ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് ബോണ്ടില്‍ എസ്ബിഐക്കെതിരെ സിപിഐഎം നല്‍കിയ കോടതിയലക്ഷ്യ ഹര്‍ജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. കോടതി നല്‍കിയ സമയപരിധി അവസാനിച്ച സാഹചര്യത്തിലാണ് സിപിഐഎമ്മിന്റെ കോടതിയലക്ഷ്യ ഹര്‍ജി. തിരഞ്ഞെടുപ്പ് കമ്മീഷന് വിവരങ്ങള്‍ കൈമാറാന്‍ ജൂണ്‍ 30 വരെ സാവകാശം വേണമെന്നാണ് എസ്ബിഐയുടെ ആവശ്യം.
ഇതുന്നയിച്ച് എസ്ബിഐ നല്‍കിയ ഹര്‍ജിയും സുപ്രീം കോടതി ഇന്ന് പരിഗണിക്കും. എന്നാല്‍ സാങ്കേതിക നടപടിക്രമങ്ങള്‍ ചൂണ്ടിക്കാട്ടി വിവരങ്ങള്‍ കൈമാറുന്നത് വൈകിപ്പിക്കാനാവില്ലെന്നാണ് സിപിഐഎം നിലപാട്. ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ അഞ്ചംഗ ബെഞ്ചാണ് സിപിഐഎമ്മിന്റെ കോടതിയലക്ഷ്യ ഹര്‍ജിയും എസ്ബിഐയുടെ പ്രത്യേകാനുമതി ഹര്‍ജിയും പരിഗണിക്കുന്നത്.