കേരളത്തില്‍ ശക്തമായ ഭരണവിരുദ്ധ വികാരമെന്ന് കൊല്ലത്തെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ജി കൃഷ്ണകുമാര്‍. സാധാരണ തെരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷമാണ് കേന്ദ്രത്തില്‍ ആര് ഭരിക്കുമെന്ന് ഉറപ്പിക്കാനാകുക. എന്നാല്‍ ഈ തെരഞ്ഞെടുപ്പില്‍ മുന്‍കൂറായി വ്യക്തമായി തന്നെ ജനങ്ങള്‍ക്ക് ആരാണ് ഇനി കേന്ദ്രത്തില്‍ വരാന്‍ പോകുന്നതെന്ന് അറിയാം. നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ ഒരു സര്‍ക്കാരുണ്ടാകുമ്പോള്‍ എന്തുകൊണ്ട് ആ ഭരണത്തിന്റെ ഭാഗമാകുന്ന എംപിയെ തെരഞ്ഞെടുത്തുകൂടാ എന്ന് ജനങ്ങള്‍ ചിന്തിക്കും. അതുകൊണ്ട് കേരളത്തില്‍ അവിശ്വസനീയമായ റിസള്‍ട്ടുകള്‍ ഉണ്ടാകുമെന്നും കൃഷ്ണകുമാര്‍ പറഞ്ഞു. വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുന്‍പ് വോട്ടുചെയ്യാന്‍ മടിച്ച് നില്‍ക്കുന്ന യുവാക്കളും ഇത്തവണ രാജ്യത്തിന്റെ നല്ലഭാവിയ്ക്കായി പോളിംഗ് ബൂത്തുകളിലെത്തുന്നുണ്ടെന്നും കൃഷ്ണകുമാര്‍ പറഞ്ഞു. വോട്ടെടുപ്പിന്റെ ആദ്യ മണിക്കൂറില്‍ തന്നെയാണ് കൃഷ്ണകുമാറും കുടുംബവും വോട്ടുരേഖപ്പെടുത്താനെത്തിയത്. തിരുവനന്തപുരം കാഞ്ഞിരംപാറ സ്‌കൂളിലെത്തിയാണ് കൃഷ്ണകുമാറും ഭാര്യ സിന്ധുവും സിനിമാ താരങ്ങളും സോഷ്യല്‍ മീഡിയ താരങ്ങളുമായ മക്കള്‍ അഹാന, ഇഷാനി, ദിയ, ഹന്‍സിക തുടങ്ങിയവരും വോട്ടിനെത്തിയത്.
കൃഷ്ണകുമാറിന്റെ ഇളയമകള്‍ ഹന്‍സികയുടേത് കന്നിവോട്ടാണ്. ബിജെപി ഇത്തവണ കൂടുതല്‍ സീറ്റുകള്‍ നേടുമെന്നും മൂന്നൂറോ നാന്നൂറോ എന്ന് മാത്രമേ സംശയമുള്ളൂവെന്നും വോട്ട് ചെയ്ത ശേഷം കൃഷ്ണകുമാറിന്റെ മകള്‍ ദിയ പ്രതികരിച്ചു.