ന്യൂഡല്‍ഹി: കോണ്‍ഗ്രസ് എംപി രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയുടെ രണ്ടാം പതിപ്പിന്റെ പേരില്‍ മാറ്റം. കിഴക്കുനിന്ന് പടിഞ്ഞാറേക്ക് ഈ മാസം 14-ന് ആരംഭിക്കുന്ന യാത്രയുടെ പേര് ‘ഭാരത് ജോഡോ ന്യായ് യാത്ര’ എന്നാക്കി. ഭാരത് ന്യായ് യാത്ര എന്നായിരുന്നു നേരത്തെ പ്രഖ്യാപിച്ചിരുന്നത്. ഈ വര്‍ഷം നടക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് നടത്തുന്ന യാത്രയില്‍ കഴിയാവുന്നിടങ്ങളിലെല്ലാം ഇന്ത്യ മുന്നണയിലെ നേതാക്കളെ പങ്കാളികളാക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചു.
ജനുവരി 14-ന് മണിപ്പൂരിലെ ഇംഫാലില്‍നിന്ന് ആരംഭിക്കുന്ന യാത്ര മാര്‍ച്ച് 20-ന് മുംബൈയിലാണ് അവസാനിക്കുക. 15 സംസ്ഥാനങ്ങളിലൂടെ കടന്നുപോകുന്ന ഭാരത് ജോഡോ ന്യായ് യാത്ര 110 ജില്ലകളിലൂടെയും 110 ലോക്‌സഭാ മണ്ഡലങ്ങളിലൂടെയുമായി 6,713 കിലോമീറ്റര്‍ സഞ്ചരിക്കും. 67 ദിവസം നീണ്ടുനിൽക്കുന്ന യാത്രയില്‍ ഏറ്റവുംകൂടുതല്‍ സമയം സഞ്ചരിക്കുന്നത് ഉത്തര്‍പ്രദേശിലൂടെയായിരിക്കും.
കഴിഞ്ഞ രണ്ട് ലോക്‌സഭാ തിരഞ്ഞെടുപ്പുകളിലും കോണ്‍ഗ്രസിന് കയ്‌പേറിയ ഫലം നല്‍കിയ ഹിന്ദി ഹൃദയഭൂമിയായ യു.പിയില്‍ 11 ദിവസമാണ്y ഭാരത് ജോഡോ ന്യായ് യാത്ര പര്യടനം നടത്തുക. 20 ജില്ലകളിലൂടെ 1074 കിലോമീറ്ററാർ ദൂരം യുപിയില്‍ സഞ്ചരിക്കും.
കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ നേതൃത്വത്തില്‍ പാര്‍ട്ടി ഉന്നത നേതാക്കളുടെ മൂന്ന് മണിക്കൂര്‍ നീണ്ട യോഗത്തിനൊടുവിലാണ് യാത്രയുടെ വിശംദാംശങ്ങള്‍ അന്തിമമായത്. നേരത്തെ റൂട്ടിലില്ലാതിരുന്ന അരുണാചല്‍ പ്രദേശ് കൂടി പുതിയ റൂട്ട് മാപ്പില്‍ ഇടംപിടിച്ചിട്ടുണ്ട്.
‘ഇന്ത്യ സഖ്യത്തിലെ കക്ഷികള്‍, വിവിധ സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കിയ പാര്‍ട്ടികള്‍, പൗരസമൂഹ സംഘടനകള്‍ എന്നിവരെ യാത്രയിലേക്ക് ക്ഷണിക്കും’, കോണ്‍ഗ്രസ് വാക്താവ് ജയറാം രമേശ് പറഞ്ഞു.
ജനുവരി 14-ന് യാത്ര തുടങ്ങുന്ന മണിപ്പൂരില്‍ ഒരു ദിവസംമാത്രമാണ് പര്യടനം. നാഗാലന്‍ഡില്‍ രണ്ട്, അസമില്‍ എട്ട്, അരുണാചല്‍ പ്രദേശ്, മേഘാലയ എന്നിവിടങ്ങിള്‍ ഓരോ ദിവസം, പശ്ചിമബംഗാളില്‍ അഞ്ച്, ഝാര്‍ഖണ്ഡില്‍ എട്ട്, ഒഡീഷയില്‍ നാല്, ഛത്തീസ്ഗഢില്‍ അഞ്ച്, ബിഹാറില്‍ നാല്, ഉത്തര്‍പ്രദേശില്‍ 11, മധ്യപ്രദേശില്‍ ഏഴ്, രാജസ്ഥാനില്‍ ഒരു ദിവസം, ഗുജറാത്തില്‍ അഞ്ച്, മഹാരാഷ്ട്രയില്‍ അഞ്ച് എന്നിങ്ങനെയാണ് പര്യടനം.