രാജ്യത്ത് പാചകവാചക പ്രതിസന്ധിക്കിടെ രണ്ട് എൽപിജി ടാങ്കറുകൾ ഹോർമുസ് കടലിടുക്ക് കടന്നു. ആശുപത്രികൾക്കും വിദ്യാഭ്യാസസ്ഥാപനങ്ങൾക്കും എൽപിജി സിലിണ്ടറുകളുടെ വിതരണം നിലച്ചുതുടങ്ങിയതിന് പിന്നാലെയാണ് പ്രതീക്ഷയെന്നോണം രണ്ട് ടാങ്കറുകള്‍ കടലിടുക്ക് കടന്നത്.
എൽപിജി വിതരണ കേന്ദ്രങ്ങൾക്ക് മുമ്പിൽ വൻ തിരക്ക് അനുഭവപ്പെട്ടതോടെ ദില്ലിയിൽ പൊലീസ് സുരക്ഷ വർധിപ്പിച്ചു. പഞ്ചാബിൽ വരിനിന്ന ഒരാൾ കുഴഞ്ഞുവീണു മരിച്ചു.
പല സംസ്ഥാനങ്ങളിലും സ്‌കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതിയെ ബാധിച്ചിട്ടുണ്ട്. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കരിഞ്ചന്തയിൽ എൽപിജി വില 6000 കടന്നുവെന്നാണ് റിപ്പോർട്ട്. ചില സംസ്ഥാനങ്ങളിൽ പൂഴ്‌ത്തിവെച്ച സിലിണ്ടറുകൾ അധികൃതർ പിടിച്ചെടുത്തു. സിലിണ്ടർ ക്ഷാമം അതിരൂക്ഷമാകുമ്പോഴും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആവർത്തിക്കുകയാണ് കേന്ദ്രം.
പ്രതിദിന സിലിണ്ടർ ബുക്കിങ് 55.70 ലക്ഷത്തിൽനിന്നു 76 ലക്ഷമായെന്നും പരിഭ്രാന്തി മൂലം ബുക്കിംഗ് വർദ്ധിക്കുമെന്നുമാണ് കേന്ദ്രത്തിന്റെ വാദം. 50 ലക്ഷം സിലിണ്ടറുകൾ ദിവസേന വിതരണം ചെയ്യുന്നുവെന്നാണ് കേന്ദ്രം അവകാശപ്പെടുന്നത്. അതിനിടെ രണ്ട് ഇന്ത്യൻ എണ്ണ കപ്പലുകള്‍ ഹോർമുസ് കടലിടുക്ക് കടന്നു.



