Wednesday, December 25, 2024
Homeപുസ്തകങ്ങൾ" ഷെഹ്നായി മുഴങ്ങുമ്പോൾ - (നോവൽ) - ഒരു ആസ്വാദനക്കുറിപ്പ് "

” ഷെഹ്നായി മുഴങ്ങുമ്പോൾ – (നോവൽ) – ഒരു ആസ്വാദനക്കുറിപ്പ് “

വത്സല നിലമ്പൂർ

ഡോ. പ്രേംരാജ് കെ കെ യുടെ “ഷെഹ്നായി മുഴങ്ങുമ്പോൾ” എന്ന നോവലിനെക്കുറിച്ച് വത്സല നിലമ്പൂർ തയ്യാറാക്കിയ ആസ്വാദനക്കുറിപ്പ്.”

എന്റെ സഹോദരസ്ഥാനീയനായ പ്രേംരാജ് കെ.കെ എഴുതിയ
പുതിയ പുസ്തകം തികഞ്ഞ അഭിമാനത്തോടെ, വായിച്ചു തീര്ത്തു. പ്രേംരാജിന്റെ ആറാമത്തെ ബുക്ക് ആണ് ഇത് എന്നാണ് എന്റെ ഓർമ്മ. ട്യുലിപ് പുഷ്പങ്ങളുടെ നിറചാർത്തും കായാവും ഏഴിലംപാലയും തന്ന നൊമ്പരവും കിളികൾ പറന്നു പോകുന്നയിടത്തെ പ്രകാശവും എനിക്ക് ഏറെ പ്രിയപ്പെട്ടതായിരുന്നു. ഇപ്പോള് ഇതാ തികച്ചും മറ്റൊരു പശ്ചാത്തലത്തില് കലയുടെ പൂർണ്ണതയിലേക്ക് ഷെഹനായി യുടെ ആരവവുയായി മറ്റൊരു പുസ്തകം “ഷെഹനായി മുഴങ്ങുമ്പോൾ”
തുടക്കത്തിൽ ഞാൻ 35 വർഷങ്ങൾ ജീവിച്ച മുമ്പൈയിലേക്ക് പ്രേംരാജ് എന്നെ കൂട്ടുകയായിരുന്നു. എന്റെ യൗവനം എന്റെ പഠനപൂർത്തി എന്റെ കുടുബം ജോലി എല്ലാം തന്നെ ഞാന് ഓർത്തു പോയി.

ചർച്ച്ഗേറ്റിലെ തിരക്കിനിടയിലോ ബാന്ദ്രയിലെ ഗണേഷ് വടപാവ് തട്ടുകടയിലോ ജഹാംഗീര് ആർട്ട് ഗ്യാലറിയിലോ ഞാൻ തോമസിനേയും അനാഹിതയേയും കണ്ടുമുട്ടിയിട്ടുണ്ടാകാം എന്ന ദിവാസ്വപ്നങ്ങളിലേക്ക് ഞാൻ കൊതിയോടെ വായിച്ചു നടന്നു. അതെ. നടക്കുകതന്നെ ആയിരുന്നു മനസ്. പകുതിവിലക്ക് വില്ക്കുന്ന തെരുവുപുസ്കവില്പനക്കാരുടെ ഇടയിലൂടെ ചീപ് റേറ്റിൽ കിട്ടുന്ന തുണിക്കച്ചവടക്കാരുടെ ഇടയിലൂടെ ലോക്കൽ ട്രെയിനിലെ തിരക്കിലൂടെ… അങ്ങിനെ അങ്ങിനെ…

ആദിലിനെ പോലെ കണ്ടുമുട്ടിയ ഒരു ഇറാനി പത്രപ്രവര്ത്തകൻ എന്റെ സുഹൃത്ത് ആയി ഉണ്ടായിരുന്നു. ഞാനും ടൈമ്സിലെ ട്രാൻസ്ജെൻഡർ പത്രപ്രവര്ത്തക താരുണ്യ പവ്വാറും അദ്ദേഹത്തിന്റെ വീട്ടില് വെച്ച് അതീവസ്വാദിഷ്ടമായ ഇറാനി ചായ കുടിച്ച അവസരങ്ങൾ ഓർത്തു പോയി.
പ്രേംരാജിന്റെ കഥക്ക് സംഗീതോപകരണങ്ങളുടെ മുഴക്കമാണ്.
നായകനെ, അലമാലകൾ താളംതുളളി താരാട്ടുന്ന മറൈൻഡ്രൈവിലൂടെ വയലിനും മീട്ടി നടക്കുന്നത് വരികളിൽ വരച്ചിട്ടിരിക്കുന്നു.
ആകസ്മികമായി ഉണ്ടായ പ്രണയം നഷ്ടപ്പെട്ട തോമസ് എത്തിച്ചേരുന്നത് മനസ് തകരുന്നവരുടെ പാളയത്തിലാണ്…
മുബൈയിലെ വർണ്ണപൂരമായ ഹോളി യും ഹോളികാദഹനവും ആഘോഷത്തിന് മുത്തുക്കുടചൂടുന്ന ഭാംഗ് ന്റെ ലഹരിയും എഴുത്ത്കാരൻ മറക്കാതെ കുറിച്ചുവെച്ചു.

പശ്ചാത്തല കഥയിൽ പച്ചയായ ജീവിതം കാണാം.
ഒരു കാലത്ത് മൂന്നു വിവാഹങ്ങൾ കഴിച്ച നവാബിക്ക് അതിസുന്ദരിയായ ഭാര്യയിൽ പിറന്ന മകന്റെ നീലക്കണ്ണുകള് ഒരു വഞ്ചനയുടെ ജാലകം തുറന്നു കൊടുക്കുകയാണ്.
തുഴക്കാരനില്ലാത്ത വഞ്ചിയിൽ നവാബി തന്റെ ചതിയും ഒഴുക്കിവിട്ടു. പക്ഷേ കർണ്ണനെപോലെ വിരാഫി പടമുഖത്തേക്ക് എത്തുന്ന കാലത്തെ ആർക്കും തടയാനായില്ല.

എഴുത്തിന്റെ ഈ പുതിയ മേച്ചില് മേട് പ്രേംരാജിന് നന്നായി ഇണങ്ങുന്നുണ്ട്.
വായനക്കാർക്ക് ഒഴിവാക്കാനാകാത്ത ഈ പുസ്തകം ഉദ്യോഗജനകമായ മുഹൂര്ത്തങ്ങളിലൂടെ കടന്നു പോകുന്നത് വായിച്ചുതന്നെ അറിയണം.
അഡോർ പബ്ലിക്കേഷൻസിൻ്റെ പ്രസാധനമാണ്.
രാമന്തളിയുടെ അവതാരികയും ഹൃദ്യം.

ഇനിയും സാഹിത്യ ലോകത്തേക്ക് മികവുറ്റ പുസ്തകങ്ങളുമായി പ്രേംരാജിന് വരാനും സ്വന്തമായ ഒരു സിംഹാസനം വലിച്ചിട്ട് ജനപ്രിയ എഴുത്ത്കാരനാകിനും കഴിയട്ടെ. അഭിനന്ദനങ്ങളോടെ ..

വത്സല നിലമ്പൂർ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments