടുപ്പുകൾ ഉപയോഗിക്കരുതെന്ന് കർശന നിർദ്ദേശം ഉണ്ടായിരുന്നെങ്കിലും ഗ്യാസ് ക്ഷാമം ഉച്ചഭക്ഷണ പദ്ധതിയെ ബാധിക്കാതിരിക്കാനാണ് ഇളവ് അനുവദിച്ചത്.
പൊതുവിദ്യാഭ്യാസ അഡീഷണൽ ഡയറക്ടർ നൂൺ ഫീഡിംഗ് സൂപ്പർവൈസർമാരുമായി നടത്തിയ ഓൺലൈൻ യോഗത്തിനുശേഷമാണ് തീരുമാനം. പാചകവാതകം ലഭ്യമല്ലാത്ത സ്‌കൂളുകളിൽ മാത്രമാണ് വിറക് അടുപ്പുകൾ ഉപയോഗിക്കാൻ അനുവദിച്ചിരിക്കുന്നത്. ഗ്യാസ് വിതരണം പുനരാരംഭിക്കുന്നതോടെ വിറക് അടുപ്പുകളുടെ ഉപയോഗം നിർത്തണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്.
ഇതുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങൾ അടിയന്തിരമായി സ്‌കൂളുകളിലെത്തിക്കാൻ നൂൺ മീൽ ഓഫീസർമാർക്ക് നിർദേശം നൽകിയിട്ടുണ്ട്.
സമൃദ്ധിയിലും വിറക് അടുപ്പിലേക്ക് മാറ്റം
പാചകവാതകത്തിന്റെ ക്ഷാമം കാരണം കൊച്ചിയിലെ ജനകീയ ഭക്ഷണശാലയായ ‘സമൃദ്ധി’യിലും പാചകം വിറക് അടുപ്പിലേക്ക് മാറ്റാനുള്ള നടപടികൾ ആരംഭിച്ചു. സാധാരണക്കാർ ഏറെ ആശ്രയിക്കുന്ന ഭക്ഷണശാലയായതിനാൽ പ്രവർത്തനം തടസ്സപ്പെടാതിരിക്കാനാണ് ഈ തീരുമാനം. നിലവിൽ ലൈവ് വിഭവങ്ങളുടെ പാചകം ഉൾപ്പെടെ ചില സേവനങ്ങൾ നിയന്ത്രിച്ചിരിക്കുകയാണ്.



