ദില്ലി: ഗൾഫ് മേഖലയിലെ നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങൾ മൂലം എൽപിജി വിതരണത്തിൽ ഉണ്ടായ പ്രതിസന്ധിയെ രാജ്യം കരുത്തോടെ നേരിടുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കി.
ഡൽഹിയിൽ നടന്ന നെക്സ്റ്റ് ഉച്ചകോടി 2026-നെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ്, ആഗോളതലത്തിലുള്ള ഈ ഊർജ്ജ പ്രതിസന്ധി മറികടക്കാൻ ഭാരതം എല്ലാ സാധ്യതകളും തേടുന്നുണ്ടെന്ന് അദ്ദേഹം ഉറപ്പുനൽകിയത്.
എന്നാൽ ഈ സാഹചര്യം മുതലെടുത്ത് ചിലർ ജനങ്ങൾക്കിടയിൽ ഭീതി പടർത്താനും സ്വന്തം അജണ്ടകൾ നടപ്പിലാക്കാനും ശ്രമിക്കുന്നുണ്ടെന്നും, അത്തരം നടപടികൾ രാജ്യത്തിന് ദോഷം ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രതിസന്ധിയുടെ മറവിൽ പാചകവാതക സിലിണ്ടറുകൾ കരിഞ്ചന്തയിൽ വിൽക്കാൻ ശ്രമിക്കുന്നവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് പ്രധാനമന്ത്രി മുന്നറിയിപ്പ് നൽകി. വിതരണ ശൃംഖലയിലെ തടസ്സങ്ങൾ നീക്കുന്നതിനായി വിവിധ ലോകരാജ്യങ്ങളിലെ ഉന്നത നേതാക്കളുമായി ചർച്ചകൾ നടത്തിവരികയാണെന്ന് വ്യക്തമാക്കിയ മോദി, പ്രതിപക്ഷത്തിന്റെ നിലപാടുകളെ രൂക്ഷമായി വിമർശിക്കുകയും ചെയ്തു.വികസന കുതിപ്പിന് ഊർജ്ജ മേഖലയിൽ സ്വയംപര്യാപ്തത കൈവരിക്കേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. കഴിഞ്ഞ 11 വർഷത്തിനിടെ എത്തനോൾ മിശ്രിത പദ്ധതി നടപ്പിലാക്കിയതിലൂടെ 18 കോടി ബാരൽ എണ്ണയുടെ ഇറക്കുമതി കുറയ്ക്കാൻ സാധിച്ചു.
ഇതിലൂടെ ഏകദേശം 1.5 ലക്ഷം കോടി രൂപയുടെ വിദേശനാണ്യം ലാഭിക്കാൻ രാജ്യത്തിന് കഴിഞ്ഞുവെന്നത് വലിയ നേട്ടമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കോവിഡ് കാലത്തെ വെല്ലുവിളികളെ രാജ്യം ഒറ്റക്കെട്ടായി നിന്ന് അതിജീവിച്ചതുപോലെ, ഇപ്പോഴത്തെ ആഗോള പ്രതിസന്ധിയെയും ഭാരതം വിജയകരമായി മറികടക്കുമെന്നും പ്രധാനമന്ത്രി ആത്മവിശ്വാസം പ്രകടിപ്പിച്ചു.



