ഭുവനേശ്വർ> കലിംഗ സൂപ്പർ കപ്പ് ഫുട്ബോളിൽ കേരള ബ്ലാസ്‌റ്റേഴ്‌സ് സെമി കാണാതെ പുറത്ത് . ഗ്രൂപ്പ് ബിയിലെ രണ്ടാംമത്സരത്തിൽ ബ്ലാസ്‌റ്റേഴ്‌സ് ജംഷഡ്‌പുർ എഫ്‌സിയോട് തോറ്റു (2–-3). ലീഡ് നേടിയശേഷമായിരുന്നു തോൽവി. രണ്ടാംജയത്തോടെ ജംഷഡ്‌പുർ സെമിയിൽ കടന്നു. മറ്റൊരുമത്സരത്തിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് 2–-1ന് ഷില്ലോങ് ലജോങ്ങിനെ തോൽപ്പിച്ചു.
അവസാനകളിയിൽ നോർത്ത് ഈസ്‌റ്റ് യുണൈറ്റഡിനെ തോൽപ്പിച്ചാലും ബ്ലാസ്‌റ്റേഴ്‌സിന് മുന്നേറാനാകില്ല. ജംഷഡ്‌പുരിന് അവസാനകളിയിൽ ലജോങ്ങാണ് എതിരാളി. ഫലം എന്തായാലും അവരുടെ സെമി പ്രവേശത്തെ ബാധിക്കില്ല. പരസ്പരമുള്ള കളിയിൽ ബ്ലാസ്റ്റേഴ്സ്, നോർത്ത് ഈസ്റ്റ് ടീമുകളെ തോൽപ്പിച്ചതിനാലാണ് ഇത്.
ബ്ലാസ്‌റ്റേഴ്‌സിനായി ദിമിത്രിയോസ് ഡയമന്റാകോസ് ഇരട്ടഗോളടിച്ചു. ജംഷഡ്‌പുരിനായി ഡാനിയേൽ ചീമയും രണ്ടെണ്ണം തൊടുത്തു. പെനൽറ്റിയിലൂടെ ജെറെമി മൺസോറോയാണ് ജയമൊരുക്കിയത്. പ്രതിരോധത്തിലെ പിഴവുകളാണ് ഇവാൻ വുകോമനോവിച്ചിന്റെ സംഘത്തിന് തിരിച്ചടിയായത്. ദിമിത്രിയോസ് ഡയമന്റാകോസിന്റെ രണ്ട് പെനൽറ്റി ഗോളുകൾ ബ്ലാസ്‌റ്റേഴ്‌സിന് സമനില പ്രതീക്ഷയെങ്കിലും നൽകിയതാണ്. എന്നാൽ, നിർണായകഘട്ടത്തിൽ ക്യാപ്‌റ്റൻ മാർകോ ലെസ്‌കോവിച്ച് ചീമയെ ബോക്‌സിൽ വീഴ്‌ത്തിയതിന് കനത്തവില നൽകേണ്ടിവന്നു. ജംഷഡ്‌പുരിന് അനുകൂലമായി പെനൽറ്റി. മൊൺസോറോയ്‌ക്ക് തെറ്റിയില്ല. കളിയുടെ അവസാനം ചീമ ചുവപ്പുകാർഡ് കണ്ട് പുറത്തായി.
കളിയുടെ ആദ്യഘട്ടത്തിൽ ദെയ്‌സൂകെ സക്കായിയെ എതിർപ്രതിരോധം ബോക്‌സിൽ വീഴ്‌ത്തിയതിന് ബ്ലാസ്‌റ്റേഴ്‌സിന് പെനൽറ്റി കിട്ടി. ഡയമന്റാകോസ് അത് ലക്ഷ്യത്തിലെത്തിച്ചു. എന്നാൽ, നാലു മിനിറ്റിനുള്ളിൽ ജംഷഡ്‌പുരിന്റെ മറുപടി വന്നു. പ്രതിരോധത്തിന്റെ ആലസ്യമായിരുന്നു കാരണം. മൂന്ന് പ്രതിരോധക്കാർക്കിടയിൽനിന്ന് ചീമ കാലുയർത്തി പന്ത് തട്ടിയിട്ടു. ഗോൾകീപ്പർ സച്ചിൻ സുരേഷിന് അത് കൃത്യമായി പിടിയിലൊതുക്കാനായില്ല. രണ്ടാംപകുതിയുടെ തുടക്കത്തിൽതന്നെ ലീഡ് വഴങ്ങി. ഇക്കുറിയും ചീമ. നൈജീരിയക്കാരന്റെ അടി സച്ചിൻ സുരേഷിന്റെ കൈയിൽനിന്ന് തെറിച്ച് വലയിലേക്ക് ഉരുണ്ടു.
അഞ്ചു മിനിറ്റിനുള്ളിൽ ബ്ലാസ്‌റ്റേഴ്‌സിന് വീണ്ടും അവസരം. ഇക്കുറിയും പെനൽറ്റി. ഡയമന്റാകോസിന് പിഴച്ചില്ല. സ്‌കോർ 2–-2 ആയതോടെ ജയത്തിനായി പോര്. കളി തീരാൻ 20 മിനിറ്റ് ശേഷിക്കെയാണ് ലെസ്‌കോവിച്ച് പെനൽറ്റി വഴങ്ങിയത്. കളിയുടെ അവസാനഘട്ടത്തിൽ ക്വാമി പെപ്രയ്‌ക്കും ബിദ്യാസാഗർ സിങ്ങിനും നിരവധി അവസരങ്ങൾ കിട്ടിയെങ്കിലും ലക്ഷ്യംകാണാനായില്ല. ഇതിനിടെ പെപ്രയ്‌ക്ക് പരിക്കുമേറ്റു. ഇരുപതിനാണ് നോർത്ത് ഈസ്‌റ്റുമായുള്ള കളി.