അന്നെനിക്ക് 26 വയസ്സേ ഉള്ളെങ്കിലും എൻ്റെ സ്വപ്നങ്ങളൊക്കെയും വിദേശത്തായിരുന്നു. എങ്ങനേങ്കിലും ഗൾഫില് പോയി കോടീശ്വരനാവണമെന്ന ഒറ്റ ചിന്ത മാത്രം.
നാട്ടില് തല്ലിപ്പൊളി കൂട്ടും കൂടി പണിക്കും പോവാതെ നടന്നാൽ നിനക്കാരും പെണ്ണ് തരൂല്ലാന്ന് അമ്മച്ചീടേ പീച്ചണിയും കൂടി ആയപ്പോൾ ഞാൻ നാട് വിടാൻ തന്നെ തീരുമാനിച്ചു.
കാര്യം ഞാൻ പോക്കിരി ആയിരുന്നെങ്കിലും എൻ്റെ അമ്മാവന് വല്യ കാര്യമായിരുന്ന് എന്നോട്. ഒരിക്കൽ അമ്മച്ചിയോട് എന്നെ പറ്റി പറയുന്നത് കേട്ട് എൻ്റെ കണ്ണീന്നും മൂക്കീന്നും മറ്റേ ആനന്ദ കണ്ണീര് തുള്ളിച്ചാടി പുറത്തേക്ക് വന്നു.
ഇവനെ ഇങ്ങനെ വിട്ടാൽ പറ്റൂല്ല, എത്രേം പെട്ടെന്ന് ദുബായിക്ക് കേറ്റി വിടണം. ലീവിന് വരുമ്പോൾ ഏതേലും കാശുള്ള വീട്ടിലെ പെണ്ണിനെ കൊണ്ട് കെട്ടിക്കേം ചെയ്യാം. ഈ അലവലാതി ഇവിടെ തെണ്ടി തിരിഞ്ഞ് നടന്നാൽ പിച്ചക്കാര് പോലും പെണ്ണ് തരൂല്ലാന്ന്!
ലക്ഷങ്ങൾ മുടക്കി ഫ്രീ വിസ എടുത്ത് ദുബായിലേക്ക് പോയത് ഒരു പാട് സ്വപ്നങ്ങൾ കണ്ടു കൊണ്ടായിരുന്നു.
അറബികള് മണ്ടന്മാരാണെന്നും, പെട്ടെന്ന് പറ്റിക്കാമെന്നും ഒക്കെ കണക്ക് കൂട്ടി ഫ്ലൈറ്റിലിരുന്ന് സമയം ചെലവഴിച്ചു.
ആദ്യമായ് ചെന്നത് അറബീടേ വീട്ടിലെ വാഷിംഗ് മെഷീൻ റിപ്പയർ ചെയ്യാനാണ്. ഓണാക്കി അല്പനേരത്തിന് ശേഷം തനിയെ നിക്കുന്നുമെന്നും, ഉള്ളീന്ന് കിലുങ്ങുന്ന ശബ്ദം വരുന്നുണ്ടെന്നുമൊക്കെ അറബീടെ ഡ്രൈവറാണ് പറഞ്ഞത്.
ഇലക്ട്രീഷ്യനാണെങ്കിലും വാഷിംഗ് മെഷീൻ്റെ പണിയൊന്നും ഇത് വരെ എടുത്തിട്ടില്ലായിരുന്നു. പക്ഷേ മുഖത്ത് ഗൗരവം വരുത്തി ടൂൾ ബോക്സിൽ നിന്ന് സ്ക്രൂ ഡ്രൈവറും പ്ലെയറുമൊക്കെ എടുത്ത് ചുമ്മാ ഒരു ഷോ കാണിച്ചു.
എന്തായാലും വന്നതല്ലേ കുറച്ച് നേരം അവിടേം ഇവിടേം അഴിച്ച് പറിച്ച് സമയം കളയാം. പോകാം നേരം ഇത് ശര്യാവത്തില്ല മോട്ടറ് കത്തി പോയതാണെന്ന് പറഞ്ഞ് കാശും മേടിച്ചോണ്ട് പോകാമെന്നുള്ള ഒരു പ്ലാനും തയ്യാറാക്കി വെച്ചു.
ഉൾഭാഗം അഴിച്ചപ്പോ ഞെട്ടിപ്പോയി ഉഗ്രനൊരു സ്വർണ്ണമാല. ജ്വല്ലറിക്കാരുടെ പരസ്യമാണ് ആദ്യം ഓർമ്മ വന്നത്, പണിക്കൂലി ഫ്രീ!
രണ്ട് പവന് മേലേ വരും, ഇതും പോക്കറ്റിലിട്ട് നൈസായിട്ട് മുങ്ങാം, പണിക്കൂലി തന്നാലും വേണ്ടന്ന് പറയാം, അല്ലേ മോശമല്ലേന്ന് ചിന്തിച്ച് കുമ്പിട്ട് മാല എടുത്ത് നോക്കുമ്പോൾ അതാ ഭിത്തിയിലിരിക്കുന്ന cctv എന്നെ നോക്കി പല്ലിളിച്ച് കാട്ടുന്നു!
പുല്ല്… ഇതാരാ ഇവിടെ കൊണ്ടേ വെച്ചേക്കുന്നത്? നാട്ടില് പെണ്ണുങ്ങള് അലക്കുന്നിടത്തും, കുളിക്കുന്നിടത്തുമൊക്കെ ചില വഷളമാര് cctv പോലേ നിക്കാറുണ്ട്. ഈ അറബീം അത്തരക്കാരനാണോ?
ഇതും അടിച്ച് മാറ്റി കൊണ്ട് പോയാൽ ദുബായി പോലീസിൻ്റെ കൈയ്യീന്ന് നല്ല കുമ്മനിടി കിട്ടും ഉറപ്പാ. നല്ല ഇടി നാട്ടീന്ന് കിട്ടും വെറുതെ ഫ്രീ വിസക്ക് വന്ന് കണ്ട കാട്ടറബീടേ ഇടി മേടിക്കേണ്ട കാര്യമുണ്ടോ!
മാലേം പൊക്കിപ്പിടിച്ചോണ്ട് ഞാൻ ഹാളിലേക്ക് പാഞ്ഞു. അജാനു ബാഹുബലീനേ പോലത്തെ അറബീം മറ്റേ ഡ്രൈവറ് അണ്ണനും കൂടി പുറത്തേക്ക് ഇറങ്ങുവാൻ തുടങ്ങുവായിരുന്നു.
എൻ്റെ കൈയ്യിലിരിക്കുന്ന സ്വർണ്ണ ചെയിൻ കണ്ട് അറബീടേ കണ്ണ് തിളങ്ങി…
ഐവ്വ…. പിന്നെ ഏതാണ്ടൊക്കെ അറബീല് മൂപ്പര് പെണാത്തുന്നുണ്ടായിരുന്നു.
സത്യസന്ധനായ കള്ളനെ പോലേ ഞാൻ നിന്ന് പരുങ്ങി, അങ്ങേരിനി അറബീല് തെറി വിളിച്ചതാണോ ആർക്കറിയാം.
കൂടേ നിന്ന മലയാളി ചേട്ടനാണ് കാര്യങ്ങൾ വിശദീകരിച്ച് തന്നത്. ഇവിടത്തെ അറബിച്ചീടേ മാലയായിരുന്നത്, രണ്ട് ദിവസം മുന്നേ ഇത് കാണാനില്ലെന്നും പറഞ്ഞ് എന്തൊക്കെ കോലാഹലമായിരുന്നു കാട്ടി കൂട്ടിയത്.
പുതിയതായ് വേലയ്ക്ക് വന്ന പെൺകൊച്ച് അടിച്ച് മാറ്റിയതാവും, അവള് മാത്രേ മാഡത്തിൻ്റെ മുറിയിൽ കയറാറുള്ളൂന്ന് പറഞ്ഞ് ആ പാവത്തിനെ ഇനി പറയാനൊന്നുമില്ല, തല്ലി ഇല്ലന്നേയുള്ളൂ.
സന്തോഷം കൊണ്ട് തുള്ളിച്ചാടിയ അറബി എന്നെ വന്ന് കെട്ടിപ്പിടിച്ചു. സ്വർണ്ണം കിട്ടിയതിലല്ല ഇന്നത്തെ കാലത്തും സത്യസന്തരായ ചെറുപ്പക്കാർ ഉണ്ടല്ലോന്ന് അറിഞ്ഞാണത്രേ മൂപ്പര് തുള്ളിച്ചാടിയതെന്ന്!
അറബി തൻ്റെ ഭാര്യയ്ക്ക് കൊണ്ട് പോയി ചെയിൻ കൊടുത്ത് തിരിച്ച് വന്നത് കൈ നിറയെ റിയാലുമായിട്ടാണ്….
റീയലി…. ഞാൻ ഞെട്ടിപ്പോയി, ആ സ്വർണ്ണം വിറ്റാൽ പോലും ഇത്രേം കാശ് കിട്ടൂല്ല, അടിച്ചാൻ കോളെന്ന് ഞാൻ മനസ്സിൽ പറഞ്ഞു.
ഇതൊന്നും വേണ്ട എന്ന് പറഞ്ഞാൽ ചിലപ്പോ അറബിക്ക് ഇഷ്ടപ്പെടില്ലെന്ന് കരുതി ഞാനത് പാവാത്താനെ പോലേ ഇരു കൈയ്യും നീട്ടി വാങ്ങി.
അന്നേരം കരഞ്ഞ് കലങ്ങിയ കണ്ണുമായ് ഒരു സുന്ദരിക്കൊച്ച് എന്നെ നോക്കി കൈകൂപ്പി കാണിച്ചു.
പോട്ടേ മോളേ അതൊക്കെ മറന്ന് കള ദൈവത്തിനെ പോലേ ഇവൻ വന്ന് നിന്നെ രക്ഷിച്ചില്ലേ ഇതാണ് നിമിത്തം! വേലക്കാരീനേ ആശ്വസിപ്പിക്കാനായ് ഡ്രൈവറ് ചേട്ടൻ പറഞ്ഞു.
കണ്ടാൽ രാജകുമാരീനെ പോലത്തെ ഒരു കൊച്ച്, വേലക്കാരി ആണെന്ന് ആരും പറയത്തില്ല.അതിൻ്റെ മുഖത്ത് നിന്ന് കണ്ണെടുക്കാൻ തോന്നുന്നുമില്ല.
അറബിയാണെങ്കിൽ അടുത്ത് നിന്ന് പോകുന്നുമില്ല!
സന്തോഷം കൊണ്ട് മതി മറന്ന അറബി മുതലാളിക്ക് എന്നെ എത്ര പുകഴ്ത്തിയിട്ടും മതിയാവുന്നില്ല. നിനക്ക് എന്താണ് വേണ്ടത് പറ പറ എന്ന് എന്നോട് ചോദിച്ചോണ്ടിരിക്കുവാ ആ പഹയൻ.
കുറേ നിർബന്ധിച്ചപ്പോൾ ഞാൻ നാണത്തോടേ മൊഴിഞ്ഞു ഇത് പോലൊരു പാവം പിടിച്ച പെണ്ണിന് ഒരു ജീവിതം കൊടുക്കണം എന്നാണ് എൻ്റെ ജീവിത അഭിലാഷമെന്നൊ ഞാനും വെച്ച് കാച്ചി കൊടുത്തു തക്കം നോക്കി.
അത് കേട്ടപ്പോ അറബി പറയാ… അള്ളാ റഹ്മത്ത് അള്ളാന്ന് ഒച്ചയിട്ടപ്പോൾ സത്യത്തിൽ ഞാനൊന്ന് കിടുങ്ങി, കള്ളാന്നാണ് ഞാനാദ്യം കേട്ടത്!
നീ ഭയക്കണ്ട അറബിക്ക് നിന്നെ ഒത്തിരി ഇഷ്ടമായെന്നാണ് പറഞ്ഞത്.
ആ സുന്ദരീടെ കൈ പിടിച്ച് എൻ്റെ ഉള്ളം കൈയ്യില് വെച്ച് തന്നിട്ട് പറഞ്ഞ അറബി ഭാഷ എനിക്ക് മനസ്സിലായി നിങ്ങളെ ദൈവം കാക്കട്ടേ എന്നായിരുന്നു.
പക്ഷേ ഉള്ളം കൈയ്യിൽ ചൂട് തട്ടിയപ്പോഴാണ് ഞാൻ കണ്ണ് തുറന്ന് നോക്കിയത്. തൊട്ട് മുന്നിൽ നിക്കുന്ന അമ്മച്ചീനേ കണ്ട് ഞാൻ ചോദിച്ചു നിങ്ങളെപ്പ വന്ന് ദുബായിക്ക്…
നല്ല ചൂടുള്ള ചായയാണ് കൈ പൊള്ളണ്ട, വേഗം എണീറ്റ് കുളിക്കാൻ നോക്കെടാ ചെക്കാന്ന്!
കുറച്ച് നേരം കൂടി കഴിഞ്ഞ് അമ്മച്ചി വന്നാ മതിയായിരുന്നു, ആ രാജകുമാരീനേം കെട്ടി ഫസ്റ്റ് നൈറ്റും ആഘോഷിക്കാമായിരുന്നു!