Thursday, December 26, 2024
HomeKeralaകരിപ്പൂരിൽ മാസം 2,03,262 യാത്രക്കാർ; വർധന മൂന്നിരട്ടി, കൂടുതൽ സർവീസുകളുമായി വിദേശ വിമാനക്കമ്പനികൾ.

കരിപ്പൂരിൽ മാസം 2,03,262 യാത്രക്കാർ; വർധന മൂന്നിരട്ടി, കൂടുതൽ സർവീസുകളുമായി വിദേശ വിമാനക്കമ്പനികൾ.

കരിപ്പൂർ: കോഴിക്കോട് വിമാനത്താവളത്തിൽ യാത്രക്കാരുടെ എണ്ണത്തിൽ വൻ വർധന. കഴിഞ്ഞ നാലു വർഷങ്ങളിൽ മാസം ശരാശരി 70,782 യാത്രക്കാരാണ് വിമാനത്താവളത്തെ ആശ്രയിച്ചിരുന്നതെങ്കിൽ നിലവിൽ 2,03,262 യാത്രക്കാരാണ് ഇതുവഴി ഓരോ മാസവും യാത്രചെയ്യുന്നത്.

രാജ്യത്തെ മറ്റൊരു വിമാനത്താവളത്തിനും അവകാശപ്പെടാനില്ലാത്ത വളർച്ചയാണിത്. പൊതുമേഖലാ വിമാനത്താവളങ്ങളിൽ ചെന്നൈ മാത്രമാണ് കരിപ്പൂരിനു മുന്നിലുള്ളത്.

മുൻ വർഷങ്ങളിൽ 484 വിമാനസർവീസുകളാണ് കോഴിക്കോടിന്റെ പ്രതിമാസ ശരാശരിയെങ്കിൽ നിലവിൽ അത് മൂന്നിരട്ടിയിലധികം വർധിച്ച് 1334 സർവീസുകളായി.

കോഴിക്കോട് സർവീസ് നിർത്തിവെച്ചിരുന്ന മിക്ക വിദേശ കമ്പനികളും മടങ്ങിയെത്തുകയാണ്. ഇത്തിഹാദ് വിമാനമാണ് ഈ പരമ്പരയിൽ ഒടുവിൽ എത്തിയത്.

ജനുവരി ഒന്നിന് സർവീസ് ആരംഭിച്ച ഇത്തിഹാദ് 158 പേർക്ക് സഞ്ചരിക്കാവുന്ന എ 320 വിമാനമാണ് സർവീസ് തുടങ്ങാൻ ഉപയോഗിച്ചത്. എന്നാൽ യാത്രക്കാരുടെ ബാഹുല്യം നിമിത്തം തൊട്ടടുത്ത ദിവസം തന്നെ ഇത് 196 പേർക്ക് സഞ്ചരിക്കാവുന്ന എ 321 ആക്കി.

മിക്ക വിദേശ വിമാനകമ്പനികളും സർവീസുകൾ വർധിപ്പിക്കുകയോ കൂടുതൽ വലിയ വിമാനങ്ങൾ ഏർപ്പെടുത്തുകയോ ചെയ്യേണ്ട അവസ്ഥയിലാണ്. റൺവേ വികസനം പൂർത്തിയാകുകയും വലിയ വിമാനങ്ങൾ കരിപ്പൂരിൽ എത്തുകയും ചെയ്യുന്നതോടെ യാത്രക്കാരുടെ എണ്ണത്തിൽ അഞ്ചിരട്ടി വർധനയുണ്ടാകുമെന്ന് കരുതുന്നു.

2020 ഓഗസ്റ്റ് ഏഴിന് കോഴിക്കോട് ഉണ്ടായ വിമാന അപകടത്തെത്തുടർന്ന് പഠനം നടത്തിയ വിദഗ്ധസമിതി നിർദേശിച്ച സുരക്ഷാക്രമീകരണങ്ങൾ ഒന്നൊന്നായി പൂർത്തിയായി വരുകയാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments