പാലാ: പിണ്ണാക്കനാട് മൈലാടി എസ്.എച്ച്. കോണ്‍വന്റിലെ സിസ്റ്റര്‍ ജോസ്മരിയ (75) തലയ്ക്കടിയേറ്റ് കൊല്ലപ്പെട്ട കേസില്‍ പ്രതിയെ വെറുതെവിട്ടു. കാസര്‍കോട് മുന്നാട് മെഴുവത്തെട്ടുങ്കല്‍ സതീഷ് ബാബു(40)വിനെയാണ് കോട്ടയം അഡീഷണല്‍ ഡിസ്ട്രിക്ട് ആന്‍ഡ് സെഷൻസ് കോടതി വെറുതെവിട്ടത്. ജഡ്ജി എല്‍സമ്മ ജോസഫ് ആണ് കൊലക്കേസില്‍ വിധി പറഞ്ഞത്. കര്‍മലീത്ത സഭാംഗമായ സിസ്റ്റര്‍ അമലയുടെ കൊലപാതക കേസില്‍ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട് തിരുവനന്തപുരം സെന്‍ട്രല്‍ ജയിലിലാണ് സതീഷ് ബാബു.
ഇളങ്ങുളം ഇരുപ്പക്കാട്ട് കുടുംബാംഗമായ സിസ്റ്റര്‍ ജോസ്മരിയ 2015 ഏപ്രില്‍ 17-ന് പുലര്‍ച്ചേ 1.30-നാണ് തലയില്‍ കമ്പിവടികൊണ്ടുള്ള അടിയേറ്റ് മരിച്ചത്. സതീഷ് ബാബു മോഷണത്തിന് മഠത്തില്‍ കയറിയപ്പോള്‍ ശബ്ദംകേട്ട് സിസ്റ്റര്‍ ജോസ്മരിയ ഉണര്‍ന്ന് ബഹളം വച്ചപ്പോള്‍ കമ്പിവടി ഉപയോഗിച്ച് തലയ്ക്കടിക്കുകയായിരുന്നുവെന്നാണ് പോലീസ് കുറ്റപത്രം.
പാലാ കെ.എസ്.ആര്‍.ടി.സി. ബസ്സ്റ്റാന്‍ഡിനു സമീപം ലിസ്യൂ മഠത്തിലെ സിസ്റ്റര്‍ അമലയുടെ കൊലപാതകവുമായി ബന്ധപ്പെട്ട അന്വേഷണത്തിനിടയിലാണ് സിസ്റ്റര്‍ ജോസ്മരിയയുടെ മരണവും കൊലപാതകമാണെന്ന് കണ്ടെത്തിയത്. പിന്നീട് കത്തീഡ്രല്‍ പള്ളിയിലെ കബറിടം തുറന്ന് തലയോട്ടി തിരുവനന്തപുരത്തെ ലാബിലേക്കയച്ചു. എന്നാല്‍ പരിശോധനാഫലം വ്യക്തമല്ലാത്തതിനാല്‍ പഞ്ചാബിലെ ചാന്ദിഗ്രാഫിലേക്ക് സൂപ്പര്‍ ഇംപോസിഷന്‍ പരിശോധനയ്ക്കയച്ചു.
പരിശോധനയില്‍ തലയ്ക്ക് പൊട്ടലുണ്ടെന്ന് തെളിഞ്ഞിട്ടുണ്ട്. കേസില്‍ 22 സാക്ഷികളെ വിസ്തരിച്ചു. 22 പേരും പ്രോസിക്യൂഷന് അനുകൂലമായാണ് മൊഴി നല്‍കിയത്. സതീഷ് ബാബുവിനെതിരേ 24 കേസുകളാണ് ചാര്‍ജ് ചെയ്തിരുന്നത്. ഇതില്‍ സിസ്റ്റര്‍ അമലയുടെ കൊലപാതക കേസിലും ഭരണങ്ങാനം മഠത്തിലെ മോഷണക്കേസിലും മാത്രമാണ് ശിക്ഷിച്ചത്. മറ്റുകേസുകളില്‍ വെറുതെ വിട്ടു.