കൊച്ചി: വെള്ളിയാമറ്റത്തെ ക്ഷീര കർഷകരായ കുട്ടികൾക്ക് പ്രയാസമുണ്ടായപ്പോൾ അവരുടെ അരികിലേയ്ക്ക് സർക്കാർ ഓടിയെത്തിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 2025 നവംബർ ഒന്നിന് കേരളം അതിദരിദ്രരില്ലാത്ത സംസ്ഥാനം ആകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. നവകേരള സദസിനെ പ്രതിപക്ഷ നേതാവ് വെല്ലുവിളിച്ചു. മുതിർന്ന നേതാക്കളിറങ്ങും എന്ന് പറഞ്ഞു. എന്നാൽ മുതിർന്നവരെ കാണട്ടെയെന്ന് ഞങ്ങളും തീരുമാനിച്ചു. പ്രതിപക്ഷ നേതാവിൻ്റെ ആ ആഗ്രഹമൊന്നും ഇവിടെ ചിലവാകില്ലെന്നും പിണറായി പറഞ്ഞു.
ബസിൽ വരുന്നതിനിടെ അഞ്ചാറ് ചെറുപ്പക്കാർ പട്ടികയുമായി ഓടി വരുന്നത് കണ്ടു. പ്രതിപക്ഷ നേതാവിൻ്റെയും കോൺഗ്രസിൻ്റേയും ബഹിഷ്ക്കര ആഹ്വാനം അദ്ദേഹത്തിൻ്റെ പാർട്ടിക്കാരടക്കമുള്ള ബഹുജനങ്ങൾ തളളി. കേരളത്തിന്റെ കാര്യത്തിൽ ബിജെപിക്ക് നിരാശയുണ്ട്. കേരളം ബിജെപിയെ സ്വീകരിക്കുന്നില്ല.
കേരളത്തിൻ്റേത് ഉറച്ച മത നിരപേക്ഷ മനസാണ്. പ്രതിപക്ഷത്തിന്റെ ബഹിഷ്കരണം ജനങ്ങൾ തള്ളുകയാണ്. ജനങ്ങൾ ഒരുമയോടെയുള്ള നാടിനെ ഒരു ശക്തിയും തകർക്കാനാവില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
അതേസമയം, കുന്നത്തുനാട് നവകേരള സദസിൽ മുഖ്യമന്ത്രിക്കെതിരെ ട്രാൻസ്ജൻ്റേഴ്സ് കരിങ്കൊടി കാണിച്ചു. കോലഞ്ചേരിയിൽ പരിപാടി കഴിഞ്ഞ് ബസിൽ മടങ്ങുമ്പോഴാണ് അപ്രതീക്ഷിതമായി 5 ട്രാൻസ്ജൻ്റേഴ്സ് ബസിനു മുന്നിലെത്തി കരിങ്കൊടി കാണിച്ചത്. ഇവരെ പൊലീസ് നീക്കം ചെയ്തു.