Thursday, September 19, 2024
Homeഇന്ത്യജമ്മു കശ്മീരിലെ ദോഡയിൽ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിൽ നാല് കരസേന സൈനികർ കൊല്ലപ്പെട്ടു.

ജമ്മു കശ്മീരിലെ ദോഡയിൽ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിൽ നാല് കരസേന സൈനികർ കൊല്ലപ്പെട്ടു.

ശ്രീനഗ‍ർ: ജമ്മു കശ്മീരിലെ ദോഡയിൽ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിൽ ഓഫീസറടക്കം നാല് കരസേന സൈനികർ കൊല്ലപ്പെട്ടു. മേജർ ബ്രിജേഷ് ഥാപ്പ ഉൾപ്പെടെയാണ് കൊല്ലപ്പെട്ടത്. അഞ്ചോളം സൈനികർക്ക് ഗുരുതര പരിക്കേറ്റു. ഭീകരരുടെ സാന്നിധ്യമുണ്ടെന്ന വിവരത്തെ തുടർന്ന് കരസേനയും ജമ്മു കശ്മീർ പോലീസും സംയുക്തമായി നടത്തിയ തിരച്ചിനിടെയാണ് ആക്രമണം ഉണ്ടായതെന്ന് സൈനിക വൃത്തങ്ങളെ ഉദ്ധരിച്ചു ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കഴിഞ്ഞയാഴ്ച കത്വവിലുണ്ടായ ഏറ്റുമുട്ടലിൽ അഞ്ചു സൈനീകർ കൊല്ലപ്പെട്ടിരുന്നു.

ദോഡയിലെ ദേസ മേഖലയിൽ തിങ്കളാഴ്ച രാത്രി ഒൻപതു മണിയോടെയാണ് ഏറ്റുമുട്ടൽ നടന്നത്. രാത്രി 7:45 ഓടെ ദേസ വനമേഖലയിലെ ധരി ഗോട്ടെ ഉറാ‍ബാഗിയിൽ കരസേനയുടെ രാഷ്ട്രീയ റൈഫിൾസും പോലീസുമാണ് സംയുക്ത തിരച്ചിൽ നടത്തിയത്. ഏകദേശം ഒൻപതു മണിയോടെ ഭീകരരും സൈനികരും നേർക്കുനേർ എത്തിയെന്നും കനത്ത വെടിവെപ്പ് നടന്നുവെന്നും കരസേനയുടെ വൈറ്റ് നൈറ്റ് കോർപ്സ് എക്സിലൂടെ അറിയിച്ചിരുന്നു.

സൈനികർക്ക് പരിക്കേറ്റതായും കരസേന അറിയിച്ചിരുന്നു. ചികിത്സയിലിരിക്കെയാണ് നാല് സൈനികർ മരണമടഞ്ഞത്. ഏറ്റുമുട്ടലിൽ അഞ്ച് സൈനികർക്ക് പരിക്കേൽക്കുകയും ചെയ്തു. സൈനികർ സഞ്ചരിച്ച ട്രക്കിനുനേരെ ഏകദേശം 500 മീറ്ററടുത്തുനിന്ന് ഭീകരർ നിറയൊഴിക്കുകയായിരുന്നു. ആദ്യം ട്രക്കിന് നേരെ ഗ്രനേഡ് എറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചതിന് പിന്നാലെയാണ് വെടിവെപ്പ് ഉണ്ടായത്.

ഇക്കഴിഞ്ഞ ഞായറാഴ്ച കുപ്വാര ജില്ലയിലേക്ക് നുഴഞ്ഞുകയറാൻ ശ്രമിച്ച മൂന്ന് ഭീകരരെ സൈന്യം വധിച്ചിരുന്നു. കഴിഞ്ഞ ദിവസം റിയാസിയിൽ പോലീസ് നടത്തിയ തിരച്ചിലിൽ 30 റൗണ്ട് എകെ 47, എകെ 47ൻ്റെ ഒരു മാഗസിൻ, ഒരു ഗ്രനേഡ് എന്നിവ കണ്ടെടുത്തു.ഒരിടവേളയ്ക്ക് ശേഷം ജമ്മു കശ്മീരിലെ ജമ്മു ഡിവിഷനിൽ ഭീകരാക്രമണം വ്യാപകമായിരിക്കുകയാണ്. പൂഞ്ച്, രജൗരി ജില്ലകളിൽ ആരംഭിച്ച ആക്രമണം താഴ്വരയുടെ എല്ലാ മേഖലകളിലേക്കും വ്യാപിച്ചു.

കത്വ, ദോഡ, റിയാസി, ഉദ്ദംപു‍ർ ജില്ലകളിൽ ഉണ്ടായ ആക്രമണങ്ങളിൽ 15 പേരാണ് കൊല്ലപ്പെട്ടത്. ഇതിൽ ഒൻപത് തീ‍ർഥാടകരും ആറ് സുരക്ഷാ ഉദ്യോഗസ്ഥരും ഉൾപ്പെടുന്നു. ഈ സംഭവങ്ങളിൽ 46 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ജമ്മു മേഖലയിൽ കഴിഞ്ഞ 32 മാസത്തിനിടെ 48 സൈനിക‍‍ർക്കാണ് ജീവൻ നഷ്ടമായത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments