കോഴിക്കോട് വെള്ളിമാടുകുന്നിൽ സ്കൂട്ടർ നിയന്ത്രണംവിട്ട് മറിഞ്ഞ് പിതാവും മകളും മരിച്ചു. വെള്ളിമാടുകുന്ന് എൻജിഒ ക്വാർട്ടേഴ്സ് റോഡിലെ കൊടുംവളവിൽ സ്കൂട്ടർ നിയന്ത്രണം വിട്ട് താഴ്ചയിലുള്ള വീടിന് മുകളിലേക്ക് മറിഞ്ഞാണ് അപകടം. തലക്കുളത്തൂർ സ്വദേശികളാണ് മരിച്ചത്.
വെള്ളിമാടുകുന്ന് ജെഡിടി ആർട്‌സ് ആൻഡ് സയൻസ് കോളജിലെ ബിരുദവിദ്യാർഥിനിയായ ഫാത്തിമ നേഹയും(19)പിതാവുമാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ പിതാവിനേയും മകളേയും നാട്ടുകാർ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
അപകടം നടന്ന സ്ഥലം അതീവ അപകടസാധ്യതയുള്ള കൊടുംവളവാണ്. ഇവിടെ നിയന്ത്രണം വിട്ട സ്കൂട്ടർ താഴ്ചയിലുള്ള വീടിൻ്റെ മുകളിലേക്കാണ് പതിച്ചത്. ഈ റോഡിൽ അപകടം പതിവാണെന്ന് നാട്ടുകാർ പറയുന്നു. അപകട സാധ്യതയുള്ള വളവിൽ ഒരു സുരക്ഷാ സംവിധാനവും ഒരുക്കിയിട്ടില്ല.
കഴിഞ്ഞ ദിവസമാണ് ഇവിടെ ഒരു ബോർഡ് സ്ഥാപിച്ചതെന്നും നാട്ടുകാർ പറഞ്ഞു. അപകട മേഖലയാണെന്ന്
കാണിച്ച് റോഡിൽ ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും മതിയായ സുരക്ഷാ ക്രമീകരണങ്ങളില്ലാത്തത് യാത്രക്കാർക്ക് ഭീഷണിയാകുന്നു.



