വീടുകളിലും ക്ഷേത്രങ്ങളിലും നിലവിളക്കിലും മണ്‍ചെരാതുകളിലും കാര്‍ത്തിക ദീപം തെളിയിച്ച് ആഘോഷിക്കും. വൃശ്ചികത്തിലെ കാര്‍ത്തിക നക്ഷത്രം ദേവിയുടെ ജന്മദിനമാണ്. അധര്‍മത്തിന്റെ മേല്‍ പരാശക്തി പൂര്‍ണവിജയം നേടിയ ദിവസമെന്ന നിലയിലാണ് ഈ ദിനം ആചരിക്കുന്നത്.
ദേവീക്ഷേത്രങ്ങളില്‍ പ്രത്യേക പൂജകളുണ്ടാകും. ഇത്തവണ ദേവീപ്രാധാന്യമുള്ള വെള്ളിയാഴ്ച ദിനത്തിൽ തൃക്കാർത്തിക വരുന്നതിനാൽ ദേവീക്ഷേത്രങ്ങളിൽ നാരങ്ങാവിളക്ക്, നെയ്‌വിളക്ക് എന്നിവ സമർപ്പിക്കുന്നത് ഉത്തമമാണ്.
ദേവീപ്രീതിയ്ക്ക് അത്യുത്തമമായ തൃക്കാർത്തിക ദിനത്തിൽ വ്രതം അനുഷ്ഠിക്കുന്നതും വീടുകളില്‍ ചിരാതുകൾ തെളിച്ചു പ്രാർത്ഥിക്കുന്നതും ദേവീകടാക്ഷത്തിനും ഐശ്വര്യത്തിനും ദാരിദ്ര്യ ദുഃഖശമനത്തിനും കാരണമാകുന്നുവെന്നാണ് വിശ്വാസം. തൃക്കാര്‍ത്തിക ദിനത്തിൽ ദേവിയുടെ സാമീപ്യം ഭൂമിയില്‍ ഉണ്ടായിരിക്കുമെന്നാണ് ഐതിഹ്യം.
വിഷ്ണുപൂജയിൽ ഏറ്റവും പ്രാധാന്യമുള്ള തുളസിയുടെ അവതാരം തൃക്കാർത്തിക ദിനത്തിലായിരുന്നു. പാലാഴിമഥന സമയത്ത് സർവ ഐശ്വര്യങ്ങളുമായി മഹാലക്ഷ്മി ആവിർഭവിച്ചത് വൃശ്ചികമാസത്തിലെ കാർത്തിക നാളിലെന്നാണ് വിശ്വാസം. ഉമാമഹേശ്വരന്മാരുടെ പുത്രനായ സുബ്രഹ്മണ്യനെ എടുത്തുവളർത്തിയത് കാർത്തിക നക്ഷത്രത്തിന്റെ ദേവതയായ കൃതികമാർ ആണ്. അതിനാൽ തൃക്കാർത്തിക ദിവസം ദീപം തെളിച്ചു പ്രാർത്ഥിച്ചാൽ മഹാദേവന്റെയും ദേവിയുടെയും സുബ്രഹ്മണ്യന്റെയും മഹാവിഷ്ണുവിന്റെയും അനുഗ്രഹം ഒരുമിച്ച് ലഭിക്കുമെന്ന് പറയപ്പെടുന്നു.
മഹിഷാസുര നിഗ്രഹം കഴിഞ്ഞു വരുന്ന ദേവിയെ സ്തുതിക്കുന്നതാണ് തൃക്കാർത്തിക ആയി ആഘോഷിക്കുന്നത് എന്നു ദേവീപുരാണത്തിൽ പറയുന്നു.
ലക്ഷ്മീദേവിയുടെ പ്രീതിയ്ക്കായി വീടും പരിസരങ്ങളും ദീപങ്ങളാല്‍ അലങ്കരിക്കുന്ന ആഘോഷവേളയാണിത്. അധര്‍മത്തിന്റെ മേല്‍ പരാശക്തി പൂര്‍ണ വിജയം നേടിയ ദിവസമായും തൃക്കാര്‍ത്തിക ആചരിക്കുന്നു. മത്സ്യമാംസാദികള്‍ ത്യജിച്ച് വ്രതത്തോടെയാണ് ഭക്തര്‍ കാര്‍ത്തിക ദീപം തെളിയിക്കുന്നത്. സന്ധ്യയ്ക്ക് വീടുകളിലും വഴിയോരങ്ങളിലും മണ്‍ചെരാതുകളില്‍ എണ്ണത്തിരിയിട്ട് ദീപം തെളിയിക്കുന്നതാണ് രീതി. ഇപ്പോള്‍ മെഴുകുതിരികളാണ് കൂടുതലായുമുള്ളത്. ഗ്രാമങ്ങളില്‍ വാഴത്തടകളിലും കവുങ്ങിന്‍ തടിയിലും ഓലകെട്ടി ഉയര്‍ത്തി സന്ധ്യയ്ക്ക് കത്തിക്കുന്നതും കാര്‍ത്തികയ്ക്ക് പതിവാണ്.
കാച്ചില്‍, ചെറുകിഴങ്ങ്, ചേമ്പ്, മധുരക്കിഴങ്ങ് വേവിച്ചുണ്ടാക്കുന്ന പുഴുക്കും കരിക്കും കാര്‍ത്തികയുടെ സവിശേഷ രുചിയാണ്. തടവിളക്കു കൊളുത്തി അരിയും തേങ്ങയും ഉപ്പോ മധുരമോ ചേര്‍ക്കാതെ പൂവരശിന്റെ ഇലയില്‍ അടയുണ്ടാക്കി സന്ധ്യയ്ക്ക് നിവേദിക്കുന്ന ചടങ്ങ് പല ഇടങ്ങളിലുമുണ്ട്.
കുടുംബത്തിന്റെ ഐക്യത്തിനും ഐശ്വര്യത്തിനും ദുരിതമോചനത്തിനും ഉത്തമമാണ് തൃക്കാർത്തിക വ്രതം. ഈ വ്രതം അനുഷ്ഠിക്കുന്നതിലൂടെ ചന്ദ്രദശാകാല ദോഷമനുഭവിക്കുന്നവർക്ക് ദോഷകാഠിന്യം കുറയുകയും സർവ ദോഷങ്ങൾക്കും തടസങ്ങൾക്കും അറുതിയുണ്ടാവുകയും ചെയ്യും. നവരാത്രി വ്രതം പോലെ വിദ്യാർഥികൾ ഈ വ്രതം അനുഷ്ഠിക്കുന്നത് വിദ്യാപുരോഗതിക്ക് കാരണമാവും.
മൂന്നു ദിവസമാണ് വ്രതാനുഷ്ഠാനം. വ്രതദിനത്തിൽ പൂർണ ഉപവാസം പാടില്ല. തൃക്കാർത്തികയുടെ തലേന്ന് പകലുറക്കം, മത്സ്യമാംസാദികൾ, എണ്ണതേച്ചുകുളി എന്നിവ ഒഴിവാക്കുക. വീടും പരിസരവും വൃത്തിയാക്കി പുണ്യാഹമോ ചാണക വെള്ളമോ തളിച്ച് ശുദ്ധീകരിക്കുക.
കാർത്തികയുടെ അന്ന് കുളിച്ചു ശരീരശുദ്ധി വരുത്തി ദേവീനാമങ്ങൾ ജപിച്ചശേഷം മാത്രം ജലപാനം ചെയ്യുക. അന്നേദിവസം ഒരിക്കലൂണാണ് നല്ലത്. ലളിതാസഹസ്രനാമം, മഹാലക്ഷ്മീസ്തവം എന്നിവ ഭക്തിപൂർവം ജപിക്കുക.