തമിഴ്നാട്: തമിഴ് നാട് തിരുപ്പൂർ മംഗളപ്പട്ടിക്ക് സമീപം ചിന്നകാങ്കയം പാളയത്താണ് സംഭവം. 16 വേലംപാളയം വില്ലേജ് ഓഫീസറായ ജഗന്നാഥനെയാണ് (47) കാറിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മദ്യലഹരിയിൽ കാറിൽ എസി പ്രവർത്തിപ്പിച്ച ശേഷം കിടന്നുറങ്ങിയതാവാം മരണ കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
ജഗന്നാഥന്റെ ഭാര്യ പാപ്പാത്തിയും രണ്ടു മക്കളും കുറച്ചു ദിവസം മുമ്പ് ബന്ധുവിന്റെ വീട്ടിലേക്ക് പോയതിനെ തുടർന്ന് ജഗന്നാഥൻ തനിച്ചായിരുന്നു വീട്ടിൽ താമസം. കാറിൽ നിന്ന് ദുർഗന്ധം വരുന്നത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാരാണ് ഭാര്യയെ ഫോൺ ചെയ്ത് വിവരം അറിയിച്ചത്. തുടർന്ന് കാറിന്റെ ചില്ല് തകർത്തു പരിശോധിച്ചപ്പോഴാണ് ജഗന്നാഥനെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തുന്നത്. പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി കേസെടുത്ത് അന്വേഷണമാരംഭിച്ചു.