കൊച്ചി; ‘ചന്ദ്രകാന്തം’ സിനിമയുടെ 50–-ാം വാർഷികത്തോടനുബന്ധിച്ച് കേരള ഫൈൻ ആർട്‌സ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ സംവിധായകനും ഗാനരചയിതാവുമായ ശ്രീകുമാരൻ തമ്പിയെ ആദരിച്ചു. ശ്രീകുമാരൻ തമ്പി ആദ്യമായി സംവിധാനം ചെയ്‌ത ‘ചന്ദ്രകാന്തം’ പുറത്തിറങ്ങിയത് 1974ലാണ്
‘‘ഒരുപാട് തിരസ്‌കാരങ്ങളെ അതിജീവിച്ചാണ് ജീവിതത്തിൽ മുന്നോട്ടുപോയതെന്ന് ശ്രീകുമാരൻ തമ്പി പറഞ്ഞു. ആറുരൂപ ഫീസടയ്‌ക്കാൻ കഴിയാതെ ക്ലാസിന് പുറത്തുനിന്ന കുട്ടിയായിരുന്ന ഞാൻ, 33–-ാം വയസ്സിൽ സ്വന്തമായി നിർമാണക്കമ്പനി തുടങ്ങി. ഞാൻ നടത്തിയ എടുത്തുചാട്ടമായിരുന്നു ‘ചന്ദ്രകാന്തം’. രണ്ടാമത്തെ സിനിമയും കാര്യമായി ശ്രദ്ധിക്കപ്പെട്ടില്ല. മൂന്നാമത് ഇഷ്ടമില്ലാതെ ചെയ്ത ‘ചട്ടമ്പിക്കല്യാണി’ വൻവിജയമായി. സിനിമയും സാഹിത്യവും ജീവിതത്തിൽനിന്ന് മാറ്റിനിർത്താൻ കഴിയാത്തതിനാലാണ് ജോലി രാജിവച്ചത്. തോൽവികൾക്കും തിരസ്‌കാരങ്ങൾക്കുമിടയിൽ മുന്നോട്ടുപോകാൻ പ്രേരിപ്പിച്ചത് ഉള്ളിലെ അണയാത്ത അഗ്നിയാണ്. പുതിയ തലമുറയോടും അതാണ് പറയാനുള്ളത്’’–- ശ്രീകുമാരൻ തമ്പി പറഞ്ഞു.
കേരള ഫൈൻ ആർട്‌സ് സൊസൈറ്റിയുടെ ഉപഹാരം ശ്രീകുമാരൻ തമ്പിക്ക് പ്രൊഫ. എം കെ സാനു സമ്മാനിച്ചു. സംഗീതസംവിധായകൻ ബിജിബാൽ അദ്ദേഹത്തെ ആദരിച്ചു. സൊസൈറ്റി സെക്രട്ടറി അഡ്വ. ടി പി രമേശ്, വൈസ് പ്രസിഡന്റ് കെ ആനന്ദ്, ട്രഷറർ പി എം വീരമണി തുടങ്ങിയവർ സംസാരിച്ചു. ശ്രീകുമാരൻ തമ്പിയുടെ ഗാനങ്ങൾ കോർത്തിണക്കിയുള്ള കലാസന്ധ്യയും അരങ്ങേറി.