ഫിലഡൽഫിയ: സെന്റ് തോമസ് സീറോമലബാർ പള്ളിയിലെ മതബോധനസ്‌കൂൾ കുട്ടികളുടെ നേതൃത്വത്തിൽ തയാറാക്കിയ സി.സി.ഡി. ഈയർബുക്ക് പ്രകാശനം ചെയ്തു. വിശ്വാസപരിശീലന ക്ലാസുകളിലൂടെ കുട്ടികൾക്കു ലഭിച്ച അറിവുകളും, ദൈവദത്തമായ കഴിവുകളും സമന്വയിപ്പിച്ച് ഹൈസ്‌കൂൾ സീനിയർ കുട്ടികൾ തയാറാക്കിയ ഈയർബുക്ക് പുതുമകൾ നിറഞ്ഞതായിരുന്നു. ബൈബിളിലെ പ്രധാനപ്പെട്ട ആശയങ്ങളും, കഥകളും, സഭാപഠനങ്ങളും, കൊച്ചുകൊച്ചു പ്രാർത്ഥനകളും, വിശുദ്ധരുടെ ജീവിതസാക്ഷ്യങ്ങളും അവർ വരകളായും, കൊച്ചുകൊച്ചു കവിതകളായും, ലേഖനങ്ങളായും, സി.സി.ഡി പ്രോഗ്രാമുകളുടെ ചിത്രങ്ങളായും അതിൽ പലവർണങ്ങളിൽ കോറിയിട്ടു.
ജൂൺ 9 ഞായറാഴ്ച്ച ദിവ്യബലിക്കുശേഷം കൈക്കാരന്മാരായ ജോജി ചെറുവേലിൽ, ജോസ് തോമസ്, സജി സെബാസ്റ്റ്യൻ, ജെറി കുരുവിള, പോളച്ചൻ വറീദ്, സൺഡേ സ്‌കൂൾ പ്രിൻസിപ്പാൾ ജേക്കബ് ചാക്കോ, വൈസ് പ്രിൻസിപ്പാൾ ജോസ് മാളേയ്ക്കൽ, പി. ടി. എ. പ്രസിഡന്റ് ജോബി കൊച്ചുമുട്ടം, മതാധ്യാപകർ, മാതാപിതാക്കൾ എന്നിവരെ സാക്ഷിയാക്കി ഇടവക വികാരി റവ. ഡോ. ജോർജ് ദാനവേലിൽ സി.സി.ഡി. ഈയർബുക്ക് പ്രകാശനം ചെയ്‌തു. പുതുമകളേറെയുള്ള ഈയർബുക്ക് 2024 തയാറാക്കാൻ കഠിനാദ്ധ്വാനം ചെയ്‌ത സ്റ്റുഡൻ്റ് എഡിറ്റർമാരായ ബ്രിയാന കൊച്ചുമുട്ടം, ഹാന്നാ ജെയിംസ്, ജയ്ക്ക് ബെന്നി എന്നിവരെയും സ്റ്റാഫ് എഡിറ്ററായി നേതൃത്വം നൽകിയ മതാധ്യാപകൻ ജോസ് മാളേയ്ക്കലിനെയും ഫാ. ദാനവേലിൽ അഭിനന്ദിക്കുകയും, പ്രശംസാഫലകങ്ങൾ സമ്മാനിച്ച് തദവസരത്തിൽ ആദരിക്കുകയും ചെയ്തു.
മതബോധനസ്‌കൂൾ പി ടി എ മുൻകൈ എടുത്തു തയാറാക്കിയ ഈയർബുക്ക് 2024 എഡിറ്റോറിയൽ കമ്മിറ്റിയിൽ എഡിറ്റർമാരോടൊപ്പം സി.സി.ഡി കുട്ടികളായ അലൻ ജോസഫ്, ഗ്ലോറിയ സന്തോഷ്, സാവിയോ സെബാസ്റ്റ്യൻ, സ്വപ്‌ന കളപറംബത്ത്, പി. ടി. എ. ഭാരവാഹികളായ ജോബി കൊച്ചുമുട്ടം, പ്രീതി സിറിയക്ക്, ഗീത ജോസ്, ഷോണിമ മാറാട്ടിൽ, മൈക്ക് കട്ടിപാറ, മതാധ്യാപകരായ ജോസഫ് ജയിംസ്, ജോസ് തോമസ്, ജയിൻ സന്തോഷ്, ലീനാ ജോസഫ് എന്നിവർ ഈയർബുക്ക് മനോഹരമാക്കുന്നതിൽ സഹായികളായി.
ഫോട്ടോ: ജോസ് തോമസ്