Monday, December 23, 2024
Homeഅമേരിക്ക'വെറും വെറുതേ' ✍രാജു മൈലപ്രാ

‘വെറും വെറുതേ’ ✍രാജു മൈലപ്രാ

രാജു മൈലപ്രാ

പണ്ടൊക്കെ ചില ഡോഗ്സ്, മാർക്കറ്റിൽ പോകുന്ന ഒരു പരിപാടിയുണ്ടായിരുന്നു. കാര്യമൊന്നുമില്ല, വെറുതെ ഒന്ന് കറങ്ങി അടിച്ചു പോരാൻ- ഇടയ്ക്ക് മീൻ ചന്തയിലും, ഇറച്ചി കടയിലും ഒന്ന് തല കാണിക്കും- ഒരു മീന്തലയോ, എല്ലിൻകഷണമോ കിട്ടിയാൽ കിട്ടി- അത്ര തന്നെ !

‘പട്ടിക്ക് ഒരു ജോലിയും ഇല്ല, നിൽക്കാൻ ഒട്ടും നേരവും ഇല്ല’, എന്ന് പറഞ്ഞതുപോലെയാണ് ചില സ്വയം പ്രഖ്യാപിത ‘അമേരിക്കൻ മലയാളി നേതാക്കന്മാർ, ഇടയ്ക്കിടെ കേരളത്തിൽ പോയി മന്ത്രിമാരോടൊപ്പമുള്ള ഫോട്ടോയെടുത്ത്, അമേരിക്കൻ മലയാളികളുടെ ചില അടിയന്തര പ്രശ്നങ്ങൾ വനം വകുപ്പ് മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി; ഈ പ്രശ്നങ്ങളിൽ അടിയന്തരമായി ഇടപെടും എന്ന് അദ്ദേഹം ഉറപ്പു നൽകി’ എന്ന തരത്തിലുള്ള വാർത്തകൾ പ്രസിദ്ധീകരിച്ച് സായൂജ്യമടയുന്നത്.

‘ലോക കേരള സഭ’ യിൽ പങ്കെടുക്കുവാൻ പോകുമ്പോൾ ഫോട്ടോയോടൊപ്പം തങ്ങളുടെ എന്തെല്ലാം ക്വാളിഫിക്കേഷൻസിന്റെ വിവരങ്ങളാണ് ചേർക്കുന്നത്. തിരിച്ചുവരുമ്പോൾ എല്ലാത്തിന്റെയും അണ്ണാക്കിൽ പഴം തിരുകി വെച്ചിരിക്കുകയാണ്. ഒന്നിനും മിണ്ടാട്ടമില്ല.

പക്ഷേ അമേരിക്കൻ മലയാളികൾ നിരാശപ്പെടരുത്. കേരളീയ തനത് കലകളുടെ പ്രചരണാർത്ഥം ഉടൻതന്നെ മന്ത്രിമാരുടെ ലോകപര്യടനം ഉണ്ട്. ആദ്യത്തെ നറുക്കു വീണത് ന്യൂയോർക്കിനാണ്. കഥകളി, പുലിക്കളി, കസേരകളി, തുടങ്ങിയ വിവിധ കളികൾ ന്യൂയോർക്കിലെ ടൈംസ് സ്ക്വയറിൽ പൗര പ്രമുഖൻമാരുടെ സാന്നിധ്യത്തിൽ നടത്തപ്പെടും. അസംബ്ലിയിലെ ഡെസ്ക് നൃത്തം, കസേര മറിച്ചിടൽ തുടങ്ങിയ അഡിഷണൽ അട്രാക്ഷൻസും ഉണ്ടാവും. ഇത് കഴിയുമ്പോൾ കേരളത്തിന്റെ വിനോദ മേഖല വീണ്ടും വികസിക്കും. ചാർട്ടേർഡ് ഫ്ലൈറ്റുകളിൽ സായിപ്പന്മാർ കേരളത്തിലേക്ക് കുതിക്കും.

(കഥകളി എന്ന കലാരൂപത്തിന് ഇന്നും കേരളത്തിൽ പോലും കാണികളില്ല. കുറേ ശുംഭന്മാർ പണ്ഡിതനാണെന്ന ഭാവേന അവിടെ ഉറക്കംതൂങ്ങി ഇരിക്കുന്നത് കാണാം).

ഏതാണ്ട് നേരത്തെ സൂചിപ്പിച്ച ശ്വാനന്മാരുടെ ഗതികേടാണ് കേരളത്തിലെ എംപിമാർക്ക്. ഹിന്ദിയും അറിയില്ല, ഇംഗ്ലീഷും അറിയില്ല, വെറുതെ വായും പൊളിച്ച് ഇരിക്കും. രാഹുൽഗാന്ധി ചിരിക്കുമ്പോൾ കൂടെ ചിരിക്കും. ചിലപ്പോൾ വെറുതെ കാര്യമറിയാതെ ഡെസ്കിലിട്ടിടിക്കും. ‘മേം’ കർത്താവായി വരുമ്പോൾ ‘ഹും’ മാലാഖയായി വരും, തുമാരാ നാം ക്യാ ഹൈ ?, അച്ഛാ, അരേ സാലേ തുടങ്ങിയ ബേസിക് ഹിന്ദി എങ്കിലും പഠിച്ചിട്ട് വേണ്ടേ പോകാൻ ?

അല്ലെങ്കിൽ നല്ല മണി മണി പോലെ ഇംഗ്ലീഷ് കാച്ചിവിടുന്ന ചിന്താ ജെറോമിനെയോ, ബിന്ദു ടീച്ചറയോ ശ്രീമതി ടീച്ചറയോ പാർലമെൻറിലേക്ക് അയക്കണമായിരുന്നു. ഇവരുടെയൊക്കെ ഇംഗ്ലീഷ് പ്രഭാഷണങ്ങൾ കേൾക്കുമ്പോൾ, ഹിന്ദിക്കാരന്റെ ചെവിയിൽ അമിട്ട് പൊട്ടിയേനേ!

യാതൊരുവിധ ആരോപണങ്ങളും ഇന്നുവരെ കേൾപ്പിച്ചിട്ടില്ലാത്ത, മാന്യനും, മര്യാദക്കാരനും, മുൻമന്ത്രിയും, സ്പീക്കറുമായ കെ. രാധാകൃഷ്ണനെ, മന്ത്രി സ്ഥാനം രാജി വെപ്പിച്ചിട്ട്, ആലത്തൂരിൽ നിന്നും വടക്കോട്ട് വണ്ടി കയറ്റി വിട്ടിട്ടുണ്ട്. മാന്യനും, മര്യാദക്കാരനെന്നുമുള്ളതൊന്നും ഒരു പാർലമെൻറ് അംഗം ആകുവാനുള്ള ക്വാളിഫിക്കേഷൻ ഒന്നുമല്ല. ആ പാവത്തിന് ഹിന്ദിയും അറിയില്ല, ഇംഗ്ലീഷും അറിയില്ല. നേരത്തെ പറഞ്ഞതുപോലെ രാഹുൽ ഗാന്ധി ചിരിക്കുമ്പോൾ കൂടെ ചിരിക്കാം. അസംബ്ലിയിൽ അവർ കീരിയും പാമ്പും ആണെങ്കിൽത്തന്നെ, പാർലമെൻറിൽ അവർ മച്ചാനും മച്ചാനും ആണല്ലോ !

ഇതിനിടെ ബ്രാഹ്മണ കുടുംബത്തിൽ പിറന്ന ഐ.എ.എസ് കാരി ദിവ്യ അയ്യർ, പിന്നോക്ക സമുദായത്തിൽപ്പെട്ട രാധാകൃഷ്ണൻ സാറിനെ കെട്ടിപ്പിടിച്ചു സ്നേഹപ്രകടനം നടത്തിയത് വാർത്തകളിൽ ഇടം പിടിച്ചിട്ടുണ്ട്. നിർദോഷമായ ഒരു സ്നേഹപ്രകടനം, എന്നാൽ മറിച്ച് രാധാകൃഷ്ണൻ, ദിവ്യ അയ്യരെ കെട്ടിപ്പിടിച്ച് സ്നേഹ പ്രകടനം നടത്തിയിരുന്നെങ്കിൽ കാണാമായിരുന്നു കളി. പാവം സുരേഷ് ഗോപി, ഒരു പെൺകൊച്ചിന്റെ തോളത്ത് ഒന്നു തോട്ടത്തിന് പെട്ട് പങ്കപ്പാട് എന്റമ്മോ ! ഓർമ്മിപ്പിക്കരുതേ ! (ഒരു ‘നർമ്മ സാഹിത്യകാരൻ’ എന്ന ലേബൽ എനിക്ക് നൽകാൻ പ്രമുഖ പങ്കു വഹിച്ചിട്ടുള്ള ശ്രീ ജോർജ്ജ് എബ്രഹാമുമായുള്ള ബന്ധം ‘ലോക കേരള സഭയ്ക്ക് സാധ്യതകൾ’ ഏറെ എന്ന് അദ്ദേഹം പ്രസ്താവിച്ചതോടുകൂടി ഞാൻ ഉപേക്ഷിക്കുകയാണ്. ബി.ജെ.പി.യിൽ ചേർന്ന പത്മജയുമായുള്ള ബന്ധം മുരളിയേട്ടൻ മുറിച്ചതുപോലെ !

രാജു മൈലപ്രാ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments