Thursday, December 26, 2024
Homeഇന്ത്യകെജ്‌രിവാളിന്റെ അറസ്റ്റ് ; പഞ്ചാബ്‌ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ പ്രതിഷേധം.

കെജ്‌രിവാളിന്റെ അറസ്റ്റ് ; പഞ്ചാബ്‌ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ പ്രതിഷേധം.

ന്യൂഡൽഹി; അരവിന്ദ്‌ കെജ്‌രിവാളിന്റെ അറസ്‌റ്റിൽ എഎപി പ്രതിഷേധം തുടരുന്നു. ബഹാദൂർ ഷാ സഫർ മാർഗിലുള്ള ഷഹീദി പാർക്കിൽ പഞ്ചാബ്‌ മുഖ്യമന്ത്രി ഭഗവന്ത്‌ മന്നിന്റെ നേതൃത്വത്തിൽനടന്ന പ്രതിഷേധത്തിൽ എഎപി മന്ത്രിമാരും എംഎൽഎമാരുമടക്കം നൂറുകണക്കിനുപേർ പങ്കെടുത്തു. കെജ്‌രിവാളിന്റെ ചിത്രമടങ്ങിയ പ്ലക്കാർഡുകളേന്തി മോദിക്കും ബിജെപിക്കുമെതിരെ മുദ്രാവാക്യം മുഴക്കിയായിരുന്നു പ്രതിഷേധം. ഇവർക്കുനേരെ പലതവണ പൊലീസ്‌ കൈയേറ്റമുണ്ടായി. വൻതോതിൽ കേന്ദ്രസേനയേയും വിന്യസിച്ചു. 26ന്‌ പ്രധാനമന്ത്രിയുടെ വസതി ഉപരോധിക്കുമെന്ന്‌ എഎപി പ്രഖ്യാപിച്ചിട്ടുണ്ട്‌.

ഭരണഘടന അപകടത്തിലാണെന്നും കേന്ദ്രസർക്കാരും ബിജെപിയും രാഷ്‌ട്രീയ ലാഭത്തിനായി കേന്ദ്രഏജൻസികളെ ഉപയോഗിക്കുകയാണെന്നും ഭഗവന്ത്‌ മൻ പറഞ്ഞു. കേരളം, തമിഴ്‌നാട്‌ , ബംഗാൾ അടക്കമുള്ള പ്രതിപക്ഷ സംസ്ഥാനങ്ങളിൽ ഗവർണർമാർവഴിയും അല്ലാതെയും കേന്ദ്രം പ്രതിസന്ധി സൃഷ്‌ടിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷ നേതാക്കളെ ജയിലിട്ട്‌ നടത്തുന്ന പൊതുതെരഞ്ഞെടുപ്പിന്റെ അർഥമെന്താണെന്നും ഇത്‌ ഏകാധിപത്യമാണെന്നും മന്ത്രി അതിഷി മർലേന പറഞ്ഞു. ഇടതുപക്ഷമടക്കുമുള്ള പ്രതിപക്ഷ പാർടികൾക്ക്‌ നന്ദി പറഞ്ഞ മന്ത്രി സൗരഭ്‌ ഭരദ്വാജ്‌, പ്രതിപക്ഷത്തെ ഒന്നാകെ ജയിലിൽ അടയ്ക്കുന്ന തിരക്കിലാണ്‌ ബിജെപിയെന്നും വിമർശിച്ചു.

മുഖ്യമന്ത്രി അരവിന്ദ്‌ കെജ്‌രിവാളിനെ അറസ്റ്റ്‌ ചെയ്‌തതിനു പിന്നാലെ ആം ആദ്‌മി ആസ്ഥാനം പൊലീസ്‌ പൂട്ടിയെന്ന്‌ നേതാക്കൾ. മധ്യഡൽഹിയിലെ ഐടിഒയ്‌ക്ക്‌ സമീപം ഡിഡിഒ മാർഗിലുള്ള ആസ്ഥാനത്തേക്ക്‌ മന്ത്രിമാരെപ്പോലും കടത്തിവിടാൻ പൊലീസ്‌ തയ്യാറാകുന്നില്ല.

ശനി പകൽ മന്ത്രിമാരായ അതിഷി മർലേനെയെയും സൗരഭ്‌ ഭരദ്വാജിനെയും ഐടിഒയ്‌ക്ക്‌ സമീപം തടഞ്ഞത്‌ സംഘർഷത്തിനിടയാക്കി. അതിഷി കാറിൽനിന്ന്‌ ഇറങ്ങി ചോദ്യംചെയ്‌തെങ്കിലും പൊലീസ്‌ വഴങ്ങിയില്ല. ഇതോടെ വനിതാ നേതാക്കളടക്കം റോഡിൽക്കിടന്ന്‌ പ്രതിഷേധിച്ചു. പൊതുതെരഞ്ഞെടുപ്പ്‌ പ്രഖ്യാപിച്ചിരിക്കേ പാർടി ഓഫീസിലേക്ക്‌ കടത്തിവിടാത്തത്‌ ഭരണഘടനാ വിരുദ്ധമാണെന്നും തെരഞ്ഞെടുപ്പ്‌ കമീഷൻ ഇടപെടണമെന്നും മന്ത്രിമാർ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments