🔹തിരുവനന്തപുരം: എസ്.എസ്.എൽ.സി., ഹയർ സെക്കൻഡറി പരീക്ഷകൾക്കു നൽകേണ്ട ഗ്രേസ് മാർക്ക് നിശ്ചയിച്ചു. സംസ്ഥാനംമുതൽ അന്താരാഷ്ട്രതലംവരെയുള്ള മത്സരങ്ങളിലെ നേട്ടം പരിഗണിച്ച് മൂന്നു മുതൽ 100 മാർക്കുവരെ നൽകാനാണ് വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം. അതേസമയം, ചില ദേശീയ കായിക മത്സരങ്ങളിലെ നേട്ടം കണക്കാക്കി, പ്ലസ് വൺ പ്രവേശനത്തിന് ഒന്നോ രണ്ടോ ബോണസ് പോയിന്റ് നൽകിയിരുന്നത് ഒഴിവാക്കി.
ഗ്രേസ് മാർക്കുള്ളവർ ഇരട്ട ആനുകൂല്യം നേടുന്നുവെന്ന വിമർശനം കണക്കിലെടുത്താണ് ഈ നടപടി.എട്ടോ ഒമ്പതോ ക്ലാസുകളിലെ ദേശീയ സംസ്ഥാന മത്സരത്തിലെ നേട്ടം പത്താംക്ലാസിൽ പരിഗണിക്കാനുള്ള വ്യവസ്ഥകളും നിർദേശിച്ചു. എട്ടാംക്ലാസിലെ മെറിറ്റുവെച്ചാണ് അപേക്ഷിക്കുന്നതെങ്കിൽ ഒമ്പതിലോ പത്തിലോ ജില്ലാതലത്തിൽ മത്സരിച്ചതിന്റെ സർട്ടിഫിക്കറ്റ് ഹാജരാക്കണം. ഒമ്പതിലെ മെറിറ്റു വെച്ചാണെങ്കിൽ പത്താംക്ലാസിൽ ജില്ലാ മത്സരത്തിൽ കുറയാത്ത സർട്ടിഫിക്കറ്റ് വേണം. വിവിധ ഇനങ്ങളിൽ പങ്കെടുത്ത് അർഹത നേടിയെങ്കിൽ അവരുടെ ഏറ്റവും കൂടുതലുള്ള മാർക്കു മാത്രമേ പരിഗണിക്കൂ.
🔹പത്ത് കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ശോഭാ സുരേന്ദ്രന് വക്കീല്‍ നോട്ടീസയച്ച് ഗോകുലം ഗോപാലന്‍. സിഎംആര്‍എല്‍ ഉടമ ശശിധരന്‍ കര്‍ത്താ സുഹൃത്താണെന്ന തെറ്റായ ആരോപണം ഉന്നയിച്ചെന്നും തെളിവ് നല്‍കാന്‍ പരസ്യമായി ആവശ്യപ്പെട്ടിട്ടും ശോഭാ സുരേന്ദ്രന്‍ തയാറായില്ലെന്നും നോട്ടീസില്‍ പറയുന്നു. ശോഭാ സുരേന്ദ്രന്റെ ആരോപണങ്ങളില്‍ മറുപടി നല്‍കാന്‍ തന്റെ സംസ്‌കാരം അനുവദിക്കുന്നില്ലെന്നും ആരോപണങ്ങള്‍ പൂര്‍ണമായും തെറ്റാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.
🔹വയനാട് പുല്‍പ്പള്ളിയില്‍ കടുവ ഇറങ്ങിയെന്ന് നാട്ടുകാര്‍. കളപ്പുരയ്ക്കല്‍ ജോസഫിന്റെ രണ്ടു പശുക്കിടാങ്ങളെ കടുവ പിടിച്ചു എന്ന് സംശയം. ഒന്നരമാസം പ്രായമുള്ള പശുക്കിടാങ്ങളെ മേയാന്‍ വിട്ടപ്പോഴാണ് കടുവയുടെ ആക്രമണം ഉണ്ടായത്. ഉച്ചയ്ക്ക് ശേഷം രണ്ടരയോടെയാണ് കടുവ ഇറങ്ങിയത്. തൊട്ടപ്പുറത്തെ കര്‍ണാടക കാടുകളില്‍ നിന്ന് കടുവ എത്തിയതാകാം എന്നാണ് വിലയിരുത്തല്‍. വനംവകുപ്പ് സ്ഥലത്തെത്തി പരിശോധന തുടങ്ങിയിട്ടുണ്ട്.
🔹സംസ്ഥാനത്ത് മൂന്ന് മുതല്‍ അഞ്ച് ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരാന്‍ സാധ്യതയെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്. അടുത്ത അഞ്ച് ദിവസത്തേക്ക് 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്. സൂര്യാഘാതവും സൂര്യതാപവും ഏല്‍ക്കാന്‍ ഈ സമയത്ത് സാധ്യത കൂടുതലാണെന്നും അതിനാല്‍ പൊതുജനങ്ങളും ഭരണ ഭരണേതര സംവിധാനങ്ങളും വേണ്ട ജാഗ്രത പാലിക്കണമെന്നും അറിയിപ്പിലുണ്ട്.
🔹ഹരിപ്പാട്: ആലപ്പുഴ ഹരിപ്പാട് ഡാണാപ്പടിയില്‍ പശ്ചിമബംഗാള്‍ സ്വദേശിയായ മത്സ്യവില്‍പ്പനക്കാരന്‍ കുത്തേറ്റു മരിച്ച സംഭവത്തില്‍ പിടിയിലായത് ഒട്ടേറെ ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ചെറുതന സ്വദേശി യദുകൃഷ്ണന്‍ (29). മാള്‍ഡ സ്വദേശി ഓംപ്രകാശ്(40) ആണ് ശനിയാഴ്ച രാത്രി ഏഴുമണിയോടെ കുത്തേറ്റുമരിച്ചത്. കുത്തേറ്റുവീണ ഓംപ്രകാശിനെ ഹരിപ്പാട് സര്‍ക്കാര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.
🔹പാറശ്ശാല (തിരുവനന്തപുരം): റെയില്‍വേ സ്റ്റേഷനില്‍നിന്ന് മുന്നോട്ട് നീങ്ങി തുടങ്ങിയ തീവണ്ടിയില്‍ ചാടി കയറാന്‍ ശ്രമിച്ച 57-കാരി തീവണ്ടിക്കടിയില്‍പ്പെട്ട് മരിച്ചു. പാറശ്ശാലയ്ക്ക് സമീപം പരശുവയ്ക്കല്‍ രോഹിണി ഭവനില്‍ രാജേന്ദ്രന്‍ നായരുടെ ഭാര്യ കുമാരി ഷീബ കെ.എസ്. ആണ് മരണമടഞ്ഞത്.
🔹തൃശ്ശൂര്‍: വെള്ളമെന്നു കരുതി അബദ്ധത്തില്‍ ടര്‍പന്റയിന്‍ കുടിച്ചയാളെ അമല ആശുപത്രിയില്‍ ശ്വാസകോശം കഴുകി രക്ഷിച്ചു. പുല്ലഴി സ്വദേശിയായ 60 കാരനാണ് രക്ഷപ്പെട്ടത്. പെയിന്റില്‍ ചേര്‍ക്കാനായി വെള്ളക്കുപ്പിയില്‍ വാങ്ങിവെച്ച ടര്‍പന്റയിനാണ് കുടിച്ചത്.
കുടിക്കുന്നതിനിടെ കുറച്ചുഭാഗം ശ്വാസകോശത്തിൽ കയറി. അടുത്തുള്ള ആശുപത്രിയിൽ എത്തിയെങ്കിലും കുഴപ്പമില്ലെന്നുപറഞ്ഞ് തിരിച്ചയക്കുകയായിരുന്നു.രണ്ടുദിവസം കഴിഞ്ഞപ്പോൾ കടുത്ത പുറംവേദനയും കഫക്കെട്ടും അനുഭവപ്പെട്ടു. തുടർന്ന് എക്‌സ്‌റേ എടുത്തപ്പോഴാണ് ശ്വാസകോശത്തിൽ ഈ ലായനി ഉണ്ടെന്നു വ്യക്തമായത്. തുടർന്നാണ് അമല ആശുപത്രിയിൽ എത്തിയത്.
🔹പാലാ: തടിമില്‍ തൊഴിലാളിയുടെ അറ്റുപോയ ഇടതുകൈപ്പത്തി പൂര്‍വസ്ഥിതിയിലാക്കി. മാര്‍ സ്ലീവാ മെഡിസിറ്റിയില്‍ മണിക്കൂറുകളെടുത്ത് നടത്തിയ മൈക്രോവാസ്‌കുലാര്‍ ശസ്ത്രക്രിയയിലൂടെയാണ് കൈ ജോലികള്‍ ചെയ്യാവുന്ന വിധത്തില്‍ പൂര്‍വസ്ഥിതിയിലാക്കിയത്. ഇദ്ദേഹം വീണ്ടും ജോലിയില്‍ പ്രവേശിച്ചു.
പാദുവ സ്വദേശിയും പൂഞ്ഞാറിലെ തടിമില്ലില്‍ തൊഴിലാഴിയുമായ 52-കാരനാണ് ഇടതുകൈപ്പത്തി തിരികെ ലഭിച്ചത്. ഏതാനും മാസം മുമ്പ് തടിമില്ലില്‍ ജോലിക്കിടെയാണ് അപകടമുണ്ടായത്.
🔹കൊല്ലം: പത്തനാപുരം പിറവന്തൂർ കടശ്ശേരിയിൽ കാട്ടാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തി. വെള്ളം കിട്ടാതെയാണ് കാട്ടാന ചരിഞ്ഞെന്നാണ് സംശയം. പുന്നല ഫോറസ്റ്റ് സ്റ്റേഷൻ അധികാരപരിധിയിൽ ചിതൽവെട്ടി റിസർവിൽ പിറവന്തുർ കടശ്ശേരി ഒന്നാം വാർഡിൽ കെഫ്ഡിസിയുടെ യൂക്കാലി കോപ്പിസ് പ്ലാൻ്റേഷനിലാണ് ജഡം കണ്ടെത്തിയത്. 25 വയസ് തോന്നിക്കുന്ന കൊമ്പനാനയാണ് ചരിഞ്ഞത്. വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി. കാട്ടാനയുടെ പോസ്റ്റ്മോർട്ടം നടത്തി ജഡം മറവ് ചെയ്തു.
🔹വയനാട്ടിൽ കാട്ടാന ഷോക്കേറ്റ് ചരിഞ്ഞ നിലയില്‍. പനമരം അമ്മാനി പാറവയല്‍ ജയരാജന്റെ കൃഷിയിടത്തില്‍ ഇന്ന് പുലര്‍ച്ചയാണ് സംഭവം.തെങ്ങ് മറിച്ചിടാന്‍ ശ്രമിക്കുമ്പോള്‍ ഇലക്ട്രിക് ലൈനില്‍ തട്ടിയാണ് ഷോക്കേറ്റത് എന്നാണ് നിഗമനം.
12 വയസ്സുള്ള കൊമ്പന്‍ സമീപത്തെ വനമേഖലയില്‍ നിന്നാണ് ജനവാസ കേന്ദ്രത്തിലിറങ്ങിയത്.വനം വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയിട്ടുണ്ട്.
🔹നെടുമ്പാശ്ശേരിയില്‍ നിന്നുളള ഷാര്‍ജ വിമാന വിമാനം തകരാറിലായി. യാത്രക്കാര്‍ വിമാനത്താവളത്തില്‍ കുടുങ്ങി. പുലര്‍ച്ചെ 2.15 ന് എയര്‍ ഇന്ത്യാ എക്‌സ്പ്രസ് വിമാനം പുറപ്പെടാനൊരുങ്ങിയപ്പോഴാണ് തകരാര്‍ കണ്ടെത്തിയത്.യാത്രക്കാരെ വിമാനത്തില്‍ നിന്നിറക്കി. മറ്റൊരു വിമാനം സജ്ജമാക്കി യാത്രക്കാരെ ഷാര്‍ജയ്ക്ക് അയക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
🔹കര്‍ണാടകയിലെ ചാമരാജനഗര്‍ മണ്ഡലത്തിലെ സംഘര്‍ഷമുണ്ടായ സ്ഥലത്ത് റീപോളിംഗ് നടത്തും. ഇണ്ടിഗനട്ടയിലെ ബൂത്തിലാണ് നാളെ വീണ്ടും വോട്ടെടുപ്പ് നടത്തുന്നത്. വോട്ട് ബഹിഷ്‌കരണത്തെ തുടര്‍ന്നുണ്ടായ പ്രശ്നത്തില്‍ നാട്ടുകാര്‍ പോളിങ് ബൂത്തുകള്‍ ആക്രമിക്കുകയും, ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന ഉദ്യോഗസ്ഥര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. റീപോളിംഗ് നടക്കുന്ന ദിവസം കനത്ത സുരക്ഷ ഏര്‍പ്പെടുത്തും.
🔹യെമന്‍ തീരത്തിന് സമീപം ഇന്ത്യയിലേക്കുള്ള എണ്ണ ടാങ്കറടക്കം ലക്ഷ്യമിട്ട് ചെങ്കടലില്‍ വീണ്ടും ഹൂതി ആക്രമണമെന്ന് റിപ്പോര്‍ട്ട്. റഷ്യയില്‍നിന്ന് ഈജിപ്ത് വഴി ഇന്ത്യയിലേക്ക് പുറപ്പെട്ട എംവി ആന്‍ഡ്രോമേഡ സ്റ്റാര്‍ എന്ന എണ്ണ ടാങ്കറടക്കം മൂന്ന് ചരക്കുകപ്പലുകളെ ലക്ഷ്യമിട്ട് മിസൈല്‍ ആക്രമണമുണ്ടായതായി യുഎസ് സെന്‍ട്രല്‍ കമാന്‍ഡാണ് സ്ഥിരീകരിച്ചത്. ഇന്നലെ പുലര്‍ച്ചെയുണ്ടായ ആക്രമണത്തില്‍ ഇന്ത്യയിലേക്കുള്ള എണ്ണക്കപ്പലിന് കേടുപാടുകള്‍ സംഭവിച്ചുവെങ്കിലും അറ്റകുറ്റപ്പണി പൂര്‍ത്തിയാക്കി യാത്ര തുടരുകയാണ്.
🔹ഐപിഎല്ലില്‍ ഡല്‍ഹി കാപ്പിറ്റല്‍സിനെതിരായ ആവേശകരമായ മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിന് 10 റണ്‍സിന്റെ തോല്‍വി. ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹി 27 പന്തില്‍ 84 റണ്‍സ് നേടിയ ജേക്ക് ഫ്രേസര്‍ മഗ്രൂക്കിന്റേയും 25 പന്തില്‍ 48 റണ്‍സെടുത്ത ട്രിസ്റ്റാന്‍ സ്റ്റബ്സിന്റേയും 17 പന്തില്‍ 41 റണ്‍സെടുത്ത ഷായ് ഹോപിന്റേയും കരുത്തില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ 257 റണ്‍സെടുത്തു. കൂറ്റന്‍ വിജയലക്ഷ്യവുമായിറങ്ങിയ മൂംബൈ 32 പന്തില്‍ 63 റണ്‍സെടുത്ത തിലക് വര്‍മയുടേയും 24 പന്തില്‍ 46 റണ്‍സെടുത്ത ഹാര്‍ദിക് പാണ്ഡ്യയുടെയും കരുത്തില്‍ പൊരുതി നോക്കിയെങ്കിലും 9 വിക്കറ്റ് നഷ്ടത്തില്‍ 247 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ.
🔹കരീന കപൂര്‍ നായികയായി പ്രദര്‍ശനത്തിനെത്തിയ ചിത്രമാണ് ‘ക്രൂ’. കൃതി സനോണും തബും കരീനയ്ക്കൊപ്പം ചിത്രത്തില്‍ മറ്റ് പ്രധാന വേഷങ്ങളില്‍ ഉണ്ട്. സംവിധാനം നിര്‍വഹിച്ചത് രാജേഷ് കൃഷ്ണനാണ്. ആഗോളതലത്തില്‍ കരീന കപൂറിന്റെ ക്രൂ കളക്ഷനില്‍ കുതിക്കുകയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ക്രൂ ആഗോളതലത്തില്‍ ആകെ 142 കോടി രൂപയിലധികം നേടി എന്നാണ് റിപ്പോര്‍ട്ടുകള്‍. എയര്‍ലൈന്‍ ഇന്‍ഡസ്ട്രിയുടെ പശ്ചാത്തലത്തിലാണ് കരീനയുടെ ചിത്രം ഒരുങ്ങിയിരിക്കുന്നത്. അനുജ് രാകേഷ് ധവാനാണ് ഛായാഗ്രാഹണം. ദില്‍ജിത്ത് ദൊസാന്‍ഞ്ജും ഒരു പ്രധാനപ്പെട്ട കഥാപാത്രമാകുമ്പോള്‍ തബു ഗീതാ സേത്തിയും കരീന കപൂര്‍ ജാസ്മിന്‍ കോലിയും കൃതി സനോണ്‍ ദിവ്യാ റാണയുമായിട്ടുമാണെത്തിയിരിക്കുന്നത്. കരീന കപൂര്‍ നായികയായി വേഷമിടുന്ന ചിത്രങ്ങളില്‍ ഇനി പ്രദര്‍ശനത്തിന് എത്താനുള്ളവയില്‍ പ്രധാനപ്പെട്ടത് ദ ബക്കിംഗ്ഹാം മര്‍ഡേഴ്സാണ്. സിനിമയുടെ നിര്‍മാണവും കരീന കപൂറാണ്. ചലച്ചിത്ര മേളകളില്‍ കരീന കപൂറിന്റെ ദ ബക്കിംഗ്ഹാം മര്‍ഡേഴ്സ് ആരാധകരുടെ ശ്രദ്ധയാകര്‍ഷിച്ചിരുന്നു.