വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് റിയാദ് ജയിലിൽ കഴിയുന്ന കോഴിക്കോട് കോടമ്പുഴ സ്വദേശി അബ്ദുൾ റഹീമിന്റെ മോചന നടപടിക്രമങ്ങൾ വേഗത്തിലാക്കി റഹീം നിയമ സഹായ സമിതി പ്രവർത്തകർ. ഫെഡറൽ ബാങ്കിലും ഐസിഐസിഐ ബാങ്കിലുമായി ആപ്പ് മുഖേനയും ക്യുആർ കോഡ് മുഖേനയുംസമാഹരിച്ച തുക വിദേശകാര്യ മന്ത്രാലയത്തിന്റെ അക്കൗണ്ടിലേക്ക് മാറ്റാനുള്ള പ്രാഥമിക കത്തിടപാടുകൾ നടന്നുകഴിഞ്ഞു. തുക പിന്നീട് സൗദിയിലെ ഇന്ത്യൻ എംബസിയിലേക്ക് ട്രാൻസ്ഫർ നടത്തും.
റഹീമിനെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാൻ ആവശ്യമായ 34 കോടി രൂപ ചുരുങ്ങിയ ദിവസം കൊണ്ടാണ് സമാഹരിച്ചത്. റഹീമിന്റെയും സൗദി സ്വദേശിയുടെയും അഭിഭാഷകർ മുഖേന കോടതിയിൽ വിഷയം അവതരിപ്പിക്കുകയും മോചനദ്രവ്യം ലഭിക്കുന്നതോടെ വധശിക്ഷാ ആവശ്യത്തിൽ നിന്ന് പിന്മാറാമെന്ന് കുടുംബം കോടതിയിൽ സത്യവാങ്മൂലം നൽകുകയും ചെയ്യും. തുടർന്ന് കുട്ടിയുടെ കുടുംബത്തിന് കോടതി മുഖേന ഓപ്പൺ ചെയ്യുന്ന അക്കൗണ്ടിലേക്ക് തുക ലഭ്യമാക്കും. ഇത്രയും കാര്യങ്ങൾ പൂർത്തിയാകുന്നതോടെ മാത്രമാണ് റഹീമിന്റെ മോചനം സാധ്യമാകുകയെന്ന് നിയമ സഹായ സമിതി പ്രവർത്തകർ വ്യക്തമാക്കി.
സൗദിയില്‍ ഈദ് അവധി ദിനങ്ങളായതുകൊണ്ട് അടുത്ത ഞായറാഴ്ച മുതൽ മാത്രമേ കോടതികള്‍ പ്രവർത്തിച്ചു തുടങ്ങുകയുള്ളു. സാധാരണഗതിയിൽ ഇത്തരം നടപടിക്രമങ്ങൾക്ക് ഒരു മാസത്തോളമെങ്കിലും സമയമെടുക്കാറുണ്ട്. എന്നാൽ വളരെ പഴക്കമുള്ള കേസായതിനാൽ പെട്ടന്ന് തന്നെ തീർപ്പാക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ. മരിച്ച കുട്ടിയുടെ അഭിഭാഷകരും കുടുംബവും റഹീം നിയമ സഹായ സമിതി പ്രവർത്തകരും തമ്മിലുള്ള ഓൺലൈൻ യോഗം ഇന്നലെ നടന്നു. 34 കോടി രൂപ സമാഹരിച്ച കാര്യം സൗദി കുടുംബത്തെയും അഭിഭാഷകരെയും ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്. നടപടി ക്രമങ്ങളുടെ കാലതാമസം മാത്രമേ ബാക്കിയുള്ളുവെന്നും വ്യക്തമാക്കിയിട്ടുണ്ട്.