ചെന്നൈ: ബിഎസ്പി തമിഴ്നാട് സംസ്ഥാന അധ്യക്ഷൻ കെ ആംസ്ട്രോങ്ങി (52) നെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികളെന്ന് സംശയിക്കുന്ന എട്ടുപേർ അറസ്റ്റിൽ. പൊന്നൈ ബാല, രാമു, തിരുവെങ്കടം, തിരുമലൈ, മണിവണ്ണൻ, സന്തോഷ്, അരുൾ എന്നിവരാണ് അറസ്റ്റിലായത്. പിടിയിലായ എല്ലാവരും കുറവർ സമുദായത്തിൽ പെട്ടവരാണ്. സിസിടിവി ദൃശ്യങ്ങളും പ്രതികളുടെ മൊബൈൽ ടവർ ലൊക്കേഷനും ബൈക്ക് രജിസ്ട്രേഷൻ നമ്പറുകളും കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് എട്ടുപേരെ പിടികൂടിയത്.
ആംസ്ട്രോങ്ങിനെ വധിച്ചതിനു പിന്നിൽ പിന്നിൽ ഗുണ്ടാ നേതാവ് ആർക്കാട് സുരേഷ് കൊലപ്പെട്ടതിലുള്ള പ്രതികാരമാണെന്ന വിവരമാണ് പോലീസ് പങ്കുവെക്കുന്നത്. ചെന്നൈ പേരമ്പൂറിന് സമീപം സെമ്പിയത്ത് സദയപ്പൻ സ്ട്രീറ്റിൽ നിർമാണത്തിലിരിക്കുന്ന വീടിന് സമീപം വെള്ളിയാഴ്ച ഏഴു മണിയോടെയായിരുന്നു ആക്രമണമുണ്ടായത്.
അഭിഭാഷകൻ കൂടിയായ ആംസ്ട്രോങ് ചെന്നൈ അയനാവരത്തെ അപ്പാർട്ട്മെൻ്റിലായിരുന്നു താമസം. സദയപ്പൻ സ്ട്രീറ്റിലുള്ള വീടിൻ്റെ പുനർനിർമാണം ആരംഭിച്ചിരുന്നു. പതിവായി ആംസ്ട്രോങ് ഇവിടെ എത്തി നിർമാണ പുരോഗതി വിലയിരുത്തുമായിരുന്നു. വെള്ളിയാഴ്ച വൈകിട്ട് എഗ്മോറിലെ മെട്രോപ്പോളിറ്റൻ മജിസ്ട്രേറ്റ് കോടതിയിൽ നിന്ന് മടങ്ങിവന്ന ആംസ്ട്രോങ്, നിർമാണത്തിലിരിക്കുന്ന വീടിന് സമീപം സുഹൃത്ത് മാധവനുമായി സംസാരിച്ചു നിൽക്കുകയായിരുന്നു ഇതിനിടെയാണ് ആക്രമണമുണ്ടായത്.
മൂന്ന് ബൈക്കുകളിലായെത്തിയ എട്ടംഗ സംഘം മാരകായുധങ്ങൾകൊണ്ട് വെട്ടിവീഴ്ത്തുകയായിരുന്നു. ആക്രമണം തടയാനെത്തിയ സുഹൃത്തുക്കളായ വീരമണി, ബാലാജി എന്നിവർക്കും വെട്ടേറ്റു. ഗുരുതര പരിക്കേറ്റ ആംസ്ട്രോങ്ങിനെ തൗസൻ്റ് ലൈറ്റ്സിലെ ഗ്രീംസ് റോഡിലുള്ള കോർപറേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കൊലയാളികൾ രക്ഷപ്പെടുന്ന സിസിടിവി ദൃശ്യങ്ങൾ പ്രദേശത്തെ സിസിടിവി കാമറകളിൽ പതിഞ്ഞിട്ടുണ്ട്.
പ്രദേശത്തെ ഒരു റെസ്റ്റോറൻ്റിൻ്റെ സമീപത്താണ് ആംസ്ട്രോങ്ങിൻ്റെ നിർമാണത്തിലിരിക്കുന്ന വീട് സ്ഥിതി ചെയ്യുന്നത്. റെസ്റ്റോറൻ്റിലേക്ക് എത്തുന്ന ഡെലിവറി ജീവനക്കാരുടെ വേഷത്തിലാണ് അക്രമികൾ എത്തിയതെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. കഴിഞ്ഞ വർഷം ഗുണ്ടാ നേതാവായ ആർക്കാട് സുരേഷ് കൊലപ്പെട്ടിരുന്നു. ഈ സംഭവത്തിൽ ആംസ്ട്രോങ്ങിന് ബന്ധമുണ്ടെന്നും ഇതിൻ്റെ പ്രതികാരമാണ് കൊലപാതകമെന്നുമാണ് തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. കൊലയാളി സംഘം ഉപേക്ഷിച്ച നാടൻബോംബുകളും കത്തികളും പോലീസ് കസ്റ്റഡിയിലെടുത്തു. പ്രതികളെ പിടികൂടാനായി 10 സംഘങ്ങളായി തിരിഞ്ഞാണ് പോലീസ് അന്വേഷണം നടത്തിയത്.
അതേസമയം ബിഎസ്പി സംസ്ഥാന അധ്യക്ഷൻ്റെ കൊലപാതകത്തെ തുടർന്ന് പാർട്ടി പ്രവർത്തകർ കടുത്ത രോഷത്തിലാണ്. പലയിടത്തും റോഡ് ഉപരോധമടക്കം പ്രവർത്തകർ സംഘടിപ്പിക്കുന്നുണ്ട്. ചെന്നൈയിലെ രാജീവ് ഗാന്ധി ഗവ. ജനറൽ ആശുപത്രിയിൽ പോസ്റ്റ് മോർട്ടം നടത്തിയ ശേഷം മൃതദേഹം കുടുംബത്തിന് വിട്ടുനൽകി. മൃതദേഹം ബിഎസ്പി സംസ്ഥാന കാര്യാലയത്തിൽ പൊതുദർശനത്തിനുവെയ്ക്കും. ആംസ്ട്രോങ്ങിന് ആദരാഞ്ജലി അർപ്പിക്കാൻ ബിഎസ്പി ദേശീയ അധ്യക്ഷ മായാവതി ഇന്ന് ചെന്നൈയിലെത്തും.