Thursday, December 26, 2024
Homeകേരളംഡോക്ടറുടെ കുറിപ്പടിയില്ലാതെ ആന്റിബയോട്ടിക് വില്പന: ഒരു വർഷത്തിനിടെ നടപടി നേരിട്ടത് 342 സ്ഥാപനങ്ങൾ.

ഡോക്ടറുടെ കുറിപ്പടിയില്ലാതെ ആന്റിബയോട്ടിക് വില്പന: ഒരു വർഷത്തിനിടെ നടപടി നേരിട്ടത് 342 സ്ഥാപനങ്ങൾ.

പാലക്കാട്: ഡോക്ടറുടെ കുറിപ്പടിയില്ലാതെ ആന്റിബയോട്ടിക് വിറ്റതിന് ഒരുവർഷത്തിനിടെ നടപടി നേരിട്ടത് 342 സ്ഥാപനങ്ങൾ. ആന്റിബയോട്ടിക്കുകളുടെ അമിത ഉപയോഗം തടയാൻ ഡ്രഗ്‌സ് കൺട്രോൾ വിഭാഗം ‘ഓപ്പറേഷൻ അമൃത്’ എന്ന പേരിൽ നടത്തിയ പരിശോധനയിലാണ് ഇത്രയും ഫാർമസികളുടെയും മെഡിക്കൽ ഷോപ്പുകളുടെയും ലൈസൻസ് താത്കാലികമായി റദ്ദ് ചെയ്തത്. നാനൂറിലധികം സ്ഥാപനങ്ങൾക്ക് കാരണംകാണിക്കൽ നോട്ടീസും നൽകി.

ആന്റി മൈക്രോബിയൽ റസിസ്റ്റൻസ് ഇന്റർവെൻഷൻ ഫോർ ടോട്ടൽ ഹെൽത്ത് എന്നതിന്റെ ചുരുക്കപ്പേരാണ് (അമൃത്). ഡോക്ടറുടെ കുറിപ്പടിയില്ലാതെയുള്ള ആന്റിബയോട്ടിക് വില്പനയും ഉപയോഗവും തടയുകയാണ് ലക്ഷ്യം. ദുരുപയോഗത്തിലൂടെ ആന്റിബയോട്ടിക്കുകളെ പ്രതിരോധിക്കാൻശേഷിയുള്ള രോഗാണുക്കളുണ്ടാവുന്നത് ഗുരുതര ആരോഗ്യപ്രശ്നങ്ങൾക്ക് വഴിവെക്കുന്നുണ്ടെന്ന കണ്ടെത്തലിനെത്തുടർന്നാണ് നടപടി ശക്തമാക്കുന്നത്.

2023 ജൂൺ മുതലാണ് സംസ്ഥാനത്ത് ഡ്രഗ്സ് കൺട്രോളർ നിയോഗിച്ച പ്രത്യേക സ്ക്വാഡിന്റെ പ്രവർത്തനം ആരംഭിച്ചത്. 2023-ൽ 342 കേസുകളും 2024-ൽ 52 കേസുകളും രജിസ്റ്റർചെയ്തു. കുറിപ്പടിയില്ലാതെ ആന്റിബയോട്ടിക് വിൽക്കുന്ന സ്ഥാപനത്തിന് ആദ്യം കാരണംകാണിക്കൽ നോട്ടീസ് നൽകും. മറുപടി തൃപ്തികരമല്ലെങ്കിലാണ് ലൈസൻസ് റദ്ദ് ചെയ്യുന്നത്.
കുറ്റം ആവർത്തിച്ചാൽ ലൈസൻസ് സ്ഥിരമായി റദ്ദ് ചെയ്യുമെന്ന് സംസ്ഥാന ഡ്രഗ്സ് കൺട്രോളർ ഡോ. കെ. സുജിത്ത് കുമാർ പറഞ്ഞു

വ്യാജവും ലേബലില്ലാത്തതുമായ സൗന്ദര്യവർധക വസ്തുക്കളുടെ വില്പന തടയുന്നതിനായി നടത്തുന്ന ഓപ്പറേഷൻ സൗന്ദര്യയിൽ 40 സ്ഥാപനങ്ങൾക്കെതിരേ നടപടിയെടുത്തു. ഗുണനിലവാരമില്ലാത്ത ഫേസ് ക്രീമുകൾ, ലിപ്‌സ്റ്റിക്, പൗഡർ തുടങ്ങിയ നിരവധി വസ്തുക്കളും കണ്ടെടുത്തു. സാമ്പിൾ ശേഖരിച്ച് ലാബിൽ പരിശോധിച്ചാണ് ഗുണനിലവാരം ഉറപ്പാക്കുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments