🔹കനത്ത ചൂടിലും സംസ്ഥാനത്ത് മികച്ച പോളിംഗ്. 20 മണ്ഡലങ്ങളിലും വോട്ടെടുപ്പ് പുരോഗമിക്കുന്നു. ഉച്ചക്ക മൂന്ന് മണിയോടടുത്ത്് മണിക്ക് പോളിങ്ങ് ശതമാനം 50 കടന്നതായി റിപ്പോര്‍ട്ട്. വോട്ടിങ് മെഷീന്‍ തകരാര്‍ കാരണം പലയിടങ്ങളിലും പോളിങ് വൈകി.
🔹വിവിപാറ്റ് പൂര്‍ണ്ണമായി എണ്ണണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ സുപ്രീംകോടതി തള്ളി. ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളിലെ കൃത്രിമത്വം നടന്നതിന് തെളിവുകള്‍ ഇല്ലാതെ, സംശയത്തിന്റെ പേരില്‍ വിവി പാറ്റുകള്‍ എണ്ണാന്‍ ഉത്തരവിടാനാകില്ലെന്ന് സുപ്രീംകോടതി വാദത്തിനിടെ പറഞ്ഞു. പേപ്പര്‍ ബാലറ്റിലേക്ക് തിരികെ പോകാനാകില്ലെന്നും, ഒരു സംവിധാനത്തെ അന്ധമായി അവിശ്വസിക്കുന്നത് അനാവശ്യ സംശയങ്ങള്‍ക്ക് ഇടയാക്കുമെന്നും കോടതി വ്യക്തമാക്കി.
🔹തിരുവനന്തപുരം: യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് കൊച്ചുവേളി – മംഗലാപുരം റൂട്ടിൽ സ്പെഷൽ ട്രെയിൻ പ്രഖ്യാപിച്ചു. ഇന്നാണ് പ്രത്യേക ട്രെയിനിന്റെ ആദ്യ സര്‍വീസ്. എട്ട് സ്ലീപ്പര്‍ കോച്ചുകളും എട്ട് ജനറൽ കോച്ചുകളുമുള്ള ട്രെയിനാണിത്. ഇന്ന് വൈകിട്ട് ഏഴ് മണിക്ക് മംഗലാപുരത്ത് നിന്ന് പുറപ്പെടുന്ന ട്രെയിൻ രാവിലെ എട്ട് മണിക്ക് കൊച്ചുവേളിയിലെത്തും. ഇവിടെ നിന്ന് ഉച്ചയ്ക്ക് രണ്ടരയ്ക്ക് പുറപ്പെടും. പുലര്‍ച്ചെ മൂന്ന് മണിക്ക് മംഗലാപുരത്ത് എത്തിച്ചേരും. സമാനമായി 27 ന് വൈകിട്ട് ഏഴ് മണിക്ക് മംഗലാപുരത്ത് നിന്ന് പുറപ്പെടുന്ന ട്രെയിൻ 28 ന് രാവിലെ എട്ട് മണിക്ക് കൊച്ചുവേളിയിലെത്തും. കൊച്ചുവേളിയിൽ നിന്ന് 28 ന് ഉച്ചയ്ക്ക് രണ്ടരയ്ക്ക് പുറപ്പെടുന്ന ട്രെയിൻ 29 ന് പുലര്‍ച്ചെ മൂന്ന് മണിക്ക് മംഗലാപുരത്ത് എത്തിച്ചേരുന്ന നിലയിലാണ് സജ്ജീകരിച്ചിരിക്കുന്നത്. ട്രെയിനിൽ സീറ്റ് റിസര്‍വേഷൻ ഐആര്‍സിടിസി അടക്കമുള്ള സംവിധാനം വഴി ആരംഭിച്ചു.
🔹പാലക്കാട്: പാലക്കാട് ജില്ലയിൽ ഉഷ്ണതരംഗ മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ചൂട് ലളിതമായി കാണാനാവില്ലെന്നും മനുഷ്യ ശരീരത്തിന് താങ്ങാനാവുന്നതിലും അപ്പുറമുള്ള ചൂടാണ് ജില്ലയിൽ അനുഭവപ്പെടുന്നതെന്നും ജില്ലാ കളക്ടർ ഡോ ചിത്ര ഐഎഎസ് പറഞ്ഞു. പാലക്കാട് ജില്ലയിൽ ഒരു മരണം റിപ്പോർട്ട് ചെയ്തിരുന്നു. ഈ സാഹചര്യചത്തിൽ പ്രത്യേക മുൻകരുതൽ എടുത്ത് കൊണ്ട് മാത്രമേ ജനങ്ങൾ പുറത്തിറങ്ങാൻ പാടുള്ളൂവെന്നും ജില്ലാ കളക്ടർ മുന്നറിയിപ്പ് നൽകി. 26 വരെ ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ ഉഷ്ണതരംഗ സാഹചര്യം നിലനില്‍ക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തുടര്‍ച്ചയായ ദിവസങ്ങളില്‍ അതിതീവ്രമായ ചൂട് രേഖപ്പെടുത്തിയതിന്റേയും അടുത്ത ദിവസങ്ങളിലും 41 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരുമെന്ന പ്രവചനത്തിന്റെയും അടിസ്ഥാനത്തിലാണ് മുന്നറിയിപ്പ്. പാലക്കാട് കൂടാതെ 11 ജില്ലകളിലും താപനില ഉയരുമെന്നും കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ജനങ്ങളോട് അത്യാവശ്യ കാര്യത്തിനല്ലാതെ വെയിലത്ത് പുറത്തിറങ്ങരുതെന്നും മുന്നറിയിപ്പിൽ ആവശ്യപ്പെടുന്നുണ്ട്.
🔹കൊച്ചി: സംസ്ഥാന സർക്കാരിന്റെ അഭിമാന പദ്ധതിയായ കൊച്ചി വാട്ടർ മെട്രോ പ്രവർത്തനമാരംഭിച്ച് ഒരു വർഷം പൂർത്തിയാക്കിയതിന്റെ സന്തോഷം പങ്കുവെച്ച് മന്ത്രി പി രാജീവ്. ജലഗതാഗത രംഗത്ത് വിപ്ലവകരമായ മാറ്റം കൊണ്ടുവന്ന കൊച്ചി വാട്ടർ മെട്രോ ഒമ്പത് ബോട്ടുകളും രണ്ട് റൂട്ടുകളുമായാണ് 2023 ഏപ്രിൽ 25ന് സർവ്വീസ് ആരംഭിച്ചത്. ഒരു വർഷത്തിനുള്ളിൽ തന്നെ കൂടുതൽ ബോട്ടുകളും കൂടുതൽ റൂട്ടുകളും വാട്ടർ മെട്രോ സർവ്വീസിന്റെ ഭാഗമായി. വിനോദസഞ്ചാരികളുടെ പറുദീസയായ ഫോർട്ട് കൊച്ചിയിലേക്കും കൊച്ചി വാട്ടർ മെട്രോയെത്തിക്കഴിഞ്ഞു.കഴിഞ്ഞ ഒരു വർഷത്തിനിടെ 19,72,247 പേർ കൊച്ചി വാട്ടർ മെട്രോയിൽ യാത്ര ചെയ്തുകഴിഞ്ഞു. രാജ്യാന്തര തലത്തിലും ദേശീയ തലത്തിലും ശ്രദ്ധേയരായ വ്ലോഗർമാരും വാട്ടർ മെട്രോയെക്കുറിച്ച് ഏറെ പ്രാധാന്യത്തോടെ റിപ്പോർട്ട് ചെയ്തിരുന്നു. ഒപ്പം രാജ്യത്തിന്റെ പലഭാഗങ്ങളും കേരളത്തിന്റെ വാട്ടർ മെട്രോയെ മാതൃകയാക്കാനും മുന്നോട്ടുവരികയാണ്. പുതുതായി കുമ്പളം, പാലിയംതുരുത്ത്, വില്ലംഗ്ടൺ ഐലൻഡ്, കടമക്കുടി, മട്ടാഞ്ചേരി ടെർമിനലുകളുടെ നിർമ്മാണവും അതിവേഗം പുരോഗമിക്കുകയാണ്.
🔹വർഷങ്ങളായി ‘ഹെൽത്തി ഡ്രിങ്ക്‌സ്’എന്ന പേരിലറിയപ്പെടുന്ന ഹോർലിക്സ് ഇനി മുതൽ ‘ഫംഗ്ഷണൽ ന്യൂട്രീഷ്യൻ ഡ്രിങ്ക്‌സ്’. കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രാലയം ഇ-കൊമേഴ്‌സ് വെബ്‌സൈറ്റുകളോട് ‘ഹെൽത്തി ഡ്രിങ്ക്‌സ്’ വിഭാഗത്തിൽ നിന്ന് പാനീയങ്ങൾ നീക്കം ചെയ്യാൻ ആവശ്യപ്പെട്ടതിനെത്തുടർന്നാണ് ഹിന്ദുസ്ഥാൻ യുണിലിവറിന്റെ ‘ഹെൽത്ത് ഫുഡ് ഡ്രിങ്കുകൾ’ ഫംഗ്ഷണൽ ന്യൂട്രീഷ്യൻ ഡ്രിങ്ക്‌സ് (എഫ്എൻഡി) എന്ന് പുനർനാമകരണം ചെയ്തിരിക്കുന്നത്. പേര് മാറ്റത്തോടെ ഹിന്ദുസ്ഥാൻ യുണിലിവർ ഓഹരികളുടെ വില 1.63 ശതമാനം ഇടിഞ്ഞ് 2222.35 രൂപയായി. സെൻസെക്സിൽ ഏറ്റവും കൂടുതൽ നഷ്ടം നേരിട്ടവരുടെ പട്ടികയിൽ രണ്ടാം സ്ഥാനത്താണ് ഹിന്ദുസ്ഥാൻ യുണിലിവർ.
2006ലെ ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാൻഡേർഡ് നിയമ പ്രകാരം ‘ഹെൽത്ത് ഡ്രിങ്ക്‌സിന്’ പ്രത്യേകിച്ച് ഒരു നിർവചനവുമില്ലെന്ന് ദേശീയ ബാലാവകാശ സംരക്ഷണ കമ്മീഷൻ ഈയിടെ വ്യക്തമാക്കിയിരുന്നു. പാൽ, ധാന്യങ്ങൾ എന്നിവ അടിസ്ഥാനമാക്കിയുള്ള പാനീയങ്ങൾ ‘ഹെൽത്ത് ഡ്രിങ്ക്‌സ്’ അല്ലെങ്കിൽ ‘എനർജി ഡ്രിങ്ക്‌സ്’ വിഭാഗത്തിൽ ലിസ്റ്റ് ചെയ്യരുതെന്ന് എഫ്എസ്എസ്എഐ ഈ മാസം ആദ്യം ഇ-കൊമേഴ്‌സ് വെബ്‌സൈറ്റുകളോട് ആവശ്യപ്പെട്ടിരുന്നു.
ആരോഗ്യ പാനീയങ്ങൾ ഇന്ത്യയിലെ ഭക്ഷ്യ നിയമങ്ങളിൽ നിർവചിച്ചിട്ടില്ലാത്തതിനാലാണിത്. തെറ്റായ വാക്കുകളുടെ ഉപയോഗം ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുമെന്നും അതിനാൽ പരസ്യങ്ങൾ നീക്കം ചെയ്യാനോ തിരുത്താനോ വെബ്‌സൈറ്റുകളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും എഫ്എസ്എസ്എഐ അറിയിച്ചു. ഇൻഡസ്ട്രി മാർക്കറ്റ് റിസർച്ച് ആൻഡ് അഡ്വൈസറി സ്ഥാപനമായ ടെക്‌നാവിയോയുടെ അഭിപ്രായത്തിൽ, ഇന്ത്യയിലെ ആരോഗ്യ പാനീയങ്ങളുടെ വിപണി വിഹിതം 2026 ഓടെ 3.84 ബില്യൺ ഡോളർ വർദ്ധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
🔹വയനാട്ടില്‍ നിന്നും പിടിച്ചെടുത്ത കിറ്റുകള്‍ ക്ഷേത്രത്തിലേക്ക് വിതരണം ചെയ്യാനായി ഭക്തന്‍ തയ്യാറാക്കിയ കിറ്റുകളായിരുന്നെന്ന വിശദീകരണവുമായി എന്‍ ഡി എ സ്ഥാനാര്‍ത്ഥി കെ.സുരേന്ദ്രന്‍. വോട്ടര്‍മാര്‍ക്ക് വിതരണം ചെയ്യാനായി തയ്യാറാക്കിയതെന്ന് കരുതുന്ന കിറ്റുകള്‍ ഇന്നലെ രാത്രി ജില്ലയില്‍ രണ്ടിടങ്ങളില്‍ നിന്ന് പിടിച്ചെടുത്തിരുന്നു. ബത്തേരിയില്‍ കിറ്റുകള്‍ പിടിച്ചെടുത്തതിന് പിന്നാലെ ബി.ജെ.പിക്കെതിരെ എല്‍.ഡി.എഫും യു.ഡി.എഫും രംഗത്തെത്തിയിരുന്നു.
🔹ചെങ്ങന്നൂര്‍: വെണ്മണിയില് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ആത്മഹത്യ ചെയ്തു. വെണ്മണി പുന്തല ശ്രുതിലയത്തില്‍ ദീപ്തി(48)യാണ് കൊല്ലപ്പെട്ടത്. ഭര്‍ത്താവ് ഷാജി(59) തൂങ്ങിമരിച്ചു. ഇന്ന് രാവിലെ 6.30 ഓടെയായിരുന്നു സംഭവം. ദമ്പതികളുടെ മക്കളുടെ നിലവിളി കേട്ട് നാട്ടുകാര്‍ എത്തിയപ്പോഴാണ് സംഭവം പുറത്തറിയുന്നത്.കുടുംബ വഴക്കാണ് സംഭവത്തിന് കാരണമെന്ന് പറയുന്നു. പുലര്‍ച്ചെ ഇരുവരും തമ്മില്‍ ഉണ്ടായ തര്‍ക്കമാണ് കൊലപാതത്തിലേക്കും ആത്മഹത്യയിലേക്കും നയിച്ചത്. തര്‍ക്കത്തിനിടെ ഷാജി വെട്ടുകത്തി ഉപയോഗിച്ച് ദീപ്തിയുടെ തലയില്‍ വെട്ടുകയായിരുന്നു.
🔹വോട്ടിന് ബിജെപി പണം നല്‍കിയെന്ന ആരോപണവുമായി ഒളരി ശിവരാമപുരം കോളനിയിലെ ഓമന , ലീല എന്നിവര്‍ പരാതി നല്‍കി. പ്രദേശത്തെ ബിജെപി പ്രവര്‍ത്തകനായ സുഭാഷ് വീട്ടിലെത്തി പണം നല്‍കിയെന്നും പണം വേണ്ടെന്ന് പറഞ്ഞ് മടക്കിനല്‍കിയിട്ടും വാങ്ങിയില്ലെന്നും പരാതിക്കാര്‍ പറയുന്നു.
🔹മുംബൈ: മുംബൈയിലെ ആൻടോപ് ഹിൽ ഏരിയയിൽ രണ്ടു കുട്ടികളെ കാറിൽ മരിച്ച നിലയിൽ കണ്ടെത്തി. അഞ്ചും ഏഴും വയസുളള കുട്ടികളാണ് മരിച്ചത്. ഇന്നലെ രാത്രി കുട്ടികളെ കാണാനില്ലെന്ന് രക്ഷിതാക്കൾ ആൻടോപ് ഹിൽ പൊലീസിൽ പരാതി നൽകിയിരുന്നു. പൊലീസ് അന്വേഷണം നടത്തുന്നതിനിടയിലാണ് കുട്ടികളുടെ മൃതദേഹം കണ്ടെത്തുന്നത്.
ഇന്നലെ ഉച്ചയ്ക്ക് വീടിനു സമീപം കളിക്കാനിറങ്ങിയ കുട്ടികൾ വീട്ടിൽ തിരിച്ചെത്താത്തതോടെയാണ് രക്ഷിതാക്കൾ പരാതി നൽകിയത്. പിന്നാലെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ തെരച്ചിലിലാണ് കുട്ടികളുടെ മൃതദേഹം കണ്ടെത്തിയത്. പ്രദേശത്ത് ഉപേക്ഷിക്കപ്പെട്ട നിലയിലുണ്ടായിരുന്ന കാറിലായിരുന്നു കുട്ടികൾ. കാറിനകത്ത് അബദ്ധത്തിൽ പെട്ടു പോയ കുട്ടികൾ ശ്വാസം മുട്ടി മരിച്ചതാകാം എന്നാണ് പ്രാഥമിക നിഗമനം. കുട്ടികളുടെ ദേഹത്ത് പരിക്കേറ്റതിന്റെ പാടുകൾ ഒന്നുമില്ലെന്നും മരണത്തിൽ അസ്വഭാവികത ഇല്ലെന്നും പൊലീസ് വ്യക്തമാക്കി. സംഭവത്തിൽ അപകട മരണത്തിന് കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചു.
🔹ന്യൂഡല്‍ഹി: മുട്ടിന് പരിക്കേറ്റ മലയാളി ലോങ്ജമ്പ് താരം എം. ശ്രീശങ്കറിന്റെ ശസ്ത്രക്രിയ പൂര്‍ത്തിയായി. ഫ്രഞ്ച് ഡോക്ടര്‍ ബ്രൂണോ ഒലോറിയുടെ നേതൃത്വത്തില്‍ ദോഹയിലായിരുന്നു ശസ്ത്രക്രിയ. അധികം വൈകാതെ ഇന്ത്യയിലേക്ക് തിരിക്കുമെന്നാണ് വിവരം. ബെല്ലാരിയിലെ ജെ.എസ്.ഡബ്ല്യു. അക്കാദമിയിലായിരിക്കും തുടര്‍ന്നുള്ള ചികിത്സയും പരിശീലനവും.
കഴിഞ്ഞയാഴ്ച പരിശീലനത്തിനിടെ പരിക്കേറ്റ ശ്രീശങ്കര്‍ പാരീസ് ഒളിമ്പിക്‌സില്‍നിന്ന് പിന്മാറിയിരുന്നു. കഴിഞ്ഞവര്‍ഷം ഏഷ്യന്‍ അത്ലറ്റിക് മീറ്റില്‍ 8.37 മീറ്റര്‍ ചാടിക്കൊണ്ടാണ് യോഗ്യത ഉറപ്പിച്ചത്.
പരിക്കില്‍നിന്ന് വൈകാതെ തിരിച്ചുവരുമെന്ന് ശ്രീശങ്കര്‍ സാമൂഹികമാധ്യമങ്ങളിലൂടെ വ്യക്തമാക്കിയിരുന്നു.
🔹അടുക്കളയിലെ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് പട്ന ജംഗ്ഷന്‍ റെയില്‍വേ സ്റ്റേഷനു സമീപമുള്ള ഹോട്ടലിലുണ്ടായ തീപിടിത്തത്തില്‍ ആറു പേര്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. 20 ഓളം പേരെ കെട്ടിടത്തില്‍ നിന്ന് രക്ഷപ്പെടുത്തിയതായി പട്ന സീനിയര്‍ പൊലീസ് സൂപ്രണ്ട് രാജീവ് മിശ്ര പറഞ്ഞു. ഗോലാംബറിന് സമീപമുള്ള പാല്‍ ഹോട്ടലിലാണ് തീപിടിത്തമുണ്ടായതെന്നാണ് റിപ്പോര്‍ട്ട്.
🔹മുംബൈ: മഹാദേവ് ബെറ്റിങ് ആപ്പുമായി ബന്ധപ്പെട്ട കേസില്‍ നടി തമന്ന ഭാട്ടിയക്ക് പോലീസിന്റെ സമന്‍സ്. മഹാദേവ് ഓണ്‍ലൈന്‍ ഗെയിമിങ്ങിന്റെ അനുബന്ധ ആപ്പായ
‘ഫെയര്‍പ്ലേ’ ബെറ്റിങ് ആപ്പുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത കേസിലാണ് മഹാരാഷ്ട്ര സൈബര്‍ സെല്‍ നടിക്ക് സമന്‍സ് അയച്ചത്.
🔹ഐപിഎല്ലില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെ 35 റണ്‍സിന് തോല്‍പിച്ച് റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു. ആദ്യം ബാറ്റ് ചെയ്ത റോയല്‍ ചലഞ്ചേഴ്സ് 20 പന്തില്‍ 50 റണ്‍സെടുത്ത രജത് പട്ടിദാറിന്റേയും 51 റണ്‍സെടുത്ത വിരാട് കോലിയുടേയും മികവില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 206 റണ്‍സെടുത്തു. എന്നാല്‍ കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന ഹൈദരാബാദിന് 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 171 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു.
🔹ദിലീപ് ചിത്രം ‘പവി കെയര്‍ടേക്കറി’ലെ പുതിയ ഗാനം ശ്രദ്ധ നേടുന്നു. ‘പുലര്‍കാലെ പൂവിളികേട്ടു’ എന്ന ഗാനമാണ് പുറത്തുവിട്ടിരിക്കുന്നത്. വിജയ് യേശുദാസും നിത്യ മാമനും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. ഷിബു ചക്രവര്‍ത്തിയുടെ വരികള്‍ക്ക് മിഥുന്‍ മുകുന്ദന്‍ ആണ് സംഗീതം ഒരുക്കിയത്. വിനീത് കുമാറിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ചിത്രം നാളെയാണ് റിലീസ് ചെയ്യാനൊരുങ്ങുന്നത്. ഗ്രാന്‍ഡ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ദിലീപ് തന്നെയാണ് ചിത്രം നിര്‍മ്മിക്കുന്നത്. ജൂഹി ജയകുമാര്‍, ശ്രേയ രുഗ്മിണി, റോസ്മിന്‍, സ്വാതി, ദിലിന രാമകൃഷ്ണന്‍ തുടങ്ങീ അഞ്ച് നായികമാരാണ് ചിത്രത്തിലുള്ളത്. രാജേഷ് രാഘവനാണ് ചിത്രത്തിന് വേണ്ടി തിരക്കഥയൊരുക്കുന്നത്. ജോണി ആന്റണി, രാധിക ശരത്കുമാര്‍, ധര്‍മജന്‍ ബോള്‍ഗാട്ടി, സഫടികം ജോര്‍ജ്, അഭിഷേക് ജോസഫ്, മാസ്റ്റര്‍ ശ്രീപത്, ഷൈജു അടിമാലി, ദീപു പണിക്കര്‍, ഷാഹി കബീര്‍, ജിനു ബെന്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍.