ന്യൂഡല്‍ഹി: മുഖ്യമന്ത്രിയുടെ അനുമതിയില്ലാതെ തമിഴ്‌നാട് മന്ത്രി സെന്തില്‍ ബാലാജിയെ സ്ഥാനത്തുനിന്ന് നീക്കാനാകില്ലെന്ന് സുപ്രീംകോടതി. സെന്തില്‍ ബാലാജിയെ മന്ത്രിസ്ഥാനത്തുനിന്ന് നീക്കംചെയ്യണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി തള്ളിക്കൊണ്ടാണ് സുപ്രീംകോടതി ഇക്കാര്യം വ്യക്തമാക്കിയത്.
കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഇ.ഡി അറസ്റ്റ് ചെയ്ത മന്ത്രി സെന്തില്‍ ബാലാജി ഇപ്പോഴും മന്ത്രിസഭയില്‍ തുടരുന്നതിനെതിരെ നല്‍കിയ ഹര്‍ജി നേരത്തെ മദ്രാസ് ഹൈക്കോടതിയും തള്ളിയിരുന്നു. മദ്രാസ് ഹൈക്കോടതിയുടെ വിധി സുപ്രീംകോടതിയും ശരിവെക്കുകയായിരുന്നു. മുഖ്യമന്ത്രിയുടെ ശുപാര്‍ശയില്ലാതെ ഗവര്‍ണര്‍ക്ക് മന്ത്രിയെ പുറത്താക്കാന്‍ കഴിയില്ലെന്നും ജസ്റ്റിസുമാരായ അഭയ് എസ്.ഓക, ഉജ്ജല്‍ ഭുയാന്‍ എന്നിവരുടെ ബെഞ്ച് വാക്കാല്‍ പറഞ്ഞു.
അറസ്റ്റിലായതിന് പിന്നാലെ സെന്തില്‍ ബാലാജിയെ തമിഴ്‌നാട് ഗവര്‍ണര്‍ ആര്‍.എന്‍.രവി മന്ത്രിസഭയില്‍ നിന്ന് നീക്കി ഉത്തരവിറക്കിയിരുന്നു. ഇത് വിവാദമായതിന് പിന്നാലെ തന്നെ ഗവര്‍ണര്‍ തിരുത്തുകയും ചെയ്തിരുന്നു. നിലവില്‍ വകുപ്പുകളൊന്നും ഇല്ലാതെയാണ് സെന്തില്‍ ബാലാജി തമിഴ്‌നാട് മന്ത്രിയായി തുടരുന്നത്.