63 ാമത് സംസ്ഥാന സ്‌കൂൾ കലോത്സവത്തിന് തിരുവനന്തപുരം ഒരുങ്ങി
ഉദ്ഘാടനം ജനുവരി നാലിന് മുഖ്യമന്ത്രി നിർവഹിക്കും
ഉദ്ഘാടന ചടങ്ങിൽ പരിപാടി അവതരിപ്പിക്കാൻ വയനാട് വെള്ളാർമല സ്‌കൂളിലെ കുട്ടികളും
63 ാമത് സംസ്ഥാന സ്‌കൂൾ കലോത്സവത്തിന് (ജനുവരി 4) തിരി തെളിയും. രാവിലെ 9 മണിക്ക് പ്രധാന വേദിയായ സെൻട്രൽ സ്റ്റേഡിയത്തിൽ പൊതുവിദ്യാഭ്യാസ ഡയറക്ടർ പതാക ഉയർത്തുന്നതോടെയാണ് കലോത്സവത്തിന് തുടക്കമാവുക. സെൻട്രൽ സ്റ്റേഡിയത്തിൽ ഒരുക്കിയിട്ടുള്ള ഒന്നാം വേദിയായ എം. ടി. – നിളയിൽ രാവിലെ 10 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ഔപചാരിക ഉദ്ഘാടനം നിർവഹിക്കും.
പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ പൊതുവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി റാണി ജോർജ് സ്വാഗതം ആശംസിക്കും. മന്ത്രിമാരായ ജി.ആർ.അനിൽ, കെ.രാജൻ, എ.കെ.ശശീന്ദ്രൻ, റോഷി അഗസ്റ്റിൻ, കെ എൻ ബാലഗോപാൽ തുടങ്ങി 29 മുഖ്യാതിഥികൾ പങ്കെടുക്കും.
തുടർന്ന് ശ്രീനിവാസൻ തൂണേരി രചിച്ച് കാവാലം ശ്രീകുമാർ ചിട്ടപ്പെടുത്തിയ കലോത്സവത്തിന്റെ സ്വാഗത ഗാനത്തിന്റെ നൃത്താവിഷ്‌കാരം കലാമണ്ഡലത്തിലെ കുട്ടികളും പൊതുവിദ്യാലയത്തിലെ കുട്ടികളും ചേർന്ന് അവതരിപ്പിക്കും. വയനാട് വെള്ളാർമല ജി.എച്ച്.എസ്.എസിലെ കുട്ടികൾ അവതരിപ്പിക്കുന്ന സംഘനൃത്തവും ഉദ്ഘാടന ചടങ്ങിന്റെ ഭാഗമാണ്. ഉദ്ഘാടന സമ്മേളനത്തിനുശേഷം ഒന്നാംവേദിയിൽ ഹൈസ്കൂൾ വിഭാഗം പെൺകുട്ടികളുടെ മോഹിനിയാട്ടം മത്സരം നടക്കും. ആദ്യ ദിവസം 24 വേദികളിലാണ് മത്സരങ്ങൾ നടക്കുക.
25 വേദികളിലായാണ് മത്സരങ്ങൾ നടക്കുക. സെൻട്രൽ സ്റ്റേഡിയമാണ് പ്രധാന വേദി. മത്സരവേദികൾക്ക് കേരളത്തിലെ പ്രധാന നദികളുടെ പേരുകളാണ് നൽകിയിട്ടുള്ളത്. മത്സരങ്ങൾ തത്സമയം കൈറ്റ് വിക്ടേഴ്സ് ചാനലിലൂടെ സംപ്രേഷണം ചെയ്യും. മത്സര ഫലങ്ങൾ വേദികൾക്കരികിൽ പ്രദർശിപ്പിക്കാൻ ഡിജിറ്റൽ സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. മത്സരങ്ങൾ കാണുന്നതിനും മത്സരപുരോഗതി തത്സമയം അറിയുന്നതിനും കൈറ്റ് മൊബൈൽ ആപ്പ് തയ്യാറാക്കിയിട്ടുണ്ട്. ഉത്സവം എന്ന പേരിലുള്ള മൊബൈൽ ആപ്പ് പ്ലേസ്റ്റോറിൽ ലഭ്യമാണ്. മത്സരത്തിൽ എ ഗ്രേഡ് നേടുന്ന എല്ലാ വിദ്യാർഥികൾക്കും ഒറ്റത്തവണ സാംസ്കാരിക സ്കോളർഷിപ്പായി 1,000 രൂപ നൽകും.
പതിനയ്യായിരത്തോളം വിദ്യാർത്ഥികൾ മത്സരങ്ങളിൽ പങ്കെടുക്കും. സംസ്‌കൃതോത്സവവും, അറബിക് സാഹിത്യോത്സവവും ഇതോട് അനുബന്ധിച്ച് നടക്കും. കലോത്സവ ചരിത്രത്തിൽ ആദ്യമായി തദ്ദേശീയ ജനതയുടെ 5 നൃത്തരൂപങ്ങൾകൂടി ഈ വർഷത്തെ കലോത്സവത്തിന്റെ മത്സര ഇനങ്ങളാകും. മംഗലംകളി, പണിയനൃത്തം, പളിയനൃത്തം, മലപുലയ ആട്ടം, ഇരുള നൃത്തം എന്നിവയാണ് പുതുതായി ഉൾപ്പെടുത്തിയ നൃത്തരൂപങ്ങൾ.
സംസ്‌കൃതോത്സവം ഗവ. മോഡൽ എച്ച്.എസ്.എസ്., ഗവ. മോഡൽ എൽ.പി.എസ്. തൈയ്ക്കാട് എന്നീ സ്‌കൂളുകളിലും അറബിക് കലോത്സവം ശിശു ക്ഷേമ സമിതി ഹാൾ തൈയ്ക്കാട്, ഗവ. മോഡൽ എച്ച്.എസ്.എസ്. തൈയ്ക്കാട് എന്നീ വേദികളിലുമാണ് നടക്കുന്നത്. സംസ്‌കൃത സെമിനാറും, പണ്ഡിത സമാദരണവും അറബിക് എക്സിബഷനും ഇതോടൊപ്പം സംഘടിപ്പിക്കുന്നുണ്ട്.
സ്വർണകപ്പ് ഘോഷയാത്ര
കാസർകോട് നിന്ന് ആരംഭിച്ച സ്വർണകപ്പ് ഘോഷയാത്ര (ജനുവരി 3) രാവിലെ തിരുവനന്തപുരം ജില്ലയിൽ എത്തിച്ചേരും. വിവിധ സ്‌കൂളുകളിൽ നിന്ന് സ്വീകരണം ഏറ്റുവാങ്ങി വൈകുന്നേരം 5 മണിയോടെ പി.എം.ജി. യിൽ എത്തിച്ചേരുന്ന ഘോഷയാത്രയിൽ മന്ത്രി വി ശിവൻ കുട്ടി സ്വർണകപ്പ് ഏറ്റുവാങ്ങും. തുടർന്ന് ഘോഷയാത്ര മുഖ്യ വേദിയായ സെൻട്രൽ സ്റ്റേഡിയത്തിൽ എത്തിച്ചേരും.
രജിസ്ട്രേഷൻ
സ്‌കൂൾ കലോത്സവത്തിന്റെ രജിസ്ട്രേഷൻ തിരുവനന്തപുരം എസ്.എം.വി. ഹയർ സെക്കൻഡറി സ്‌കൂളിൽ രാവിലെ (ജനുവരി 3) 10 മുതൽ ആരംഭിക്കും. 7 കൗണ്ടറുകളിലായി 14 ജില്ലകൾക്കും പ്രത്യേകം രജിസ്ട്രേഷൻ സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. പ്രത്യേകം ഹെൽപ്പ് ഡെസ്‌ക്കും ക്രമീകരിച്ചിട്ടുണ്ട്. നാളെ മുതൽ റെയിൽവേ സ്റ്റേഷൻ, ബസ് സ്റ്റാൻഡ് എന്നിവിടങ്ങളിൽ എത്തിച്ചേരുന്ന മത്സരാർത്ഥികളെ രജിസ്ട്രേഷൻ കൗണ്ടറിലേക്കും, താമസ സ്ഥലത്തേക്കും, ഭക്ഷണപന്തലിലേക്കും എത്തിക്കുന്നതിന് ഗതാഗത സൗകര്യങ്ങൾ സജ്ജമാക്കിയിട്ടുണ്ട്. കേരളത്തിലെ വിവിധ ജില്ലകളിൽ നിന്ന് മേളയ്ക്കെത്തുന്ന വാഹനങ്ങളിൽ പ്രത്യേക തിരിച്ചറിയൽ കോഡുകളോട് കൂടിയ സ്റ്റിക്കറുകൾ പതിക്കും.
ഭക്ഷണ പന്തൽ പുത്തരിക്കണ്ടത്ത്
പുത്തരിക്കണ്ടം മൈതാനത്തിലാണ് ഭക്ഷണ പന്തൽ തയ്യാറാകുന്നത്. പഴയിടം മോഹനൻ നമ്പൂതിരിക്കാണ് ഊട്ടുപുരയുടെ ചുമതല. ഒരേസമയം 20 വരികളിലായി നാലായിരം പേർക്ക് ഭക്ഷണം കഴിക്കാൻ കഴിയുന്ന രീതിയിലാണ് പന്തൽ. രാത്രി (ജനുവരി 3) ഭക്ഷണത്തോടെയാണ് ഊട്ടുപുരയുടെ പ്രവർത്തനം ആരംഭിക്കുന്നത്. വിദ്യാർഥികളിൽ നിന്നും പൊതുജനങ്ങളിൽ നിന്നും ഉൽപന്ന സമാഹരണം നടത്തി കലവറ നിറയ്ക്കുന്ന പരിപാടി തുടരുകയാണ്. പുത്തരിക്കണ്ടം മൈതാനത്തെ ഭക്ഷണ കലവറ മന്ത്രി വി.ശിവൻകുട്ടി സന്ദർശിച്ച് ഒരുക്കങ്ങൾ വിലയിരുത്തി. ഭക്ഷ്യ മന്ത്രി ജി.ആർ അനിൽ, കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ, മേയർ ആര്യാ രാജേന്ദ്രൻ തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു.
അടിയന്തര ചികിത്സ ലഭിക്കുന്നതിനായി ഡോക്ടർമാരുടെ സേവനവും, ആംബുലൻസും എല്ലാ വേദികളിലും ഒരുക്കിയിട്ടുണ്ട്. എല്ലാ വേദിയിലും കുടിവെള്ള വിതരണത്തിനായി സംവിധാനം ഉറപ്പാക്കിയിട്ടുണ്ട്. വേദികളിലും, താമസ സ്ഥലങ്ങളിലും ശുചീകരണ പ്രവർത്തനങ്ങൾക്കായി ഹരിത കർമ്മസേനയുടെ സേവനം ലഭ്യമാകും.
ജനുവരി 8-ന് വൈകിട്ട് 5 ന് സ്‌കൂൾ കലോത്സവത്തിന്റെ സമാപന സമ്മേളനം നടക്കും. പൊതുവിദ്യാഭ്യാസ മന്ത്രിയുടെ അധ്യക്ഷതയിൽ നടക്കുന്ന സമാപന സമ്മേളനം പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യും. ചലച്ചിത്ര താരം ടോവിനോ തോമസ് മുഖ്യാതിഥിയായി പങ്കെടുക്കും.
മൽസരാർഥികൾക്കുള്ള സൗകര്യങ്ങൾ അറിയാം ക്യൂ ആർ കോഡിലൂടെ
കലോത്സവത്തിനെത്തുന്ന മൽസരാർഥികൾക്കായി ഒരുക്കിയിരിക്കുന്ന സൗകര്യങ്ങളെക്കുറിച്ച് സമഗ്രമായി അറിയാൻ ക്യൂ ആർ കോഡ് സംവിധാനം. ക്യൂ ആർ കോഡ് സ്‌കാൻ ചെയ്താൽ ഓരോ ജില്ലയിലെയും മത്സരാർഥികൾക്ക് അനുവദിച്ചിട്ടുള്ള താമസസ്ഥലം, രജിസ്ട്രേഷൻ സെന്റർ, ഭക്ഷണസ്ഥലം തുടങ്ങിയവയുടെ വിശദാംശങ്ങൾ അറിയാൻ സാധിക്കും. കൂടാതെ, നോഡൽ ഓഫീസർമാരുടെ ഫോൺ നമ്പർ, താമസസ്ഥലത്തിന്റെ ഫോൺ നമ്പർ, താമസ സ്ഥലത്തിന്റെ ലൊക്കേഷൻ, കലോത്സവത്തിന്റെ ബ്രോഷർ, മത്സര സ്ഥലങ്ങളുടെ ലൊക്കേഷൻ, നോട്ടീസ് എന്നിവയും ക്യൂ ആർ കോഡിലൂടെ അറിയാം.
ക്യൂ ആർ കോഡ് സംവിധാനത്തിന്റെ പ്രകാശനം മന്ത്രി വി ശിവൻകുട്ടി നിർവഹിച്ചു. സംഘാടക സമിതി ചെയർമാൻ മന്ത്രി ജി ആർ അനിലിന് കൈമാറിയാണ് ക്യൂ ആർ കോഡ് പ്രകാശനം ചെയ്തത്.
താമസ സൗകര്യം ആവശ്യമുള്ള മത്സരാർഥികൾക്ക് ഓൺലൈനായി രജിസ്‌ട്രേഷൻ ചെയ്യുന്ന സമയത്ത് തന്നെ അത് രേഖപ്പെടുത്താൻ സൗകര്യം ഒരുക്കിയിട്ടുണ്ട്. മത്സരരാർത്ഥികൾക്ക് താമസ സൗകര്യം ഒരുക്കുന്നതിനായി 25 സ്‌കൂളുകളാണ് സജ്ജമാക്കിയിരിക്കുന്നത്. ആൺകുട്ടികൾക്കും, പെൺകുട്ടികൾക്കും പ്രത്യേകം പ്രത്യേകം താമസ സൗകര്യമാണ് ഒരുക്കിയിട്ടുള്ളത്. കൂടാതെ 10 സ്‌കൂളുകൾ റിസർവ്വായും കരുതിയിട്ടുണ്ട്. എല്ലാ താമസ സ്ഥലങ്ങളിലും അധ്യാപകരെ രണ്ട് ഷിഫ്റ്റായി ഡ്യട്ടിക്ക് നിയോഗിച്ചിട്ടുണ്ട്. കൂടാതെ പെൺകുട്ടികൾ താമസിക്കുന്ന സ്‌കൂളുകളിൽ വനിതാ പോലീസ് അടക്കമുള്ള പോലീസ് ഉദ്യോഗസ്ഥരുടെ സേവനം ലഭ്യമാക്കിയിട്ടുണ്ട്. എല്ലാ കേന്ദ്രങ്ങളിലും മത്സരവേദികൾ, റൂട്ട്മാപ്പ് തുടങ്ങിയവ പ്രദർശിപ്പിക്കും.
സ്‌കൂൾ കലോത്സവത്തിന് പിന്തുണ പ്രഖ്യാപിച്ച് ട്രേഡ് യൂണിയനുകൾ
63-ാമത് സ്‌കൂൾ കലോത്സവ നടത്തിപ്പിന് പിന്തുണ പ്രഖ്യാപിച്ച് തൊഴിലാളി സംഘടനകൾ. സ്‌കൂൾ കലോത്സവവുമായി ബന്ധപ്പെട്ട് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി വിളിച്ചു ചേർത്ത യോഗത്തിലാണ് രാഷ്ട്രീയ ഭേദമെന്യേ എല്ലാ ട്രേഡ് യൂണിയനുകളും പിന്തുണ പ്രഖ്യാപിച്ചത്. കലോത്സവ വേദികളിലേക്ക് സൗജന്യമായി ഓട്ടോ സർവീസ് നടത്താൻ ഒരുക്കമാണെന്ന് വിവിധ ട്രേഡ് യൂണിയനുകൾ അറിയിച്ചു. തൊഴിലാളി സംഘടനാ പ്രവർത്തകരെ ആദ്യമായി കലോത്സവത്തിന്റെ സംഘാടനത്തിൽ ഭാഗഭാക്കാക്കിയതിനുള്ള നന്ദി എല്ലാ സംഘടനകളും പ്രകടിപ്പിച്ചു. വിവിധ യുവജന സംഘടനകളും യോഗത്തിൽ പങ്കെടുത്തു. സി.ഐ.ടി.യു, എ.ഐ.ടി.യു.സി, ഐ.എൻ.ടി.യു.സി, ബി.എം.എസ്, കെ.ടി.യു.സി (ബി), പി.എസ്.യു, എച്ച്.എം.എസ്, എൻ.വൈ.സി (എസ്), സേവ യൂണിയൻ, എസ്.ടി.യു, എച്ച്.എം.കെ.പി., ഡി.വൈ.എഫ്.ഐ, കെ.എസ്.യു എന്നീ സംഘടനകളുടെ പ്രതിനിധികളാണ് പങ്കെടുത്തത്. പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ ഷാനവാസ് എസ്, അഡിഷണൽ ഡയറക്ടർ ഷിബു ആർ.എസ്, എസ് സി ഇ ആർ ടി ഡയറക്ടർ ഡോ. ജയപ്രകാശ് ആർ കെ, എസ് ഐ ഇ ടി ഡയറക്ടർ ബി അബുരാജ് എന്നിവരും യോഗത്തിൽ പങ്കെടുത്തു.
സ്‌കൂൾ കലോത്സവം: നഗരത്തിൽ ഗതാഗത നിയന്ത്രണം
സംസ്ഥാന സ്‌കൂൾ കലോത്സവം നടക്കുന്ന ജനുവരി 4 മുതൽ 8 വരെ കിഴക്കേകോട്ടയിൽ ട്രാഫിക് നിയന്ത്രണം ഉണ്ടാകുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. കിഴക്കേകോട്ട മുതൽ പഴവങ്ങാടി ഗണപതി ക്ഷേത്രംവരെ റോഡിന്റെ ഇരുവശങ്ങളിലും കെ.എസ്.ആർ.ടി.സിയും സ്വകാര്യ ബസുകളും സർവീസ് നടത്താൻ അനുവദിക്കില്ല. ഈ ഭാഗങ്ങളിൽനിന്നുള്ള ബസ് സർവീസുകൾ അട്ടക്കുളങ്ങര, വെട്ടിമുറിച്ച കോട്ട, കോട്ടയ്ക്കകം എന്നിവിടങ്ങളിലുള്ള പാർക്കിംഗ് കേന്ദ്രങ്ങളിൽ നിന്നും സർവീസ് നടത്തും.
ജനുവരി 4ന് സെൻട്രൽ സ്റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന സ്‌കൂൾ കലോത്സവത്തിന്റെ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കാൻ വിവിധ സ്ഥലങ്ങളിൽ നിന്നും വാഹനങ്ങളിൽ വരുന്നവർ സെക്രട്ടേറിയറ്റ് ഗേറ്റ്-2 (ആസാദ് ഗേറ്റ്) ഭാഗത്ത് വാഹനത്തിൽ നിന്നും ഇറങ്ങിയശേഷം സ്റ്റേഡിയത്തിന്റെ തെക്കുഭാഗത്തെ ഗേറ്റ് (വൈ എം സി എ) വഴി സ്റ്റേഡിയത്തിനകത്ത് പ്രവേശിക്കണമെന്ന് തിരുവനന്തപുരം ഡെപ്യൂട്ടി കമ്മീഷണർ ഓഫ് പോലീസ് ബി വി വിജയ് ഭാരത് റെഡ്ഡി അറിയിച്ചു.
വലിയ വാഹനങ്ങൾക്ക് ആറ്റുകാൽ ക്ഷേത്ര പാർക്കിംഗ് ഗ്രൗണ്ടിലും, പൂജപ്പുര ഗ്രൗണ്ടിലും പാർക്കിംഗ് സൗകര്യം ഒരുക്കിയിട്ടുണ്ട്. കാറുൾപ്പെടെയുള്ള ചെറിയ വാഹനങ്ങൾ പുളിമൂട് മുതൽ ആയൂർവേദകോളേജ് വരെയും ആയൂർവേദകോളേജ് മുതൽ കുന്നുംപുറം വരെയുള്ള റോഡിലും യൂണിവേഴ്‌സിറ്റി സെനറ്റ് ഹാൾ പരിസരത്തും, സംസ്‌കൃത കോളേജ് പാർക്കിംഗ് ഗ്രൗണ്ടിലും പാർക്ക് ചെയ്യാൻ സൗകര്യമൊരുക്കും.
ജനുവരി 4ന് സെക്രട്ടേറിയറ്റിന് മുൻവശവും സെൻട്രൽ സ്റ്റേഡിയത്തിന് ചുറ്റും വാഹനങ്ങൾ പാർക്ക് ചെയ്യാൻ അനുവദിക്കില്ല. പാർക്കിംഗ് സ്ഥലങ്ങളിലല്ലാതെ വേദികളുടെ സമീപ റോഡുകളിലോ ഇടറോഡുകളിലോ വാഹനങ്ങൾ പാർക്ക് ചെയ്യാൻ പാടില്ലെന്നും പോലീസ് വ്യക്തമാക്കി. പാർക്ക് ചെയ്യുന്ന വാഹനങ്ങളെ റിക്കവറി വാഹനം ഉപയോഗിച്ച് നീക്കം ചെയ്യുമെന്ന് ഡിസിപി അറിയിച്ചു.
ഭക്ഷണശാല സ്ഥിതി ചെയ്യുന്ന പുത്തരിക്കണ്ടം മൈതാനത്തേക്ക് മത്സരാർത്ഥികളുമായി വരുന്ന സ്‌കൂൾ ബസുകൾ ഗാന്ധി പാർക്കിന് സമീപത്തുള്ള കെ.എസ്.ആർ.ടി.സിയുടെ ഗ്യാരേജിൽ പാർക്ക് ചെയ്യണം. ഔദ്യോഗികമായി മത്സരാർത്ഥികളുമായി വരുന്ന വാഹനങ്ങൾ മാത്രമെ കെ.എസ്.ആർ.ടി.സിയുടെ ഗ്യാരേജിൽ പാർക്ക് ചെയ്യാൻ അനുവദിക്കൂ. പുത്തരിക്കണ്ടത്തേക്ക് വരുന്ന ഒഫിഷ്യലുകളുടെയും, രക്ഷിതാക്കളുടെയും വാഹനങ്ങൾ പവർ ഹൗസ് റോഡിലുള്ള ലോറി പാർക്കിംഗ് ഗ്രൗണ്ടിൽ പാർക്ക് ചെയ്യണം. പാചകപ്പുരയിലേക്ക് സാധനങ്ങളുമായി വരുന്ന വാഹനങ്ങൾ പവർഹൗസ് റോഡിൽ നിന്നും പുത്തരിക്കണ്ടത്തേക്കുള്ള ഗേറ്റ് വഴി അകത്തേക്ക് പ്രവേശിച്ച് പാചകപുരയ്ക്ക് പുറകുവശത്തായി പാർക്ക് ചെയ്യണം. കുടിവെള്ളവുമായി വരുന്ന വാട്ടർ അതോറിറ്റിയുടെ വാഹനങ്ങൾ പവർഹൗസ് റോഡിൽ നിന്നും പുത്തരിക്കണ്ടത്തേക്കുള്ള ഗേറ്റ് വഴി അകത്തേക്ക് പ്രവേശിച്ച് ഇടത് വശത്ത് പാർക്ക് ചെയ്യണം. പട്ടം സെന്റ് മേരീസ്, ഗവ. ഗേൾസ് എച്ച്.എസ്.എസ് പട്ടം എന്നീ സ്‌കൂളുകളിലേക്ക് വരുന്ന വലിയ വാഹനങ്ങൾക്ക് എം.ജി കോളേജ് പാർക്കിംഗ് ഗ്രൗണ്ടിൽ പാർക്ക് ചെയ്യാൻ സൗകര്യമൊരുക്കും.
ക്രമ നമ്പർ
വേദികൾ
പാർക്കിങ് സ്ഥലങ്ങൾ
ചെറിയ വാഹനങ്ങൾ
വലിയ വാഹനങ്ങൾ
1 സെൻട്രൽ സ്റ്റേഡിയം
കേരള യുണിവേഴ്‌സിറ്റി ക്യാമ്പസ്, സംസ്‌കൃത കോളേജ്, എൽഎംഎസ് പാർക്കിംഗ് ഗ്രൗണ്ട്, പുളിമുട് മുതൽ ആയുർവേദ കോളേജ് ജംഗ്ഷൻ വരെയുള്ള റോഡിന്റെ ഇരു വശവും (പേ&പാർക്കിംഗ് ഏരിയ)
ആറ്റുകാൽ ക്ഷേത്ര പാർക്കിംഗ് ഗ്രൗണ്ട് & പൂജപ്പുര ഗ്രൗണ്ട്
2 അയ്യങ്കാളി ഹാൾ (VJT)
കേരള യൂണിവേഴ്‌സിറ്റി ക്യാമ്പസ്, എൽഎംഎസ് പാർക്കിംഗ് ഗ്രൗണ്ട്
3 സെന്റ്. ജോസഫ് എച്ച്.എസ്.എസ്, ജനറൽ ഹോസ്പിറ്റൽ ജംഗ്ഷൻ
കേരള യൂണിവേഴ്‌സിറ്റി ക്യാമ്പസ്, എ.കെ.ജി മുതൽ ജനറൽ ഹോസ്പിറ്റൽ ജംഗ്ഷൻ വരെ റോഡിന്റെ ഇരുവശവും, ജനറൽ ഹോസ്പിറ്റൽ ജംഗ്ഷൻ മുതൽ വഞ്ചിയൂർ വരെ റോഡിന്റെ ഒരു വശത്ത്.
4 വിമൻസ് കോളേജ്
കോളേജ് കോമ്പൗണ്ടിനകത്ത്, പി.ടി.സി ഗ്രൗണ്ട്, വിമൻസ് കോളേജ് ജംഗ്ഷൻ മുതൽ കോളേജിന്റെ നോർത്ത് ഗേറ്റ് വരെ റോഡിന്റെ ഒരുവശം.
5 കോട്ടൺഹിൽ എച്ച്.എസ്.എസ്
എസ്.എം.സി പാലോട്ടുകോണം റസിഡൻസ് വരെയുള്ള റോഡിന്റെ ഒരു വശം
6 കാർമൽ എച്ച്.എസ്.എസ്., വഴുതക്കാട്
7 ടാഗോർ തിയേറ്റർ
ടാഗോർ തിയേറ്റർ കോമ്പൗണ്ടിനകത്ത്, ട്രിവാൻഡ്രം ക്ലബ് മുതൽ എസ്.എം.സി വരെയുള്ള റോഡിന്റെ ഒരു വശം. വാട്ടർ അതോറിറ്റി കോമ്പൗണ്ട്
8 ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എൻജിനിയേഴ്സ് ഹാൾ, വെള്ളയമ്പലം
വാട്ടർ അതോറിറ്റി കോമ്പൗണ്ട്, ജിമ്മി ജോർജ് ഇൻഡോർ സ്റ്റേഡിയം പാർക്കിംഗ് ഏരിയ
9 നിശാഗന്ധി
വാട്ടർ അതോറിറ്റി കോമ്പൗണ്ട്, ജിമ്മി ജോർജ് ഇൻഡോർ സ്റ്റേഡിയം പാർക്കിംഗ് ഏരിയ, എൽഎംഎസ് പാർക്കിംഗ് ഗ്രൗണ്ട്
10 നിർമ്മല ഭവൻ എച്ച്.എസ്
സാൽവേഷൻ ആർമി സ്‌കൂൾ ഗ്രൗണ്ട്
11 ഗവ:ഗേൾസ് എച്ച്.എസ്.എസ് പട്ടം
കേന്ദ്രീയ വിദ്യാലയം മുതൽ കേശവദാസപുരം വരെയുള്ള റോഡിന്റെ ഇരുവശവും (പേ&പാർക്കിംഗ് ഏരിയ), എം.ജി കോളേജ് ഗ്രൗണ്ട്
എം.ജി കോളേജ് ഗ്രൗണ്ട്
12 സെന്റ് മേരീസ് സ്‌കൂൾ, പട്ടം
കേന്ദ്രീയ വിദ്യാലയം മുതൽ കേശവദാസപുരം വരെയുള്ള റോഡിന്റെ ഇരുവശവും (പേ&പാർക്കിംഗ് ഏരിയ), എം.ജി കോളേജ് ഗ്രൗണ്ട്
13bപൂജപ്പുര സാംസ്‌കാരിക കേന്ദ്രം
പൂജപ്പുര ഗ്രൗണ്ട്, എൽബിഎസ് പൂജപ്പുര
പൂജപ്പുര ഗ്രൗണ്ട്
14 മോഡൽ ബോയ്സ് എച്ച് എസ് എസ്. തൈക്കാട്
PTC ഗ്രൗണ്ട്, ആർട്ട്സ് കോളേജ്, തൈക്കാട് ഗസ്റ്റ് ഹൗസ് മുതൽ മോഡൽ എൽപി.എസ് വരെയുള്ള റോഡിന്റെ ഒരു വശം.
ആറ്റുകാൽ ക്ഷേത്ര പാർക്കിംഗ് ഗ്രൗണ്ട് & പൂജപ്പുര ഗ്രൗണ്ട്
15 മോഡൽ എൽ പി.എസ്,തൈക്കാട്
16 ശിശുക്ഷേമ സമിതി
17 ഭാരത് ഭവൻ
18 സംഗീത കോളേജ്
19 കാർത്തിക തിരുനാൾ ഓഡിറ്റോറിയം
ഗവ:സെൻട്രൽ സ്‌കൂൾ, അട്ടക്കുളങ്ങര
ആറ്റുകാൽ ക്ഷേത്ര പാർക്കിംഗ് ഗ്രൗണ്ട്
20 ഗവ: മോഡൽ ഗേൾസ് എച്ച്.എസ്.എസ്, മണക്കാട്
ആറ്റുകാൽ ക്ഷേത്ര പാർക്കിംഗ് ഗ്രൗണ്ട്, ഐരാണിമുട്ടം ഹോമിയോ കോളേജ്
21 ഗവ:എച്ച്.എസ്.എസ്. ചാല
ഗവ: ബോയ്സ് എച്ച്.എസ്.എസ്. ചാല
22 എസ്.എം.വി സ്‌കൂൾ
മാഞ്ഞാലിക്കുളം ഗ്രൗണ്ട്
23 പുത്തരിക്കണ്ടം
പവർഹൗസ് റോഡിലുള്ള ലോറി പാർക്കിംഗ് ഗ്രൗണ്ട്, ഫോർട്ട് ഹൈസ്‌കൂൾ
KSRTC ഗ്യാരേജ് (Official Route vehicles only)
ട്രാഫിക് ക്രമീകരണങ്ങളുടെ വിവരങ്ങൾ അറിയുന്നതിന് 04712558731, 9497930055 എന്നീ നമ്പരുകളിൽ ബന്ധപ്പെടണം
സ്കൂൾ കലോത്സവം: പന്തൽ കൈമാറി
63ാമത് സംസ്ഥാന സ്‌കൂൾ കലോത്സവത്തിന്റെ പ്രധാന വേദിയായ സെൻട്രൽ സ്റ്റേഡിയത്തിലെ പന്തലിന്റെ നിർമാണം പൂർത്തിയാക്കി സംഘാടക സമിതിക്ക് കൈമാറി.
മന്ത്രി വി ശിവൻകുട്ടിയാണ് ചടങ്ങിന് നേതൃത്വം നൽകിയത്. കലോത്സവത്തിന്റെ ഭാഗമായുള്ള വൈദ്യുത ദീപാലങ്കാരത്തിന്റെ ഉദ്ഘാടനവും മന്ത്രി വി ശിവൻകുട്ടി നിർവഹിച്ചു. ചടങ്ങിൽ മന്ത്രി ജി ആർ അനിൽ, മേയർ ആര്യാ രാജേന്ദ്രൻ, ആന്റണി രാജു എംഎൽഎ, പി.സി വിഷ്ണുനാഥ് എംഎൽഎ, പൊതുവിദ്യാഭ്യാസ ഡയറക്ടർ ഷാനവാസ് എസ് എന്നിവർ പങ്കെടുത്തു