കോട്ടയ്ക്കൽ.–ദേശീയപ്രസ്ഥാനത്തിന്റെ ഭാഗമായി കെ.കേളപ്പൻ, മുഹമ്മദ് അബ്ദുറഹിമാൻ തുടങ്ങിയവർക്കൊപ്പം പ്രവർത്തിച്ച അമ്പാടി വാസുദേവൻ നായർ നൂറിന്റെ നിറവിൽ. പത്താംവയസ്സിൽ കോൺഗ്രസ് പ്രവർത്തകനായ അദ്ദേഹത്തിന്റെ ആവേശം ഇന്നും ചോർന്നിട്ടില്ല.
ഊരകം സ്വദേശിയായ വാസുദേവൻ നായർ 6, 7 ക്ലാസുകളിൽ കോട്ടയ്ക്കൽ ഗവ. രാജാസ് സ്കൂളിൽ പഠിക്കുമ്പോഴാണ് ദേശീയ പ്രസ്ഥാനത്തിൽ ആകൃഷ്ടനാകുന്നത്. സ്കൂളിലേക്കായി വീട്ടിൽ നിന്നിറങ്ങുന്ന ബാലൻ ഗുരുവായൂരിലും അങ്ങാടിപ്പുറത്തും മറ്റും നടന്ന ക്ഷേത്രപ്രവേശന സമരങ്ങളിൽ സജീവപങ്കാളിയായി. വിദ്യാർഥി ആണെന്ന പരിഗണനയിൽ പലപ്പോഴും നിയമ നടപടികളിൽ നിന്നു രക്ഷപ്പെട്ടു.
സർക്കാർ ജോലി ലഭിച്ചെങ്കിലും സ്വീകരിക്കാതെ പൊതുരംഗത്ത് സജീവമാവുകയായിരുന്നു. പലരും അക്ഷരാഭ്യാസം നേടാതിരുന്ന അക്കാലത്ത് വിവിധ ഭാഗങ്ങളിൽ പോയി ആളുകളെ വർത്തമാന പത്രങ്ങൾ വായിച്ചുകേൾപ്പിച്ചു. വിവിധ അപേക്ഷകൾ പൂരിപ്പിക്കാൻ നാട്ടുകാരെ സഹായിച്ചു. വിദേശത്തുള്ള ബന്ധുക്കൾക്കു കത്തെഴുതാനായി ആളുകൾ സമീപിച്ചിരുന്നതും അദ്ദേഹത്തെയായിരുന്നു. സ്വത്തുതർക്കങ്ങൾ പരിഹരിക്കാനും മറ്റും മുന്നിൽനിന്നു.
നൂറാം പിറന്നാൾ ആഘോഷത്തിന്റെ ഭാഗമായി വാസുദേവൻനായർക്കു ആശംസകൾ നേരാൻ എ.പി.അനിൽകുമാർ എംഎൽഎ, ഡിസിസി പ്രസിഡന്റ് വി.എസ്.ജോയ് എന്നിവർ വീട്ടിലെത്തിയിരുന്നു. ഭാര്യ: പാർവതിഅമ്മ. മക്കൾ: പമ്പാവാസൻ, നിർമല, ഗോപാലകൃഷ്ണൻ, സുജാത.
– – – – –